ഭീമ -കൊറേഗാവിലുണ്ടായ അക്രമസംഭവങ്ങളിലേക്ക് നയിച്ചത് പൂനെയിലെ എല്‍ഗാര്‍ പരിഷത്തില്‍ നടന്ന ഗൂഡാലോചനയാണെന്ന കേസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ എം.ടി ഹാനി ബാബു ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കഴിഞ്ഞ ദിവസം സമ്മന്‍സ് അയച്ചിരുന്നു. ഇന്ന് സൗത്ത് മുംബൈയിലെ എന്‍ഐഎ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഡല്‍ഹിക്കടുത്ത് നോയ്ഡയില് താമസിക്കുന്ന ഹാനി ബാബുവിനോട് ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ മുംബൈയിലേക്കുള്ള യാത്ര വളരെ സങ്കീര്‍ണമാണെന്നാണ് പ്രഫ. ഹാനി ബാബു അഴിമുഖത്തോട് പറഞ്ഞത്. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ പ്രൊഫ. ഹാനി ബാബുവിന്റെ വീട്ടില്‍ പൂനെ പോലീസ് റെയ്ഡ് നടത്തി ലാപ്ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ എടുത്തു കൊണ്ടു പോയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. അതിനുശേഷം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ ഗൗതം നവ്ലാഖ, ആക്റ്റിവിസ്റ്റും അക്കാദഡമിഷനുമായ ആനന്ദ് തെല്‍തുംബ്ദെ തുടങ്ങി 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഹാനി ബാബുവുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍
?എപ്പോഴാണ് താങ്കള്‍ക്ക് എന്‍ഐഎയുടെ സമ്മന്‍സ് ലഭിച്ചത്
ഇത് രണ്ടു ദിവസം മുമ്ബാണ് വന്നത്, 11ാം തിയ്യതി.
? സമ്മന്‍സ് നേരിട്ട് കൊണ്ടുവന്നു തരികയായിരുന്നോ
അതെ, അത് ഇവിടത്തെ ലോക്കല്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥന് നേരിട്ട് വീട്ടില്‍ കൊണ്ടുവന്നു തരികയായിരുന്നു.
? താങ്കള്‍ സാക്ഷിയായി ഹാജരാവണം എന്നാണോ സമ്മന്സില് പറഞ്ഞിട്ടുള്ളത്
ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുള്ള ഒരു സെക്ഷന്‍ അതാണല്ലോ, സി.ആര്.പി.സി 160 ആണ് അതിന്റെ സെക്ഷന്‍. അത് സാക്ഷികളെ വിളിപ്പിക്കാന്‍, അല്ലെങ്കില്‍ എന്തുമാവാം. അവര്‍ക്ക് സാധാരണ ആളുകളെ വിളിപ്പിക്കണമെങ്കില്‍ ആ സെക്ഷനാണ് ഉപയോഗിക്കുക. സംശയമുള്ളവരെ വിളിപ്പിക്കാനും അതുതന്നെയാണ് ഉപയോഗിക്കുക. വിളിച്ച് ചോദ്യം ചെയ്തിട്ട് ഇയാളാണൊ പ്രതി എന്ന് അറിയാമല്ലോ അവര്‍ക്ക്. അത്രയെയുള്ളു. പ്രതിയാണ് എന്ന് അറിയാമെങ്കില്‍ പോയി അറസ്റ്റ് ചെയ്യാം, അല്ലെങ്കില്‍ വിളിപ്പിക്കാം. ഈ രണ്ട് രീതിയാണ്.
? താങ്കളെ ഏതു നിലക്കാണ് ഈ കേസില്‍ എന്‍.ഐ.എ 'സാക്ഷി' എന്ന് പരാമര്‍ശിക്കുന്നത്
അത് അറിഞ്ഞ് കൂട. അവര്‍ ഇപ്പോള്‍ നമ്മുടെ കൈയ്യില്‍ നിന്ന് സാധനങ്ങള്‍ കൊണ്ട് പോയിട്ടുണ്ടല്ലോ. അതിന്റെ ബലത്തില്‍ ആവാം. കൂടാതെ, വേറെ പലരേയും വിളിപ്പിച്ചിട്ടുണ്ട്. അപ്പോള്‍, അതിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് വിശ്വസിക്കുന്നത്. പിന്നെ, അവര്‍ക്ക് എന്തൊ കുറ്റപത്രം ഫയല്‍ ചെയ്യാനുള്ള സമയമായിട്ടുണ്ട്. അപ്പോള്‍, അതുകൊണ്ട് അവര്‍ക്ക് അതിന്റെ കാര്യങ്ങള്‍ കാണിക്കാനുണ്ടാകും. അതിന്റെ ഭാഗമായിട്ട് വിളിപ്പിക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്.
? കേസിന്റെ സാഹചര്യങ്ങള്‍ താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ എന്ന് സമ്മന്സില് പറയുന്നുണ്ടല്ലോ. എന്തായിരിക്കും ഇത് കൊണ്ട് എന്‍ഐഎ ലക്ഷ്യമാക്കുന്നത്?
അതെ, അങ്ങനെയാണ് അവര്‍ പറയുന്നത്. നമുക്കൊന്നും അറിഞ്ഞ് കൂട. അവര്‍ പറഞ്ഞു വരുന്നതിനെ പറ്റി നമുക്കൊന്നും പറയാന്‍ പറ്റില്ല.
?നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് താങ്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നല്ലോ, അന്ന് പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈല്‍ ഫോണും തിരിച്ചുകിട്ടിയോ?
ഇല്ല. അതുമായി ബന്ധപ്പെട്ട് തന്നയാണ് ഇപ്പോഴത്തെ നടപടികള്‍. അത് കിട്ടിയിട്ടൊന്നുമില്ല. അത് അവരുടെ കൈയ്യില്‍ ഇരിക്കുകയാണല്ലോ, ചിലപ്പോള്‍ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിക്കാനായിരിക്കാം. നമുക്ക് അറിഞ്ഞുകൂട എന്താണ് എന്ന്. അതിനെ പറ്റിയൊന്നും പറയുന്നില്ല.
? അവ തിരിച്ച് ലഭിക്കാന്‍ താങ്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ശ്രമമുണ്ടായിരുന്നോ?
തിരിച്ച് കിട്ടാന്‍ കോടതി വഴി സമീപിക്കണം. പക്ഷെ, കോടതി വഴി സമീപിച്ചവര്‍ക്ക് തന്നെ അതിന്റെ ഒരു കോപ്പി കൊടുത്തിട്ട്, അത് തന്നെ മര്യാദയ്ക്കൊന്നുമായിരുന്നില്ല. സാധനങ്ങള്‍ ഒന്നും തിരിച്ചു തരില്ല. അതിന്റെ ഡോക്യുമെന്റ് കോപ്പി വേണമെങ്കില്‍ കൊടുക്കാമെന്ന് പറഞ്ഞിട്ട് അതും കൊടുത്തത് മര്യാദക്കൊന്നുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ പിന്നെ അതിന് മെനക്കെടാന്‍ ഒന്നും പോയില്ല. നമ്മള് വെറുതെ മെനക്കെട്ടിട്ട്, അന്ന് പൂനെയിലായിരുന്നു, ഇപ്പോഴാണ് ബോംബൈയിലേക്ക് മാറിയത്.
? എന്‍ഐഎ മുന്‍പാകെ ഹാജരാവാനാണോ സമ്മന്സില് പറയുന്നത്
അതെ
? മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ എങ്ങനെയാണ് താങ്കള്‍ അങ്ങോട്ടുള്ള യാത്ര പ്ലാന്‍ ചെയ്യുന്നത്.
അതൊന്നും അവര്‍ക്ക് (എന്‍ഐഎ) പ്രശ്നമല്ല എന്നുള്ളതാണ്. നാളെ (15ന്) മുംബൈയിലേക്ക് പോവുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ല.
? സമ്മന്‍സ് അനുസരിച്ച് എന്‍ഐഎ മുന്‍പാകെ ഹാജരാവാന്‍ തീരുമാനിച്ചോ
ഇല്ല, ഞാന്‍ ഇപ്പോള്‍ അവരുമായി കമ്മ്യൂണിക്കേറ്റ് ചെയിതുകൊണ്ടിരിക്കുകയാണ്. ഇന്നലെ, ഒരു ഇ-മെയില്‍ അയച്ചിരുന്നു. അതിന് മറുപടി ഒന്നും വന്നിട്ടില്ല. പിന്നെ, അവര്‍ തന്നിട്ടുള്ളത് ഒരു ഫാക്സ് നമ്ബറാണ്. ഇവിടെ ഫാക്സ് ചെയ്യാനുള്ള സംവിധാനമൊന്നും എവിടെയുമില്ല. ഞാനിപ്പോള്‍ ഫാക്സ് സംവിധാനം തേടി പുറത്ത് വന്നതാണ്. ഫാക്സ് ഒക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഡേറ്റായി കഴിഞ്ഞല്ലോ, ആരും ചെയ്യുന്ന സംഭവമല്ല. ഇനി ഇപ്പോള്‍ അറിഞ്ഞു കൂട എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന്. എന്‍ഐഎ മുംബൈ ഓഫീസിന്റെ സൈറ്റില്‍ കണ്ട ഒരു അഡ്രസിലേക്ക് മെയില്‍ ചെയ്തതാണ്. അത് അവര്‍ കണ്ടോ എന്നൊന്നും നമുക്ക് ഉറപ്പിക്കാനൊന്നും പറ്റില്ലല്ലോ. അതിലൊരു ഫോണ്‍ നമ്ബറുണ്ട്, അതില്‍ വിളിച്ച് പറയാന്‍ പറ്റുമോ എന്നൊന്നും അറിയില്ല. വക്കീലന്മാരോട് സംസാരിച്ച് കൊണ്ടിരിക്കുകയാണ്. ഇനി അവിടെ പോകുകയാണെങ്കില്‍ തന്നെ ഒരു അഭിഭാഷകന് കൂടെ ഉണ്ടാകുന്നത് നല്ലതാണ് എന്നാണ് എല്ലാവരും പറയുന്നത്. അപ്പോള്‍ ബോംബൈയില്‍ ഒരു വക്കീലിനെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.