TopTop
Begin typing your search above and press return to search.

നസീറുദ്ദീൻ ഷായുടേയും ഓം പുരിയുടേയും അധ്യാപകൻ - ഇന്ത്യൻ നാടകത്തെ നവീകരിച്ച ഇബ്രാഹിം അൽകാസി അന്തരിച്ചു, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ

നസീറുദ്ദീൻ ഷായുടേയും ഓം പുരിയുടേയും അധ്യാപകൻ - ഇന്ത്യൻ നാടകത്തെ നവീകരിച്ച ഇബ്രാഹിം അൽകാസി അന്തരിച്ചു, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ

ഇന്ത്യൻ തീയറ്റർ രംഗത്തെ നവീകരിച്ച നാടകസംവിധായകനും ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ മുൻ ഡയറക്ടറുമായ ഇബ്രാഹിം അൽകാസി അന്തരിച്ചു. 95 വയസ്സായിരുന്നു. ന്യൂഡൽഹിയിലെ എസ്കോർട്സ് ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലമാണ് അന്ത്യം. 1962 മുതൽ 77 വരെ നാഷൽ സ്കൂൾ ഓഫ് ഡ്രാമയുടെ (എൻഎസ്ഡി) ഡയറക്ടറായിരുന്നു. 1966ൽ പദ്മശ്രീയും 1991ൽ പദ്മ ഭൂഷണും 2010ൽ പദ്മവിഭൂഷണും നൽകി രാജ്യം ഇബ്രാഹിം അൽകാസിയെ ആദരിച്ചിരുന്നു. നസീറുദ്ദീൻ ഷാ, ഓം പുരി, വിജയ മേത്ത, രോഹിണി ഹട്ടംഗഡി തുടങ്ങിയ അഭിനേതാക്കൾ, ഹിന്ദി-പഞ്ചാബി നാടകകൃത്തും സംവിധായകനുമായ ബൽരാജ് പണ്ഡിറ്റ് ഉൾപ്പടെയുള്ള നാടക, സിനിമ രംഗത്തെ പ്രതിഭകൾ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അൽകാസിയുടെ വിദ്യാർത്ഥികളായിരുന്നു. മികച്ച നാടക സംവിധായകനുള്ള സംഗീത് നാടക് അക്കാഡമി പുരസ്കാരം 1962ൽ നേടി. സംഗീത് നാടക് അക്കാഡമി ഫെലോഷിപ്പ് പിന്നീട് നേടി.

ഗിരീഷ് കർണാഡിന്റെ തുഗ്ലക്ക്, മോഹൻ രാകേഷിന്റെ ആഷാഢ് കാ ഏക് ദിൻ, ധരംവീർ ഭാരതിയുടെ അന്ധായുഗ് തുടങ്ങി നിരവധി പ്രശസ്ത നാടകങ്ങൾ സംവിധാനം ചെയ്തു. 1940കളിലും 1950കളിലും മുംബൈയിലെ പ്രമുഖ തീയറ്റർ ആർട്ടിസ്റ്റായി അൽകാസി മാറിയിരുന്നു. 37ാം വയസ്സിലാണ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറായി ഡൽഹിയിലെത്തിയത്. എൻഎസ്ഡി ഡയറക്ടറായി 15 വർഷം പ്രവർത്തിച്ചു. ആധുനിക ഇന്ത്യൻ തീയറ്ററിനെ രൂപപ്പെടുത്തുന്നതിൽ അതുല്യമായ പങ്ക് വഹിച്ചു. പരമ്പരാഗത വാക്കുകളെ ആധുനികപദങ്ങളുമായി ബന്ധിപ്പിച്ചു. ബോംബെയിൽ പ്രവർത്തിക്കവേ ഗ്രീക്ക് നാടകങ്ങൾ, ഷേക്സ്പിയറിന്റേയും ഹെൻട്രിക് ഇബ്സന്റേയും ആന്റൺ ചെക്കോവിന്റേയും ഓഗസ്റ്റ് സ്ട്രിൻബർഗിന്റേയും മറ്റും കൃതികൾ തുടങ്ങിയവ ഉപയോഗിച്ചു. എൻഎസ്ഡി വിട്ടതിന് ശേഷം ന്യൂഡൽഹിയിൽ ഒരു ആർട്ട് ഗാലറി തുടങ്ങിയിരുന്നു. എം എഫ് ഹുസൈൻ അടക്കമുള്ളവരുമായി വലിയ അടുപ്പം പുലർത്തിയിരുന്നു. ബോംബെ പ്രോഗ്രസീവ് റൈറ്റേഴ്സ് ഗ്രൂപ്പുമായുള്ള ബന്ധമാണ് എം എഫ് ഹുസൈൻ, എഫ് എൻ സൂസ, അക്ബർ പദംസി തുടങ്ങിവരുമായുള്ള സൗഹൃദത്തിലേയ്ക്ക് നയിച്ചത്.

ഇബ്രാഹിം അൽക്കാസിയുടെ പിതാവ് സൗദി അറേബ്യക്കാരനും അമ്മ കുവൈറ്റുകാരിയുമാണ്. വ്യാപാരസംബന്ധമായാണ് പിതാവ് കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസമാക്കിയത്. പൂനെയിലാണ് അൽകാസിയും എട്ട് സഹോദരങ്ങളും വളർന്നത്. ഇന്ത്യാവിഭജനത്തിന് ശേഷം കുടുംബാംഗങ്ങളെല്ലാം പാകിസ്താനിലേയ്ക്ക് പോകാൻ തീരുമാനിച്ചപ്പോ ഇബ്രാഹിം അൽകാസി ഇന്ത്യയിൽ തന്നെ തുടർന്നു. ഫൈൻ ആർട്സിലും തീയറ്ററിലും ഒരുപോലെ തൽപരനായിരുന്ന ഇബ്രാഹിം അൽകാസിയുടെ വിദ്യാഭ്യാസം പൂനെയിലെ വിൻസെന്റ് ഹൈസ്കൂളിലും ബോംബെയിലെ സെന്റ് സേവ്യേഴ്സ് കോളേജിലുമായിട്ടായിരുന്നു. സുൽത്താൻ ബോബി പദംസിയുടെ തീയറ്റർ കമ്പനിയിൽ ചേർന്നാണ് നാടകരംഗത്തേയ്ക്ക് വരുന്നത്. 1940കളുടെ അവസാനം കലാപഠനത്തിനായി ലണ്ടനിലേയ്ക്ക് പോയിരുന്നു. റോയൽ അക്കാഡമി ഓഫ് ഡ്രമാറ്റിക്ക് ആർട്സിൽ ചേരാനാണ് ലണ്ടനിലേയ്ക്ക് പോയത്. ഇംഗ്ലീഷ് ഡ്രാമ ലീഗിന്റേയും ബിബിസിയുടേയും പുരസ്കാരങ്ങൾ ലഭിച്ചതിന് പിന്നാലെ നിരവധി അവസരങ്ങൾ ലണ്ടനിൽ അൽകാസിയെ തേടിയെത്തിയിരുന്നു. എന്നാൽ ഇതെല്ലാം നിരസിച്ചാണ് അദ്ദേഹം ഇന്ത്യയിലേയ്ക്ക് മടങ്ങിയതും ബോംബെയിൽ നാടകപ്രവർത്തനങ്ങളിൽ വീണ്ടും സജീവമായതും.

ഭാര്യ റോഷൻ അൽകാസിയാണ് ഇബ്രാഹിം അൽകാസിയുടെ നാടകങ്ങളുടെ വസ്ത്രാലങ്കാരം നിർവഹിച്ചിരുന്നത്. റോഷൻ 2007ൽ നിര്യാതയായിരുന്നു. നാടകസംവിധായകനായിരുന്ന മകൻ അമൻ അള്ളാനയുടെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറ്കടർ ആയിരുന്നു. മറ്റൊരു മകൻ ഫൈസൽ അൽകാസിയും നാടക സംവിധായകനാണ്.


Next Story

Related Stories