TopTop
Begin typing your search above and press return to search.

35 ശതമാനം കുട്ടികള്‍ക്കും വളര്‍ച്ചാ മുരടിപ്പുള്ള ഒരു രാജ്യത്തിരുന്നാണ് നാം ആഗോള ശക്തിയായെന്ന് വിളിച്ചു കൂവുന്നത്- എഡിറ്റോറിയല്‍

35 ശതമാനം കുട്ടികള്‍ക്കും വളര്‍ച്ചാ മുരടിപ്പുള്ള ഒരു രാജ്യത്തിരുന്നാണ് നാം ആഗോള ശക്തിയായെന്ന് വിളിച്ചു കൂവുന്നത്- എഡിറ്റോറിയല്‍

കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശ് പോലീസ് പവന്‍ ജയ്‌സ്വാള്‍ എന്ന ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ പേരില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കി എന്നതായിരുന്നു കാരണം. ജയ്‌സ്വാള്‍ ചെയ്ത കുറ്റം ഇതായിരുന്നു. ഉത്തര്‍ പ്രദേശിലെ മിര്‍സാപ്പൂര്‍ ജില്ലയിലുളള ഹിനുവാത ഗ്രാമത്തിലെ സിയൂര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി പുറംലോകത്തെ കാണിച്ചു. കുട്ടികള്‍ ഉപ്പു മാത്രം കൂട്ടി റൊട്ടി കഴിക്കുന്നതായിരുന്നു ആ ദൃശ്യങ്ങള്‍. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ യാഥാര്‍ത്ഥ്യം എന്താണ് എന്ന് വിളിച്ചു പറയുന്ന ആ ദൃശ്യം പുറത്തു വിട്ടതിനാണ് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ജയ്‌സ്വാളിനെതിരെ കേസെടുത്തത്.

'പുതിയ ഇന്ത്യ'യിലാണ് നാം ഇന്ന് ജീവിക്കുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നുവെന്നും ഇന്ത്യയുടെ ശബ്ദത്തിനായി ലോകം കാതോര്‍ത്തിരിക്കുന്നു എന്നുമൊക്കെയാണ് നമ്മുടെ അവകാശവാദം. ലോക ജനസംഖ്യയുടെ 17.71 ശതമാനം ജീവിക്കുന്നത് ഇന്ത്യയിലാണ്. ഇന്നലെ- ഒക്‌ടോബര്‍ എട്ട് വരെ- 137,0084,744 (137.84 കോടി) ആണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഇപ്പോഴുള്ളതിന്റെ ഇരട്ടി, അഞ്ചു ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭ്യമാകുകയും ചെയ്യേണ്ടതാണ്.

ഇനി മറ്റൊരു കണക്കു നോക്കാം. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം ഒരു കണക്ക് പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ കുട്ടികളുടേയും കൗമാരക്കാരുടേയും പോഷകാഹാര ലഭ്യത സംബന്ധിച്ചുള്ളതാണ് Comprehensive National Nutrition Survey എന്ന ആ പഠനം. ഞെട്ടിക്കുന്ന ചില കണക്കുകളാണ് സര്‍വെ മുന്നോട്ടുവയ്ക്കുന്നത്. സര്‍വെയിലെ പ്രധാന കണ്ടെത്തലുകള്‍ ഇതൊക്കെയാണ്: അഞ്ചു വയസില്‍ താഴെയുള്ള 35 ശതമാനം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണ്. 17 ശതമാനം കുട്ടികള്‍ അനാരോഗ്യമുള്ളവരാണ്, 33 ശതമാനം കുട്ടികള്‍ ഭാരക്കുറവുള്ളവരാണ്. വരള്‍ച്ച മുരടിച്ച കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് (37-42 ശതമാനം). ഏറ്റവും കുറവുള്ളത് ഗോവ, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളില്‍ (16-21 ശതമാനം). സര്‍വെയിലെ മറ്റൊരു കണ്ടെത്തല്‍ വളരെ പ്രധാനമാണ്. വരള്‍ച്ച മുരടിച്ച കുട്ടികളില്‍ 37 ശതമാനം പേര്‍ ഗ്രാമപ്രദേശങ്ങളിലും 27 ശതമാനം പേര്‍ നഗരമേഖലകളിലും ജീവിക്കുന്നവരാണ്. വരുമാനം കുറവുള്ള കുടുംബങ്ങളിലെ കുട്ടികളില്‍ 49 ശതമാനം പേരാണ് വരള്‍ച്ച മുരടിച്ചവരായി ഉള്ളത് എങ്കില്‍ 19 ശതമാനം മാത്രമാണ് വരള്‍ച്ച മുരടിച്ചവരായി സമ്പന്ന വിഭാഗത്തിലുള്ളത്.

സര്‍വെയില്‍ പറയുന്ന മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. 24 ശതമാനം കൗമാരക്കാര്‍ മെലിഞ്ഞ് ആരോഗ്യമില്ലാത്തവരാണ്, 4-8 ശതമാനം കൗരമാരക്കാര്‍ അധികഭാരവും പൊണ്ണത്തടിയും ഉള്ളവരാണ്. അതുപോലെ തന്നെ 10-19 വയസിനിടയിലുള്ള 10.4 ശതമാനം പേര്‍ പ്രമേഹ രോഗസാധ്യതയുള്ളവരാണ്. സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും ജീവിതശൈലിയുമാണ് ഇതിനു കാരണമായി സര്‍വെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇനി മറ്റൊരു കണക്ക് നോക്കം. 2018-ല്‍ 18 പേര്‍ കൂടി പട്ടികയില്‍ എത്തിയതോടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 119 ആയി. ഈ വര്‍ഷമാദ്യം ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഈ 119 പേരുടെ സമ്പത്ത് ഓരോ ദിവസവും 2200 കോടി വീതം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അതേ സമയത്ത്, 13.6 കോടി ഇന്ത്യക്കാര്‍ ഒരു നേരത്ത ആഹാരത്തിന് കഷ്ടപ്പെടുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.

അതുപേലെ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ Credit Suisse-ന്റെ 2018-ലെ ആഗോള സമ്പത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിലും ശ്രദ്ധേയമായ ചില കണക്കുകളുണ്ട്. ഇന്ത്യയിലെ സമ്പന്നരായ 10 ശതമാാനം പേരാണ് രാജ്യത്തെ ആകെയുള്ള സമ്പത്തിന്റെ 77.4 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് എന്നതാണ് അതില്‍ പ്രധാനം. അതിസമ്പന്നരായ ഒരു ശതമാനം പേരാണ് ആകെയുള്ള സമ്പത്തിന്റെ 51.5 ശതമാനവും കൈയടക്കിയിരിക്കുന്നത്. താഴേക്കിടയിലുള്ള 60 ശതമാനം ജനങ്ങള്‍ക്ക് ആകെയുള്ളത് സമ്പത്തിന്റെ 4.7 ശതമാനം മാത്രം. താഴേക്കിടയിലുള്ള 10 ശതമാനത്തിന് ആകെയുള്ള സമ്പത്ത് ദേശീയ സമ്പത്തിന്റെ 0.2 ശതമാനമാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിഭവ വിതരണത്തിലെ അന്തരം ഓരോ ദിവസവും വര്‍ധിച്ചു വരുന്നു എന്നാണ് കണക്കുകള്‍. ഇതിന് അനുസരിച്ച് അസമത്വത്തിന്റെ തോത് കൂടുന്നു എന്നും. ഗിനി കോഎഫിഷ്യന്റ് (വിഭവങ്ങളുടേയും സമ്പത്തിന്റെയും വിതരണത്തിലെ അന്തരത്തെക്കുറിച്ചുള്ള കണക്കുകള്‍ മുന്നോട്ടുവച്ച ഇറ്റാലിയന്‍ സ്റ്റാറ്റിറ്റിഷ്യനായ കൊറാഡോ ഗിനിയുടെ പേരില്‍ അറിയപ്പെടുന്നതാണ് വിഭവ വിതരണത്തെക്കുറിച്ചുള്ള അന്തരം സൂചിപ്പിക്കുന്ന Gini Coefficient). 2008-ല്‍ 81.2 ശതമാനം ആയിരുന്നു എങ്കില്‍ 2018-ല്‍ അത് 85.4 ശതമാനമായി വര്‍ധിച്ചു. അതായത്, ഓരോ വര്‍ഷവും വരുമാനത്തിലെ ഈ അന്തരം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് എന്നര്‍ത്ഥം.

ഇനി മറ്റു ചില കാര്യങ്ങള്‍ കൂടി നോക്കൂ. ഇന്ത്യന്‍ വിപണി തുറന്നു കൊടുത്ത, ആഗോളവത്ക്കരണ, ഉദാരവത്ക്കരണ നയങ്ങള്‍ സ്വീകരിച്ച 1990-കളില്‍ ഇന്ത്യയിലെ ആറു വയസില്‍ താഴെയുള്ള കുട്ടികളില്‍ 50 ശതമാനവും പോഷകാഹാരക്കുറവ് ഉള്ളവരായിരുന്നു. 2015-16ലെ ദേശീയ കുടുംബാരോഗ്യ സര്‍വെയുടെ കണക്ക് അനുസരിച്ച് ആറു വയസില്‍ താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പുള്ളവരുടെ എണ്ണം 38.4 ശതമാനാണ്. അതായത്, ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പ് ആരംഭിച്ച് രണ്ടു ദശകം പിന്നിടുമ്പോള്‍ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ ആകെ കുറവ് വരുത്താനായത് 12 ശതമാനത്തിന്റെ മാത്രം. അതില്‍ തന്നെ 1990-കളില്‍ ആരംഭിച്ച സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പ്രധാന പങ്കുമുണ്ട്.

ഇത് നേരിടാന്‍ നമുക്ക് പദ്ധതികള്‍ ഇല്ലാഞ്ഞിട്ടാണോ? അല്ല. 1974-ല്‍ ആരംഭിച്ച Integrated Child Development Services (ICDS) പദ്ധതി ലോകത്തിലെ തന്നെ ഏറ്റവുമാദ്യത്തെ പദ്ധതികളില്‍ ഒന്നായിരുന്നു. കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉതകുന്ന വിധത്തില്‍ പദ്ധതികള്‍ നടപ്പാക്കുക എന്ന ഈ പദ്ധതി അമേരിക്ക പോലുള്ള രാജ്യങ്ങള്‍ നടപ്പാക്കുന്നതിനും മുമ്പ് ഇന്ത്യയില്‍ നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതികള്‍ ശരിയായി നടക്കുന്നുണ്ടോ? ചില കണക്കുകള്‍ ഇതിന്റെ വാസ്തവം പറയും. 2015-16-ലെ കേന്ദ്ര ബജറ്റില്‍ ഐസിഡിഎസിനുള്ള ഫണ്ട് 15,584 കോടി രൂപ ആയിരുന്നെങ്കില്‍ അടുത്ത വര്‍ഷം ഇത് 9.6 ശതമാനം കുറച്ച് 14,862 കോടി രൂപ ആയി. 2018-ലെ ആഗോള വിശപ്പ് സൂചിക (Global Hunger Index) അനുസരിച്ച് 119 രാജ്യങ്ങളില്‍ 103 ആണ് ഇന്ത്യയുടെ സ്ഥാനം എന്നോര്‍ക്കണം. ദക്ഷിണേഷ്യയില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും പിന്നില്‍ മൂന്നാമതും.

ലോകത്തിലെ പോഷകാഹാക്കുറവുള്ള കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ ജീവിക്കുന്ന ഇന്ത്യയിലാണ് ഈ യാഥാര്‍ത്ഥ്യം എന്നോര്‍ക്കണം. കുട്ടികളിലെ തലച്ചോറിന്റെ വികാസം നടക്കുന്നത് 5-6 വയസിലാണ് എന്നാണ് കണക്കുകള്‍. ഭാവി തലമുറ എന്തായി തീരണം എന്നു തീരുമാനിക്കുന്ന പ്രായം. ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതാനത്തോളം ആറു വയസില്‍ താഴെയുള്ള കുട്ടികളാണ്. ആ കുട്ടികളില്‍ 35 ശതമാനവും വളള്‍ച്ചാ മുരടിപ്പ് ഉള്ളവരാണ് എന്നാണ് സര്‍ക്കാരിന്റെ തന്നെ പുതിയ കണക്കുകള്‍ പറയുന്നത്. മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ ഒക്കെത്തന്നെ മുന്നോട്ടു വയ്ക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഒപ്പം ചില ചോദ്യങ്ങളും. അതായത്, വരുമാന വിതരണത്തിലെ അന്തരമാണ് രാജ്യത്തെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം. ഈ ദരിദ്രരായ കുട്ടികളാണ് പോഷകാഹാരം ലഭിക്കാതെ, വരള്‍ച്ച മുരടിച്ച് ജീവിക്കേണ്ടി വരുന്നത്. അപ്പോള്‍ ചോദ്യം, ആരുടെ വികസനത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത് എന്നതാണ്. ഒരു ശതമാനം വരുന്ന അതി സമ്പന്നരുടെയോ? 10 ശതമാനം വരുന്ന സമ്പന്നരുടെയോ? അതോ 60 ശതമാനം വരുന്ന പാവപ്പെട്ടവരുടേയോ? ഇങ്ങനെയൊരു സാഹചര്യത്തില്‍ ജനാധിപത്യത്തിന് ഇവിടെ നിലനില്‍പ്പുണ്ടോ?


Next Story

Related Stories