TopTop
Begin typing your search above and press return to search.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണമാണ് മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം; ജെപിസി അന്വേഷണം അത്യാവശ്യമാണ്

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണമാണ് മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം; ജെപിസി അന്വേഷണം അത്യാവശ്യമാണ്

എഡിറ്റോറിയല്‍

കര്‍ണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. കോണ്‍ഗ്രസ്-ജെ.ഡി(എസ്)ന്റെ 17 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ താഴെപ്പോവുകയും ഉപതെരഞ്ഞെടുപ്പിന് നിര്‍ബന്ധിതമാവുകയുമായിരുന്നു. ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നായ ഹോസ്‌കോട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്, കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 17 എംഎല്‍എമാരില്‍ ഒരാളായ എംടിബി നാഗരാജാണ്. കോണ്‍ഗ്രസിന്റെ എംഎല്‍എ ആയിരുന്നു നാഗരാജ്. കഴിഞ്ഞ ആഴ്ച നാഗരാജ് തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ച വേളയില്‍ തന്റെ സ്വത്ത് സംബന്ധിച്ച് സത്യവാങ്മൂലവും നല്‍കി. 18 മാസങ്ങള്‍ക്കുള്ളില്‍ നാഗരാജിന്റെ ആസ്തി 185 കോടി രൂപ വര്‍ധിച്ച് അയാളുടെയും ഭാര്യയുടേയും കൂടിയുള്ള ആസ്തി 1200 കോടി രൂപയായിരിക്കുന്നു. ഓഗസ്റ്റ് മാസത്തില്‍ 53 തവണകളായി 75-90 ലക്ഷം വരെ വരുന്ന തുകകളായി 48.76 കോടി രൂപ നാഗരാജിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. തന്റെ ബിസിനസുകളില്‍ നിന്നും വാടകയിനത്തിലുമൊക്കെ കിട്ടിയ പണമാണ് ഇതെന്നാണ് നാഗരാജ് അവകാശപ്പെട്ടിട്ടുള്ളത്. ഓരോ എംഎല്‍എയ്ക്കും കൂറുമാറുന്നതിന് 100 കോടി രൂപയൊക്കെയാണ് ബിജെപി നല്‍കിയത് എന്ന കോണ്‍ഗ്രസ് ആരോപണം ഇവിടെ ഓര്‍ക്കുക.

ഇതിന് ഒരു മാസം മുമ്പാണ് കര്‍ണാടക ബിജെപി എംഎല്‍എമാരുടെ ഒരു കോര്‍ കമ്മിറ്റി യോഗത്തില്‍ വച്ച് മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പയുടേതായ ഒരു വീഡിയോ പുറത്തുവരുന്നത്. കോണ്‍ഗ്രസ്-ജെ.ഡി(എസ്) എംഎല്‍എമാരെ മുംബൈയില്‍ എത്തിച്ചതും അവരെ അവിടെ 'സൂക്ഷിച്ചതും' എല്ലാക്കാര്യങ്ങളും 'അറേഞ്ച്' ചെയ്തതുമൊക്കെ ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ നേരിട്ടാണ് എന്നായിരുന്നു യെദിയൂപ്പയുടെ പരാമര്‍ശം.

ഇനി പുതിയ വെളിപ്പെടുത്തലിലേക്ക് വരിക. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നിതിന്‍ സേത്തി, മലയാളത്തില്‍ അഴിമുഖവും ഇംഗ്ലീഷില്‍ ഹഫിംഗ്ടണ്‍ പോസ്റ്റും ഹിന്ദിയില്‍ ന്യൂസ് ലോണ്‍ട്രിയും വഴി പുറത്തുവിട്ട രേഖകള്‍ പ്രകാരം 2018-ലെ കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് 'പ്രത്യേക ജാലകം' (Special Window) തുറന്ന് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ഫണ്ടുകള്‍ സമാഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയെന്നതാണ് ആ രേഖകള്‍. 2018 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി സമാഹരിച്ച 222 കോടി രൂപയില്‍ ഭൂരിഭാഗവും പോയിരിക്കുന്നത് ബിജെപിയുടെ അക്കൗണ്ടിലേക്കാണ്. തൊട്ടടുത്ത മാസം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി വീണ്ടും 114.90 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വിതരണം ചെയ്തു. ഇതിനു പിന്നാലെ മെയ് മാസത്തിലും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വിതരണം ചെയ്തു. മെയ് മാസത്തിലായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ്.

2018 ജനുവരി 2-ന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് മാത്രമേ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറത്തിറക്കാനാവൂ. അതും ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്‌ടോബര്‍ എന്നിങ്ങനെ നാലു മാസങ്ങളിലായി പത്തു ദിവസം വീതമാണ് ബോണ്ടുകള്‍ ഇറക്കാനാകുക. പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം 30 ദിവസ പ്രത്യേക കാലാവധിയും ഇതിനായി നിശ്ചയിച്ചു. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ തെരഞ്ഞെടുപ്പുകള്‍ ബോണ്ടുകള്‍ പുറത്തിറക്കി. ഏപ്രിലിലും ഇത് ആവര്‍ത്തിച്ചു. പിന്നീടാണ് ഏപ്രില്‍ മൂന്നിനുള്ള ധനമന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടര്‍ വിജയ് കുമാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ബോണ്ടുകള്‍ ഇറക്കണമെങ്കില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും നിര്‍ദേശിക്കുന്നത്. എന്നാല്‍ ധനകാര്യ സെക്രട്ടി എസ്.സി ഗാര്‍ഗ് ഏപ്രില്‍ നാലിന് ഇക്കാര്യം തള്ളിക്കളഞ്ഞു കൊണ്ട് ഫയലില്‍ കുറിപ്പെഴുതി. ഇപ്പോള്‍ ഇറക്കുന്നത് 'സ്‌പെഷ്യല്‍ വിന്‍ഡോ' വഴിയാണെന്നും അതിനാല്‍ നിയമഭേദഗതി ആവശ്യമില്ലെന്നുമാണ് ഗാര്‍ഗ് പറയുന്നത്. എന്നാല്‍ ഏപ്രില്‍ 11-ന് ഇക്കാര്യം ആവര്‍ത്തിച്ചു കൊണ്ട് വിജയ് കുമാര്‍ വീണ്ടും ഫയല്‍ പുറപ്പെടുവിച്ചു. അതിലാണ് നിര്‍ണായകമായ ആ പരാമര്‍ശമുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിതരണത്തിനായി 10 ദിവസത്തേക്ക് 'സ്‌പെഷ്യല്‍ വിന്‍ഡോ' തുറക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി മാത്രമാണ് ഇത് അനുവദിക്കപ്പെട്ടിരിക്കുന്നതിനാല്‍ നിയമലംഘനമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആ ഫയല്‍. ഇക്കാര്യം അംഗീകരിച്ച ഗാര്‍ഗ് ആകട്ടെ, ഒരു കാര്യം കൂടി പറയുന്നുണ്ട്: "തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പണത്തിന് പകരമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനാണ് ഇത്തരമൊരു നിയമം". അതായത്, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയ അതേ ആശങ്ക.

എന്നാല്‍ പ്രത്യേക സാഹചര്യംം കണക്കിലെടുത്ത് മെയ് 1 മുതല്‍ 10 വരെ സ്‌പെഷ്യല്‍ വിന്‍ഡോ തുറക്കാവുന്നതാണെന്നും ഗാര്‍ഗ് രേഖപ്പെടുത്തിയതോടെ അരുണ്‍ ജയ്റ്റ്‌ലിയും ഇതില്‍ ഒപ്പുവച്ചു. തുടര്‍ന്ന് രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം നിയമസഭാ തെരഞ്ഞെടുപ്പായി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ട് വിജയ കുമാര്‍ വീണ്ടും ഫയല്‍ അയച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ മുമ്പ് ചെയ്തതു പോലെ 'സ്‌പെഷ്യല്‍ വിന്‍ഡോ' തുറക്കാവുന്നതാണെന്നുള്ള ഫയലില്‍ വകുപ്പ് സെക്രട്ടറിയും ജയ്റ്റ്‌ലിയും ഒപ്പുവച്ചു. നവംബര്‍ 1 മുതല്‍ 10 വരെ 180 കോടിയോളം രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഈ കാലയളവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളിലേക്ക് എത്തി.

അതായത്, എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് 'അജ്ഞാത'മായ കേന്ദ്രങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടുകള്‍ ലഭിക്കാനുള്ള പദ്ധതിയാണ് നടപ്പായത്. ഇത് ചെയ്തതാകട്ടെ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരവുമെന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനു തൊട്ടുമുമ്പ് റിസര്‍വ് ബാങ്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്കകള്‍ അവതരിപ്പിച്ചിരുന്നു. അക്കാര്യങ്ങള്‍ ഞങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുറത്തുവിട്ടിട്ടുണ്ട്.

റിസര്‍വ് ബാങ്ക്

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറത്തിറക്കണമെങ്കില്‍ റിസര്‍വ് ബാങ്ക് നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തണമായിരുന്നു. ഈ നിയമഭേദഗതി നടത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതാകട്ടെ, തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി പ്രഖ്യാപിക്കുന്ന ബജറ്റ് സമ്മേളനത്തിന് നാലു ദിവസം മുമ്പു മാത്രവും. തെരഞ്ഞെടുപ്പ് ബോണ്ടുകളും അവയ്ക്ക് വേണ്ടി റിസര്‍വ് ബാങ്ക് നിയമങ്ങളുടെ ഭേദഗതികളും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഈ നിയമ ഭേദഗതികള്‍ കള്ളപ്പണ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനും അതുവഴി ഇന്ത്യന്‍ രൂപയിലുള്ള വിശ്വാസം നഷ്ടപ്പടുത്തുന്നതിന് ഇടയാക്കുകയും ഇത്തരത്തിലൊരു നിയമഭേദഗതി റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമങ്ങളെ ദുര്‍ബലമാക്കുമെന്നുമായിരുന്നു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. അതിനൊപ്പം, മൂല്യവിനിയമ ശേഷിയുള്ള ഉപാധികള്‍, അതായത് പണം പുറത്തിറക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കുത്തകാധികാരം നഷ്ടപ്പെടുകയാണെന്നും ഈ മൂല്യവിനിമയ ഉപാധികള്‍ (ബോണ്ടുകള്‍) പണത്തിന് സമാനമായ രീതിയില്‍ ഉപയോഗിക്കപ്പെടാനും അതുവഴി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ബാങ്ക് നോട്ടുകളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതിലേക്കും വഴി വയ്ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ ഇതുകൊണ്ട് സുതാര്യമാകില്ല എന്നും മറിച്ചായിരിക്കും സംഭവിക്കുമെന്നും വ്യക്തമാക്കി റിസര്‍വ് ബാങ്ക് എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ റിസര്‍വ് ബാങ്ക് ഉന്നയിച്ച ആശങ്കകളൊന്നും സര്‍ക്കാരിനെ പിന്തിരിപ്പിച്ചില്ല. ഇത്തരമൊരു ആശങ്ക് റിസര്‍വ് ബാങ്ക് തന്നെ ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഏതൊരു സര്‍ക്കാരും ഈ പദ്ധതി നിര്‍ത്തിവയ്ക്കുകയാണ് ചെയ്യുക. എന്നാല്‍ റവന്യൂ സെക്രട്ടറിയായ ഹശ്മുഖ് ആദിയ ഇതിന് എഴുതിയ മറുപടിയുടെ ആദ്യവരിയിലുണ്ട് സര്‍ക്കാരിന്റെ സമീപനം: "തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രവര്‍ത്തനത്തെ പറ്റിയുള്ള വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് ശരിയായ രീതിയില്‍ മനസിലാക്കിയിട്ടില്ല എന്നാണ് കാണാന്‍ കഴിയുന്നത്" എന്നാണ് ആദിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. എന്തായാലും റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പുകള്‍ മറികടന്നു കൊണ്ട് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.

Read: Exclusive: കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകൾ മോദി സര്‍ക്കാര്‍ പുറത്തിറക്കിയത് റിസർവ് ബാങ്കിന്റെ എതിര്‍പ്പുകള്‍ മറികടന്ന് - രേഖകൾ പുറത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇതിനു തൊട്ടുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമവിരുദ്ധമായ വിദേശ ഫണ്ടിനെ മൂടി വയ്ക്കാനും ഒളിച്ചു കടത്താനും വഴിയൊരുക്കുമെന്നായിരുന്നു 2017 മെയില്‍ കമ്മീഷന്റെ മുന്നറിയിപ്പ്. കടലാസില്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ക്ക് ഇനി കള്ളപ്പണം തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് ഒഴുക്കാമെന്നും ഇതിന്റെ സ്രോതസ് വെളിപ്പെടുത്താതെ രക്ഷപെടാന്‍ കഴിയുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ബോണ്ടും ഫണ്ടിംഗിലെ സുതാര്യതയില്ലായ്മയും ഇല്ലാതാക്കുന്ന നിയമങ്ങള്‍ മാറ്റണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. സര്‍ക്കാര്‍ തങ്ങളുടെ തീരുമാനവുമായി മുന്നോട്ടു പോയി. അടുത്ത വര്‍ഷം ജനുവരിയില്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. ഇതിനു പിന്നാലെ 2018-ലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം നദിമുള്‍ ഹഖ്, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തെങ്കിലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടോ എന്നൊരു ചോദ്യമുന്നയിച്ചു. അന്ന് ധനകാര്യ സഹമന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണന്‍ ഇതിന് നല്‍കിയ മറുപടി: "തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട ഒരു ആശങ്കയും കമ്മീഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല" എന്നായിരുന്നു അത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിച്ചില്ല എന്നു മാത്രമല്ല, പാര്‍ലമെന്റില്‍ കള്ളം പറയുക കൂടിയായിരുന്നു സര്‍ക്കാര്‍ ചെയ്തത്.

Read: Exclusive: പാര്‍ലമെന്റില്‍ പറഞ്ഞത് നുണ; കമ്മീഷന്‍ എതിര്‍ത്തിട്ടും മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത് എങ്ങനെ?

തെരഞ്ഞെടുപ്പ് ബോണ്ട്‌

ട്രസ്റ്റുകള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്കൊക്കെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്ര തുകയുടെ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി കൈമാറാം. ഈ ബോണ്ടുകള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തുക കൈപ്പറ്റാം എന്നതാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൈപ്പറ്റിയ ആള്‍ തന്നെയായിരിക്കണമെന്നില്ല ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്. അത് ആര്‍ക്കും മറിച്ചു നല്‍കാം. അങ്ങനെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളിലേക്ക് ആരുടേതെന്നു പോലും അറിയാത്ത കോടിക്കണക്കിന് പണം വന്നു ചേരും. കള്ളപ്പണം വെളുപ്പിക്കാനും അഴിമതിയിലൂടെ ഉണ്ടാക്കുന്ന പണത്തിന്റെ ഒരു ഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാനുമൊക്കെ വഴി വയ്ക്കുന്ന വന്‍ കുംഭകോണമാണിത്. ബാങ്കിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രമേ ഫണ്ട് ആരാണ് നല്‍കിയത് എന്ന അറിവുണ്ടാകൂ. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ലഭിച്ച തുക എത്രയെന്നല്ലാതെ ഉറവിടം വെളിപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധ്യതയില്ല. ഇത് ആര്‍ടിഐ നിയമത്തിന്റെ പരിധിയിലും വരില്ല.

ഇനി മറ്റൊരു വാര്‍ത്ത കൂടി കേള്‍ക്കുക. ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസമായ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്ത് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നടന്നിട്ടുള്ള പണം തട്ടിപ്പ് 95,700 കോടി രൂപയാണ്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപ. ഈ പണമൊക്കെ എവിടെ പോയി? ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍? ഈ പണത്തിന്റെ എത്രഭാഗം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളിലേക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ രൂപത്തില്‍ വന്നു ചേര്‍ന്നു? ഇതിന് ആ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പ്രത്യുപകാരം എന്തായിരിക്കും?

ഇന്ത്യന്‍ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് സമ്പ്രദായത്തെയും അട്ടിമറിക്കുന്ന വലിയൊരു കുംഭകോണമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, പാര്‍ലമെന്റ് എന്നിവയുടെ വിശ്വസ്യത തകര്‍ത്തു എന്നതിനു പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യത കൂടിയാണ് ഇതിലൂടെ ഇല്ലാതായിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. രേഖകള്‍ പ്രകാരം പുറത്തുവന്നിട്ടുള്ള തുകയും മറ്റും കണക്കാക്കുമ്പോള്‍ ഇതിന്റെ എത്രയോ മടങ്ങായിരിക്കും രേഖകളില്ലാതെയുള്ള ഇടപാടുകളിലൂടെ നടന്നിട്ടുണ്ടാവുക? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് ജനാധിപത്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. അവയുടെ അന്ത:സത്ത മുഴുവനായി അട്ടിമറിക്കപ്പെടുന്നതിന്റെ വലിയ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിനും വളരെ മുമ്പേ കോടതിയുടെ പരിഗണനയില്‍ വന്ന കേസാണ്. ജനാധിപത്യ സംവിധാനങ്ങളെ മുഴുവന്‍ തകര്‍ത്തെറിയുന്ന വിധത്തിലുള്ള ഒരു സംഭവമായിട്ടും അയോധ്യ പോലെ അടിയന്തര പ്രാധാന്യത്തോടെ ഈ കേസ് പരിഗണിക്കാനുള്ള പ്രാധാന്യം ജസ്റ്റിസ് ഗോഗോയി കണ്ടതുമില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ 'നിയമപരമായി കള്ളപ്പണം വെളുപ്പിക്കലാണെ'ന്നും ഇത് നിര്‍ത്തലാക്കണമെന്നും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അതു മാത്രം പോര. ഇപ്പോള്‍ ചോദ്യമുയര്‍ന്നിരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യതയ്ക്ക് നേര്‍ക്കു കൂടിയാണണ്. ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ ഒരു കുംഭകോണമാണോ ഇതെന്ന് അന്വേഷിക്കേണ്ടത് ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്.

2016 നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് കള്ളപ്പണം തടയലാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. അതിനു രണ്ടു വര്‍ഷത്തിനു ശേഷം കള്ളപ്പണം എങ്ങനെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ എത്തിക്കാമെന്നതിന് സര്‍ക്കാര്‍ തന്നെ വഴി തുറന്നു കൊടുത്തതാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍. ഇത്രയും വലിയ വൈരുധ്യം നിറഞ്ഞതാണ് ഇന്നത്തെ ഇന്ത്യ. ഏറെ പേടിപ്പെടുത്തുന്നതും.


Next Story

Related Stories