TopTop
Begin typing your search above and press return to search.

ഇന്ത്യ മുന്നോട്ടു പോവേണ്ടതുണ്ട് - എഡിറ്റോറിയല്‍

ഇന്ത്യ മുന്നോട്ടു പോവേണ്ടതുണ്ട് - എഡിറ്റോറിയല്‍

രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ ഇന്നലെ സുപ്രീം കോടതി സുപ്രധാനമായ വിധി പുറപ്പെടുവിക്കുകയുണ്ടായി. തര്‍ക്കത്തിലുണ്ടായിരുന്ന 2.77 ഏക്കര്‍ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു ട്രസ്റ്റ് രൂപീകരിക്കാനും മുസ്ലീങ്ങള്‍ക്ക് മോസ്‌ക് നിര്‍മിക്കാനായി അഞ്ചേക്കര്‍ ഭൂമി അയോധ്യയില്‍ മറ്റെവിടെയെങ്കിലും അനുവദിക്കാനുമായിരുന്നു വിധിയുടെ കാതല്‍.

ഈ ഭൂമി മൂന്നായി വീതം വയ്ക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരെ ഹര്‍ജി നല്‍കിയവരില്‍ നിര്‍മോഹി അഖാരയ്ക്ക് ഉടമസ്ഥാവകാശം ഇല്ലെന്ന് വ്യക്തമാക്കുകയും മറ്റു രണ്ടു കക്ഷികളായ രാംലല്ല വിരാജ്മാന്‍, സുന്നി കേന്ദ്ര വഖഫ് ബോര്‍ഡ് എന്നിവരുടെ വാദങ്ങള്‍ പരിഗണിക്കുകയും ചെയ്തു. തുടര്‍ന്ന് സുപ്രീം കോടതി ഇങ്ങനെ പറഞ്ഞു: "ഈ ഭൂമി വീതം വയ്ക്കുക എന്നത്, ഇതില്‍ ഏതെങ്കിലും വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്ക് ഉതകുന്നതോ സ്ഥിരമായ ശാന്തിയോ സമാധാനമോ നിലനിര്‍ത്താന്‍ പര്യാപ്തമോ അല്ല" .

പ്രധാനമന്ത്രിയും ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വിധിയെ സ്വാഗതം ചെയ്യുകയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിജയമായി ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിധിയെ ബഹുമാനിക്കുമ്പോള്‍ തന്നെ തങ്ങളതില്‍ തൃപ്തരല്ല എന്ന് ഓള്‍ ഇന്ത്യാ പേഴ്‌സണല്‍ ലോ ബോര്‍ഡ് വ്യക്തമാക്കുകയുണ്ടായി. എഐഎംഐഎം നേതാവും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി വിധിയെ ചോദ്യം ചെയ്യുകയും ബാബറി മസ്ജിദ് തകര്‍ത്തില്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു വിധിയുണ്ടാകുമായിരുന്നോ എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. വിധിയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സുപ്രീം കോടതി മുന്‍ ജഡ്ജി അശോക് ഗാംഗുലി ചെയ്തത്. അവിടെയുണ്ടായിരുന്ന 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് തകര്‍ത്തു എന്നത് സുപ്രീം കോടതി തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ 500 വര്‍ഷങ്ങള്‍ക്ക് ശേഷം എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക എന്നും ചോദിച്ചു. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിനു താഴെ ഒരു സ്ട്രക്ചര്‍ ഉണ്ടായിരുന്നു എന്നല്ലാതെ അത് അമ്പലമാണെന്ന് വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തില്‍ അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

സുപ്രീം കോടതി ഈ വിധി പറഞ്ഞിട്ട് 24 മണിക്കൂറുകള്‍ പിന്നിടുന്നു. കനത്ത സുരക്ഷയിലായിരുന്നു രാജ്യം. എന്നാല്‍ ഇതുവരെയും മോശം സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യം പതിയെ മുന്നോട്ടു നീങ്ങുകയാണ്. ഇതിനിടയില്‍, നിയമവിദഗ്ധരടക്കം സുപ്രീം കോടതി വിധിയില്‍ നിരവധി പാകപ്പിഴകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. 1949-ല്‍ രാമന്റെ വിഗ്രഹം പള്ളിയില്‍ പ്രതിഷ്ഠിച്ചതും 1992-ല്‍ 500 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ത്തതുമായ കാര്യങ്ങള്‍ തെളിവുകള്‍ സഹിതം മുന്നിലുണ്ടായിരിക്കുകയും ആ ചെയ്തികള്‍ തെറ്റാണെന്ന് സുപ്രീം കോടതി തന്നെ വിലയിരുത്തുകയും ചെയ്തിട്ട്, അതുവരെ ഒരു സമുദായത്തിന്റെ ആരാധനാലയം നിലനിന്നിരുന്ന സ്ഥലം മറ്റൊരു കൂട്ടര്‍ക്ക് ആരാധനാലയം നിര്‍മിക്കാന്‍ നല്‍കുന്നതും അടക്കമുള്ള വിഷയങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നാണ് മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഐക്യകണ്ഠമായാണ് വിധി പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ ഇതിന് എത്രത്തോളം നിലനില്‍പ്പുണ്ട് എന്നതും സംശയകരമാണ്.

ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്ന കാര്യം കോടതി ഇക്കാര്യത്തില്‍ മറ്റെന്ത് നിലപാട് സ്വീകരിക്കണമായിരുന്നു എന്നാണ്. അത്രയധികം ബുദ്ധിമുട്ട് നിറഞ്ഞ ഒന്നാണ് കോടതിക്ക് മുമ്പാകെ വന്നത്. അതുപോലെ തന്നെ കോടതിക്ക് ലക്ഷക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങളെയും മാനിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഈ സുപ്രീം കോടതി വിധി ഇന്ത്യയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യം നിറഞ്ഞ ഒന്നാണ് എന്നതില്‍ സംശയമില്ല. അതുപോലെ തന്നെ, ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ നേരിടുന്നവരില്‍ ഭരണകക്ഷിയുടെ പ്രമുഖരായ നേതാക്കള്‍- എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി അടക്കമുള്ളവര്‍- ഉണ്ട്. ഈ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ടതുമുണ്ട് എന്നതും വിധി സൂചിപ്പിക്കുന്നു.

ഈ ബുദ്ധിമുട്ട് ഏറിയ സമയത്ത്, സുപ്രീം കോടതിയുടെ ഈ വിധിന്യായം ഒരു പക്ഷേ രാജ്യത്തെ മുന്നോട്ടു നീങ്ങാന്‍ സഹായിച്ചേക്കാം. ബാബറി മസ്ജിദ് നിന്നയിടത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള മേല്‍നോട്ടങ്ങള്‍ക്ക് ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെയാണ് ഉത്തരവാദിത്തപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുത്വ ശക്തികളും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സങ്കുചിതവും യുദ്ധോത്സുകവുമായ എല്ലാ ലക്ഷണങ്ങളും ചേരുന്ന ഒരു കെട്ടിടം നിര്‍മിക്കുന്നതിനു പകരം, രാമന്റെ ഗുണഗണങ്ങളായി വാഴ്ത്തിപ്പാടുന്ന കാര്യങ്ങളെ മുന്നോട്ടുവയ്ക്കുന്ന ഒരു നിര്‍മിതിയായിരിക്കട്ടെ അവിടെ ഉയര്‍ന്നുവരുന്നത് എന്ന് നമുക്ക് പ്രത്യാശിക്കാം.

അതുപോലെ തന്ന, ഇതിനകം തന്നെ രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക വ്യവഹാരങ്ങളുടെ അരികുകളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടു കഴിഞ്ഞ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഇന്നലത്തെ വിധിയിലൂടെ നഷ്ടപ്പെട്ടു പോകില്ല എന്നും നമുക്ക് പ്രത്യാശിക്കാം. കാരണം, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പലവിധത്തിലും പിടിച്ചുകുലുക്കുകയും വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നത് പരിഗണിക്കുകയും ചെയ്യുമ്പോള്‍.

നമ്മുടെ രാജ്യത്തിന് മുന്നോട്ടു നീങ്ങേണ്ടതുണ്ട്.

കാരണം, കൂട്ടക്കുഴപ്പത്തിലാണ് നമ്മുടെ രാജ്യമിപ്പോള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള, അവര്‍ ഉത്തരവാദികളായ നിരവധി പ്രതിസന്ധികളില്‍ കൂടിയാണ് ഇന്ത്യ കടന്നുപോകുന്നത്. സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകര്‍ന്നു കിടക്കുന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം പിടിച്ചുവാങ്ങുകയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുകയുമാണ് ഈ വര്‍ഷം ചെയ്തതെങ്കില്‍ അടുത്ത വര്‍ഷം അവരെന്തായിരിക്കും ചെയ്യാന്‍ പോകുന്നത്? അത് ആലോചിക്കാന്‍ കൂടി കഴിയാത്ത പ്രതിസന്ധിയായിരിക്കും.

കാശ്മീര്‍? 70 ലക്ഷത്തോളം മനുഷ്യരെ തടങ്കലിലിട്ടും എല്ലാ ജനാധിപത്യാവകാശങ്ങളും നിഷേധിച്ചിട്ടും ഇപ്പോള്‍ നൂറു ദിവസമാകുന്നു. ഹേബിയസ് കോര്‍പസ് ഹര്‍ജികളോടു പോലും വലിയ താത്പര്യം കാണിക്കാത്ത സുപ്രീം കോടതിയുടെ നടപടിയും ഒരു ഭൂരിപക്ഷതാവാദ ഭരണകൂടത്തിന്റെ ദാക്ഷിണ്യമില്ലാത്ത മനോഭാവവും ഒക്കെച്ചേര്‍ന്ന് കാശ്മീരിലെ ജനങ്ങളുടെ മാത്രം ജീവിതമല്ല നരകമാക്കുന്നത്. ലോകത്തിനു മുന്നില്‍ തന്നെ നാം നാണംകെടുന്നുണ്ട്. കാശ്മീരിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം അവസാനിപ്പിച്ച് ആ ജനങ്ങളെ തടവറകളില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്.

അസമില്‍ മനുഷ്യര്‍ നേരിടുന്ന പ്രതിസന്ധി ഈ ആധുനിക കാലത്ത് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. അസമില്‍ നടപ്പാക്കിയ എന്‍ആര്‍സിയെ തുടര്‍ന്ന് 20 ലക്ഷത്തോളം ആളുകളുടെ ജീവിതമാണ് ചോദ്യചിഹ്‌നമായി നില്‍ക്കുന്നത്. അവിടുത്തെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ ഇതിനകം 24 പേര്‍ മരിച്ചു കഴിഞ്ഞു. രാജ്യം മുഴുവന്‍ ഇത്തരത്തില്‍ ജനങ്ങളുടെ രേഖകള്‍ പരിശോധിച്ച് 'അനര്‍ഹരായവ'രെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

വാട്‌സ്ആപ് സ്‌നൂപ്പിംഗ്? ഈ കാര്യത്തില്‍ ഒരു ഏകാധിപത്യ സര്‍ക്കാരിന്റെ എന്ന പോലുള്ള അജണ്ട പ്രവര്‍ത്തിക്കുന്നത് വളരെ വ്യക്തമാണ്. ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച് 200-ഓളം ആളുകള്‍- മാധ്യമ പ്രവത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും എഴുത്തുകാരും അടക്കം- സര്‍ക്കാരിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ വാട്‌സ്ആപ്പിന് നോട്ടീസ് അയയ്ക്കുന്നതിനു പകരം കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്. ഇതിന് സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ വിഷയത്തില്‍ സ്വമേധയാ ഇടപെടാനും രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താനും സുപ്രീം കോടതി ബാധ്യസ്ഥരാണ്. സര്‍ക്കാരിന്റെ അനുമതിയോടു കൂടി ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നതുപോലെ, അസാധാരണമായ വിധത്തില്‍, അനധികൃതമായ ഒരു നടപടിയാണ് നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.

ഇന്ത്യക്ക് മുന്നോട്ടു പോകേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകളില്‍ നേടുന്ന വലിയ വിജയങ്ങള്‍ ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിലേക്ക് വഴിമാറുന്നതിനെ തടയേണ്ടത് ജനാധിപത്യ രാജ്യത്തെ ജനങ്ങളാണ്. കാരണം, ഭരണകൂടത്തിന്റെ നിഴല്‍ നമ്മുടെ എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനുകളിലേക്കും - കോടതിയും മാധ്യമങ്ങളും അടക്കം - വ്യാപിക്കുന്നത് നാം കാണുന്നുണ്ട്.

ആള്‍ക്കൂട്ടമോ ഭൂരിപക്ഷവാദമോ എല്ലായ്‌പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ശക്തിയോ അലര്‍ച്ചകളോ ഭീഷണിയോ നീതിയെ നിശ്ചയിക്കുകയുമരുത്. അതുകൊണ്ടു തന്നെ ന്യായങ്ങളുണ്ടാകേണ്ടത് ഭയത്തിന്റെ നിഴലുകളില്‍ നിന്നാകരുത്.

Next Story

Related Stories