TopTop
Begin typing your search above and press return to search.

ഹുയാന്‍ സാങ്ങ് വന്ന് 1300 വര്‍ഷങ്ങള്‍ക്ക് ശേഷം സീ ജിന്‍പിംഗ് മഹാബലിപുരത്തെത്തുമ്പോള്‍- എഡിറ്റോറിയല്‍ 

ഹുയാന്‍ സാങ്ങ് വന്ന് 1300 വര്‍ഷങ്ങള്‍ക്ക് ശേഷം സീ ജിന്‍പിംഗ് മഹാബലിപുരത്തെത്തുമ്പോള്‍- എഡിറ്റോറിയല്‍ 

ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ ഇന്ത്യയിലെത്തുകയാണ്. ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കടലോര പട്ടണമായ മഹാബലിപുരത്തു വച്ചാണ് കൂടിക്കാഴ്ച. 2018 ഏപ്രിലില്‍ ചൈനയില്‍ ഹുവാനില്‍ സീയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ബാക്കിയായാണ് ഒക്‌ടോബര്‍ 11, 12 തീയതികളിലെ കൂടിക്കാഴ്ചയും നടക്കുക. അനൗദ്യോഗിക കൂടിക്കാഴ്ചയായിട്ടാണ് ഇതിനെ കണക്കാക്കുന്നത് എന്നതിനാല്‍ പ്രത്യേക അജണ്ടകള്‍ നിശ്ചയിച്ചിട്ടില്ല, അതിനാല്‍ സംയുക്ത പ്രസ്താവനയും ഉണ്ടായേക്കില്ല. അതേ സമയം, ഊര്‍ജം, വ്യാപാരം, അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച കാര്യങ്ങള്‍, തീവ്രവാദം, പ്രതിരോധ മേഖല തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്.

200 അംഗ പ്രതിനിധി സംഘമാണ് സീയ്‌ക്കൊപ്പം ഇന്ത്യയിലെത്തുന്നത്. നാളെ ഉച്ചകഴിഞ്ഞ് ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസിഡന്റും സംഘവും ഹോട്ടലില്‍ വിശ്രമിച്ചതിനു ശേഷം വൈകിട്ടോടെ മഹാബലിപുരത്തേക്ക് പോകും. ചൈനീസ് പ്രസിഡന്റിനെ വിമാനത്താവളം മുതല്‍ സ്വീകരിക്കുന്നതിനായി 7000-ത്തോളം വിദ്യാര്‍ത്ഥികളെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. 9,000 പോലീസുകാരാണ് ചെന്നൈയിലും മഹാബലിപുരത്തുമായി സുരക്ഷയൊരുക്കുക. ചൈനീസ് പ്രസിഡന്റിനൊപ്പം വിദേശകാര്യ മന്ത്രി വാങ് ലീയും ഇന്ത്യയിലെത്തുന്നുണ്ട്. മോദിക്ക് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ എന്നിവരാണ് മഹാബലിപുരത്തെത്തുക. 12-ന് ഉച്ചയോടു കൂടി ചൈനീസ് സംഘം തിരിച്ചു പോവുകയും ചെയ്യും.

കാശ്മീര്‍

മോദിയും സീയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കാശ്മീര്‍ പ്രശ്‌നം ഉയര്‍ന്നു വരുമോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയത്, തങ്ങള്‍ ഈ പ്രശ്‌നം ഉയര്‍ത്തില്ല, ഇനി ചൈനീസ് പ്രസിഡന്റിന് അറിയേണ്ടതുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിക്കും എന്നാണ്. കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണെങ്കിലും ഇന്നലെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യന്‍ നടപടിയെ ചൈന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വയും ബയ്ജിംഗിലെത്തി സീയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ കാശ്മീര്‍ വിഷയത്തില്‍ ഇരുകൂട്ടരും സംയുക്ത പ്രസ്താവനയും നടത്തി. "കാശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പാക്കിസ്ഥാന്‍ അവര്‍ക്കുള്ള ആശങ്കകളും നിലപാടും നിലവിലെ സാഹചര്യങ്ങളും ചൈനയെ അറിയിച്ചു. ജമ്മു-കാശ്മീരില്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കാശ്മീര്‍ വിഷയത്തിന് വലിയ ചരിത്രമുള്ളതിനാലും യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ക്ക് അനുസൃതമായും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും സമാധാനപരമായി പരിഹരിക്കണമെന്നാണ് ചൈനീസ് നിലപാട്" എന്നും ഇക്കാര്യത്തില്‍ ചൈന പ്രതികരിച്ചു. "പ്രശ്‌നങ്ങള്‍ വഷളാക്കുന്ന രീതിയില്‍ ഏതെങ്കിലും വിധത്തിലുള്ള ഏകപക്ഷീയ നടപടികളെ ചൈന എതിര്‍ക്കുന്നു. തുല്യതയോടെയും പരസ്പര വിശ്വാസത്തോടെയും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് നിലപാട് എന്നും ചൈന അറിയിച്ചു" എന്നാണ് സംയുക്ത പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും വ്യക്തമാക്കിയത്.ഇതിനു പുറമെ, "കാശ്മീര്‍ വിഷയം സൂക്ഷ്മമായി നോക്കുന്നുണ്ടെന്നും കാര്യങ്ങള്‍ വ്യക്തമാണെന്നും" ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ സീ പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്ത്യയെ ചൊടിപ്പിച്ചു. രൂക്ഷമായാണ് ഇന്നലെ ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. "കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വളരെ കൃത്യമാണ്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടതില്ല" എന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ തുറന്നടിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് സീയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത് എന്നതിനാല്‍ വിഷയം ഇരുരാജ്യങ്ങളം സംസാരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ഡോക്‌ലാമിലെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ 73 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് അയവുണ്ടായി അടുത്തു തന്നെയാണ് ഹുവാന്‍ കൂടിക്കാഴ്ച ഉണ്ടായത്. അതിനു ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല.

എന്തുകൊണ്ട് മഹാബലിപുരം

ദക്ഷിണേന്ത്യയും ചൈനയും തമ്മിലുള്ള സാംസ്‌കാരിക, വ്യാപാര ബന്ധത്തിന് 1400 കൊല്ലത്തോളം പഴക്കമുണ്ടെന്നാണ് ചരിത്രം. എ.ഡി 630-668 വരെ തമിഴ് ദേശം ഭരിച്ചിരുന്ന പല്ലവ രാജാവ് നരസിംഹവര്‍മന്‍ ഒന്നാമന്റെ സ്ഥാനപ്പേരാണ് 'മാമല്ലന്‍' അഥവാ 'മഹാനായ പോരാളി'. ഈ മാമല്ലന്‍ എന്ന പേരില്‍ നിന്നാണ് മാമല്ലപുരവും പിന്നീട് അത് മഹാബലിപുരവും ആയത്. ഈ പല്ലവ രാജാവിന്റെ കാലത്ത് ചൈനീസ് സഞ്ചാരിയും ബുദ്ധ സന്യാസിയുമായ ഹുയാന്‍ സാങ്ങ് കാഞ്ചീപുരം സന്ദര്‍ശിച്ചിരുന്നു. പിന്നീട് എ.ഡി 700-728 കാലഘട്ടത്തില്‍ ഭരിച്ചിരുന്ന നരസിംഹവര്‍മന്‍ രണ്ടാമന്റെ കാലത്തും പിന്നീട് വന്ന ചോളരാജവംശത്തിന്റെ കാലത്തും തമിഴ്‌നാട് തീരവും ചൈനയുമായി വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുന്നുണ്ട്. സീ 1999 മുതല്‍ 2002 വരെ ഗവര്‍ണറായിരുന്ന ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയും തമിഴ്‌നാടുമായി ദീര്‍ഘമായ ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഫുജിയാനിലെ കടലോര പട്ടണമായ Quanzhou-യില്‍ ചൈനയും ദക്ഷിണേന്ത്യയും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധത്തിന്റെ തെളിവുകള്‍ ഇപ്പോഴും നിലവിലുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ഇവിടെ നിന്ന് ഇന്ത്യന്‍ ക്ഷേത്ര മാതൃകകളുടെ അവശിഷ്ടങ്ങള്‍ ലഭിക്കുകയുണ്ടായി. ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും നിര്‍മിച്ച മഹാബലിപുരത്തെ ക്ഷേത്രങ്ങളുടെ മാതൃക ഇതില്‍ കാണാം. 1994-ല്‍ മാമല്ലപുരം ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു.

Quanzhou-യിലെ പ്രശസ്തമായ കൈയുവാന്‍ ക്ഷേത്രം ഹിന്ദു-ബുദ്ധിസ്റ്റ് മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ക്ഷേത്രം നശിച്ചു പോയെങ്കിലും ഇതിന്റെ അവശിഷ്ടങ്ങള്‍ Quanzhou-യിലെ ഓവര്‍സീസ് കമ്യൂണിക്കേഷന്‍ ഹിസ്റ്ററിയില്‍ സൂക്ഷിച്ചിട്ടുണ്ട്. "13-ാം നൂറ്റാണ്ടില്‍ തമിഴ് സംസാരിക്കുന്നവര്‍ ഹിന്ദു ദേവനായ ശിവന്റെ പേരില്‍ ഒരു ക്ഷേത്രം Quanzhou-ല്‍ നിര്‍മിച്ചിരുന്നു. ക്ഷേത്രം ഇന്ന് ഇല്ലാതായെങ്കിലും അതിന്റെ 300-ഓളം അവശിഷ്ടങ്ങള്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ആ അവശിഷ്ടങ്ങള്‍ അവയുടെ ദക്ഷിണേന്ത്യന്‍ മാതൃക കൊണ്ട് വിശിഷ്ടമാണ്. അതിന് 13-ാം നൂറ്റാണ്ടിലെ കാവേരി തടങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളുമായി സാമ്യമുണ്ട്. ഈ അവശിഷ്ടങ്ങളില്‍ ചൈനീസ്, തമിഴ് ലിപികളും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ നിന്ന് മനസിലാകുന്നത് 1281-ലാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്നാണ്" എന്ന് ചരിത്രകാരിയായ റിഷാ ലീ കൊളംബിയ സര്‍വകലാശാലയില്‍ സമര്‍പ്പിച്ച തന്റെ പ്രബന്ധത്തില്‍ പറയുന്നു.

അയല്‍രാജ്യങ്ങള്‍

ഇത്തരം കൂടിക്കാഴ്ചകള്‍ രാജ്യതലസ്ഥാനത്ത് മാത്രം നടത്തിയാല്‍ പോരെന്നും മറിച്ച് ഇന്ത്യയുടെ വിശാലതയും വൈവിധ്യവും ലോകത്തെ കാണിക്കുന്ന മാതൃകയില്‍ മറ്റ് സ്ഥലങ്ങളില്‍ വച്ച് വേണം നടത്താനെന്നുമുള്ള മോദിയുടെ തീരുമാനമാണ് മഹാബലിപുരം തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള നാടാണ് ഇന്ത്യ. രാജ്യമായി പിറവിയെടുക്കുന്നതിനു മുമ്പു തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡം അതിന്റെ വിശാലത കൊണ്ടും സാംസ്‌കാരിക തനിമ കൊണ്ടും വേറിട്ടു നില്‍ക്കുന്നതുമാണ്. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിടുമ്പോഴും ജനാധിപത്യ രാജ്യമായി ഇന്നും അതിനെയൊക്കെ പരിരക്ഷിക്കാന്‍ നമുക്ക് കഴിയുന്നുമുണ്ട്. ചൈന പോലെ ജനാധിപത്യമില്ലാത്ത ഒരു രാജ്യത്തെ ഭരണാധികാരി ഇന്ത്യയിലെത്തുമ്പോള്‍ നമ്മുടെ വൈവിധ്യവും നാനാത്വത്തിലെ ഏകത്വവും അദ്ദേഹത്തെ കാണിക്കാനാവുക എന്നതില്‍ നാം അഭിമാനിക്കേണ്ടതുമുണ്ട്.

മഹാബലിപുരം മറ്റൊരു പ്രത്യേകത കൂടിയുള്ള നാടാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒപ്പത്തിനൊപ്പം നൂറ്റാണ്ടുകളായി സമാധാനപരമായി കഴിയുന്ന നാടു കൂടിയാണ് അത്. ഈ മാതൃക ചൈനീസ് പ്രസിഡന്റിനെ കാണിച്ചു കൊടുക്കുമ്പോള്‍ തന്നെ ഇന്ന് ഇന്ത്യയില്‍ ആഴത്തില്‍ വേരോടിത്തുടങ്ങിയിട്ടുള്ള മറ്റുള്ളവരോടുള്ള വിരോധവും വെറുപ്പുമൊക്കെ മാറ്റുന്നതിനും ഭൂരിപക്ഷതാവാദം അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും വൈവിധ്യങ്ങളെ മാനിക്കാതിരിക്കുന്ന നടപടികളില്‍ നിന്ന് പിന്തിരിയാനും നമുക്കും കഴിയണം.

നമുക്ക് അയല്‍രാജ്യങ്ങളെ മാറ്റാനാകില്ല. അവയുമായി രമ്യതയില്‍ കഴിഞ്ഞാല്‍ മാത്രമേ നമ്മുടേയും ആ രാജ്യങ്ങളുടേയും പുരോഗതിയും അവിടെയുള്ള മനുഷ്യരുടെ ജീവിതം സമാധാനപൂര്‍ണവും ആവുകയുള്ളൂ. ചൈനയും പാക്കിസ്ഥാനും ബംഗ്ലാദേശും അടക്കമുള്ള അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നതു വഴി ഇന്ത്യയും പുരോഗതിയുടെ പാതയില്‍ മാത്രമേ സഞ്ചരിക്കൂ. യുദ്ധവും യുദ്ധവെറിയും വെറുപ്പും കൊണ്ട് ഒരു രാജ്യവും പുരോഗതി പ്രാപിച്ചിട്ടില്ല എന്ന പാഠവും നമ്മുടെ ഓര്‍മയില്‍ ഉണ്ടാവണം. അതുവഴി ചൈനയ്ക്കും ഭീകരതയെ കയറ്റിയയ്ക്കുന്ന പാക്കിസ്ഥാനുമൊക്കെ മാതൃകയാവാന്‍ ഇന്ത്യക്ക് സാധിക്കുകയും ചെയ്യും.


Next Story

Related Stories