TopTop
Begin typing your search above and press return to search.

മോദി ബാങ്കോക്കിലാണ്; RCEP ഇന്ത്യയെ കരകയറ്റുമോ അതോ നട്ടെല്ലൊടിക്കുമോ? - എഡിറ്റോറിയല്‍

മോദി ബാങ്കോക്കിലാണ്; RCEP ഇന്ത്യയെ കരകയറ്റുമോ അതോ നട്ടെല്ലൊടിക്കുമോ? - എഡിറ്റോറിയല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്കോക്കിലാണ്. Regional Comprehensive Economic Partnership (RCEP) കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും കരാറില്‍ ഒപ്പുവയ്ക്കുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കരാറില്‍ നാളെ, നവംബര്‍ 4-ന്, ഒപ്പുവയ്ക്കാനിരിക്കെ, അനുകൂലവും പ്രതികൂലവുമായ നിരവധി വാദങ്ങളും ഉയരുന്നുണ്ട്. ഇന്ത്യ വലിയൊരു വ്യാപാര കൂട്ടായ്മയുടെ ഭാഗമാകുന്നു എന്നും ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ടവരും പറയുമ്പോള്‍, നോട്ട് നിരോധനത്തിനും ജിഎസ്ടിക്കു ശേഷം രാജ്യം നേരിടാന്‍ പോകുന്ന വലിയ തിരിച്ചടിയാണ് RCEP എന്നും ഇത് ഇന്ത്യയിലെ കാര്‍ഷിക, ചെറുകിട ഉത്പാദന, നിര്‍മാണ മേഖലകളെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കാര്‍ഷിക സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നു.

എന്താണ് RCEP

ആസിയാന്‍ രാജ്യങ്ങള്‍ക്കും ആസിയാനുമായി ബന്ധപ്പെട്ട സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ള രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന വിധത്തിലുള്ള സമഗ്രവും ആധുനികവും ഗുണമേന്മയുള്ളതുമായ സാമ്പത്തിക പങ്കാളിത്തം എന്നതാണ് കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കരാറിന്റെ ഭാഗമാകുന്ന രാജ്യങ്ങള്‍ തമ്മില്‍ നികുതി വെട്ടിക്കുറച്ചും പൂര്‍ണമായി ഒഴിവാക്കിയും ഇറക്കുമതിയും കയറ്റുമതിയും നടത്തുക എന്നതാണ് കരാറിന്റെ കാതല്‍.

10 ആസിയാന്‍ രാജ്യങ്ങളായ കംബോഡിയ, ബ്രൂണെ, ഇന്‍ഡോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലണ്ട്, വിയറ്റ്‌നാമും ഈ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപര കരാറുകളുള്ള ഇന്ത്യ, ഓസ്‌ട്രേലിയ, ന്യുസിലാന്‍ഡ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ ആറു രാജ്യങ്ങളും ചേര്‍ന്ന് 2012-ല്‍ 21-ാം ആസിയാന്‍ ഉച്ചകോടിയുടെ സമയത്താണ് RCEP-ക്ക് രൂപം നല്‍കുന്നത്. അന്ന് ഭരിച്ചിരുന്ന രണ്ടാം യുപിഎ സര്‍ക്കാരായിരുന്നു കരാറുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.

നിലവിലുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ പകുതി വരുന്ന വിധത്തിലുള്ള ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയാകും RCEP നിലവില്‍ വന്നു കഴിഞ്ഞാല്‍. ലോക ജനസംഖ്യയുടെ പകുതിയോളം ഈ രാജ്യങ്ങളിലാണ്. ആഗോള ജിഡിപിയുടെ 39 ശതമാനം ജിഡിപി ഈ രാജ്യങ്ങളില്‍ നിന്നാകും. 2050-ഓടെ RCEP രാജ്യങ്ങളുടെ ജിഡിപി 250 ട്രില്യണ്‍ ഡോളര്‍ ആകും എന്നാണ് കണക്കുകൂട്ടുന്നത്.

കേന്ദ്ര വാണീജ്യമന്ത്രി പീയൂഷ് ഗോയല്‍ പറയുന്നത്, എല്ലാ വിധത്തിലും ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടു മാത്രമേ കരാറില്‍ ഒപ്പുവയ്ക്കൂ എന്നാണ്. വ്യവസായ മേഖല RCEP-യെ സ്വാഗതം ചെയ്യുന്നു, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌സ്‌റ്റൈല്‍ മേഖലയും കരാറിനെ സ്വാഗതം ചെയ്യുകയാണ്. അതേ സമയം, ചൈനയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില ആശങ്കകളെ തങ്ങള്‍ ദുരീകരിക്കുമെന്നും മന്ത്രി പറയുന്നു.

പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതിയുടെ ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പാണ്ടയെര്‍ പറയുന്നത്: "ഇപ്പോള്‍ തന്നെ ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കുന്നില്ല. ചുങ്കം ഇല്ലാതെ പാലും പാലുത്പന്നങ്ങളും വിത്തുമൊക്കെ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പുവച്ചാല്‍ അത് ഞങ്ങളുടെ കച്ചവടത്തിന്റെ അവസാനമായിരിക്കും. അവര്‍ കരിമ്പ് ഇറക്കുമതി ചെയ്താല്‍ ഞങ്ങള്‍ പഞ്ചസാര മില്ലുകള്‍ അടച്ചു പൂട്ടേണ്ടി വരും. അതുകൊണ്ടു തന്നെ ഇന്ത്യ ഈ കരാറില്‍ ഒപ്പുവയ്ക്കുന്നതിനെ ഞങ്ങള്‍ പൂര്‍ണമായി എതിര്‍ക്കുകയാണ്", എന്നാണ്.

കരാര്‍ ഒപ്പുവയ്ക്കുന്ന നവംബര്‍ നാലിന് വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. അതിനൊപ്പം, 250-ഓളം വരുന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും സമരത്തില്‍ അണി ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കരാറിനെതിരെ നവംബര്‍ അഞ്ചു മുതല്‍ 15 വരെ ദേശവ്യാപകമായി തന്നെ പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണകളും നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയുടെ വ്യാപാര കമ്മി

കരാര്‍ ഇന്ത്യക്ക് ഗുണകരമാണ് എന്നു പറയുമ്പോള്‍ തന്നെ ആസിയാന്‍ കരാര്‍ ഉള്‍പ്പെടെയുള്ളവ ഒപ്പുവച്ചതിനു ശേഷം ഇന്ത്യ നേരിടുന്ന വ്യാപാര കമ്മി ഈ അവകാശവാദം ശരിയല്ല എന്നാണ് തെളിയിക്കുന്നത്. ഇതിനകം തന്നെ ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി (ഇറക്കുമതി ചെയ്യുന്ന മൂല്യം കയറ്റുമതി ചെയ്യുന്ന മൂല്യത്തേക്കാള്‍ കൂടുതലായുള്ളത്) 2013-14ലെ 54 ബില്യണ്‍ ഡോളറില്‍ നിന്ന് 2018-19 ആയപ്പോള്‍ 105 ബില്യണ്‍ ഡോളര്‍ ആയിക്കഴിഞ്ഞു. അതായത്, ഇപ്പോള്‍ തന്നെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഒരു ഡംപിംഗ് യാര്‍ഡാണ് ഇന്ത്യ. ഇന്ത്യന്‍ കയറ്റുമതിയുടെ 20 ശതമാനമാണ് ഇപ്പോള്‍ ഈ രാജ്യങ്ങളിലേക്കുള്ളതെങ്കില്‍ ഈ രാജ്യങ്ങളില്‍ നിന്നാണ് ആകെ ഇറക്കുമതിയുടെ 33 ശതമാനവും വരുന്നത്.

കാര്‍ഷിക മേഖല

മഹാരാഷ്ട്രയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ദിവസം എട്ടു കര്‍ഷകര്‍ വീതം ആത്മഹത്യ ചെയ്തു എന്നാണ് വിവരാവകാശ പ്രവര്‍ത്തകനായ ഷക്കീല്‍ അഹമ്മദിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഫെബ്രവരി 28 വരെ 396 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ മാത്രം ആത്മഹത്യ ചെയ്തു. 2011-ലെ സെന്‍സസ് പറയുന്നത് ഒരു ദിവസം ഏകദേശം 2,000-ത്തോളം കര്‍ഷകര്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് തിരിയുന്നു എന്നാണ്. 2015-നു ശേഷമുള്ള കര്‍ഷക ആത്മഹത്യയുടെ കണക്ക് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. കഴിഞ്ഞ മാസം പുറത്തുവന്ന 2017-ലെ നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലും നേരത്തെ പുറത്തുവന്ന 2016-ലെ റിപ്പോര്‍ട്ടിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. 2015-ല്‍ 12,602 കര്‍ഷകരാണ് ഇന്ത്യയില്‍ ജീവനൊടുക്കിയത്.

ഇന്ത്യന്‍ കാര്‍ഷിക, പാലുത്പാദന, നിര്‍മാണ, ചെറുകിട വ്യവസായ മേഖലയെയായിരിക്കും RCEP കരാര്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുക എന്നതാണ് ഉയര്‍ന്നിട്ടുള്ള ആശങ്ക. എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യന്‍ വിപണിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയുടെ ഭാഗമായുള്ള ലോഹോത്പാദന മേഖലയില്‍ മാത്രം 10 ശതമാനം തീരുവ കുറച്ചതോടെ 1.4 ശതമാനമാണ് ഇറക്കുമതി കൂടിയത്. അതുപോലെ തന്നെയാണ് കുരുമുളക്, ഏലം, റബര്‍ തുടങ്ങിയവയുടെ അവസ്ഥയും. ഇപ്പോള്‍ തന്നെ ശ്രീലങ്കയില്‍ നിന്നും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുരുമുളക്, ഏലം ഇറക്കുമതി കേരളത്തിലെ കര്‍ഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. അതുപോലെ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള റബര്‍ ഇറക്കുമതിയും. RCEP കൂടി വരുന്നതോടെ വിയ്റ്റ്‌നാമില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള റബര്‍ ഇന്ത്യയില്‍ കുന്നുകൂടുകയും ആഭ്യന്തര ഉത്പാദന വിപണിയെ ഇത് സാരമായി ബാധിക്കുകയും ചെയ്യും. ഇന്‍ഡോനേഷ്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും നാളികേരം വരുന്നതോടെ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഒഡീഷ തുടങ്ങിയ സംസ്ഥാനളെ ഇത് വലിയ തോതില്‍ ബാധിക്കാനും സാധ്യതയുണ്ട്.

ഏറ്റവും വലിയ തിരിച്ചടിയുണ്ടാവാന്‍ പോകുന്നത് പാലുത്പാദന മേഖലയ്ക്കായിരിക്കും എന്നാണ് കാര്‍ഷിക സംഘടനകള്‍ അടക്കം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ കാര്‍ഷിക വിപണിയുടെയും ഗ്രാമങ്ങളിലെ മനുഷ്യരുടേയും ജീവിതത്തിന്റെ നട്ടെല്ലാണ് പാല്‍ ഉത്പാദനം. എന്നാല്‍ RCEP വരുന്നതോടെ ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലാന്‍ഡില്‍ നിന്നും വന്‍ തോതില്‍ പാലും പാല്‍ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെടും. ഇത് ഇന്ത്യയിലെ പാലുത്പാദന മേഖലയ്ക്കുണ്ടാക്കാന്‍ പോകുന്നത് വലിയ തിരിച്ചടിയാണ്. നോട്ട് നിരോധനം തകര്‍ത്ത അസംഘടിത മേഖല ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യവും പട്ടിണിയും കൂടിവരുന്നു. ഇതിന്റെ ഭാഗമായി സാമൂഹികാവസ്ഥയും മാറുന്നുണ്ട്. പുതിയ കരാറുകളും മറ്റും വരുന്നതോടെ ഇന്ത്യന്‍ ഗ്രാമീണ മേഖല പൂര്‍ണ തകര്‍ച്ചയിലെത്തുമെന്നാണ് മുന്നറിയിപ്പുകള്‍.

ചൈന

RCEP കരാറിന് വേണ്ടി ഏറ്റവുമധികം മുന്നിട്ടിറങ്ങിയ രാജ്യമാണ് ചൈന. ഇന്ത്യ പ്രധാനമായും ആശങ്കപ്പെടുന്നതും കരാറിന് ശേഷം ചൈനയുമായുള്ള കരാറിനെ കുറിച്ചാണ്. വൈദ്യുതിസംബന്ധമായ ഉപകരണങ്ങള്‍, പാത്രങ്ങള്‍, യന്ത്രോപകരണങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം, ഫൈബര്‍, ഫര്‍ണിച്ചര്‍ എന്നുവേണ്ട, ഇത്തരത്തില്‍ ചൈനയാണ് ഇന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. RCEP നിലവില്‍ വരുന്നതോടു കൂടി ഇന്ത്യന്‍ വിപണികള്‍ ഇതുപോലുള്ള ചൈനീസ് ഉത്പന്നങ്ങള്‍ കൊണ്ട് നിറയും എന്നതാണ് ആശങ്ക. അതായത്, നേരത്തെ പറഞ്ഞ, ആകെയുള്ള 105 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മിയില്‍ 53 ബില്യണ്‍ ഡോളറും ചൈനയുമായുള്ള വ്യാപാരത്തില്‍ നിന്നാണ്.

മഹാബലിപുരത്തുള്ള മോദി-ഷീ സിന്‍പിംഗ് കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇന്ത്യയിലേയും ചൈനയുമായി 129 ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിരുന്നു. പഞ്ചസാര, കെമിക്കല്‍സ്, മത്സ്യം, പ്ലാസ്റ്റിക്, ഫാര്‍മസ്യൂട്ടിക്കല്‍സ്, വളം തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാനുള്ള ധാരണാപത്രമാണിത്. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ചൈനീസ് കയറ്റുമതി വര്‍ധിച്ചു വരികയും ഇന്ത്യയുടെ വ്യാപാര കമ്മി കൂടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ഒത്തുതീര്‍പ്പ് എന്ന നിലയില്‍ കൂടിയാണ് ഇതുണ്ടായത്. കാരണം, സാങ്കേതികവിദ്യ, കാര്‍ഷിക മേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലയില്‍ ഇന്ത്യക്ക് കാര്യമായ ചൈനീസ് വിപണി ലഭിക്കുന്നില്ല. "ഒരു കാര്യം വ്യക്തമാക്കാനുള്ളത് ചൈന മന:പൂര്‍വം കയറ്റുമതി കൂട്ടാനുള്ള ഒന്നും ചെയ്യുന്നില്ല. ഇരുകൂട്ടര്‍ക്കും ഒരു പോലെ ഗുണകരമായ വിധത്തിലുള്ള വ്യാപാരമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്" എന്ന് ഫിക്കി സംഘടിപ്പിച്ച ഇന്ത്യാ-ചൈന ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ വച്ച് ചൈനീസ് എംബസിയിലെ കൗണ്‍സിലര്‍ സു ഷിയാഹോംഗ് വ്യക്തമാക്കി. തങ്ങള്‍ ഒത്തുതീര്‍പ്പിന് തയാറാണ് എന്നതിന്റെ സൂചനയായി അവര്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടി. 2019-ന്റെ ആദ്യ എട്ടുമാസങ്ങളില്‍ ഇന്ത്യയുമായുള്ള ചൈനയുടെ വ്യാപാരമിച്ചം 1.6 ശതമാനം കുറഞ്ഞ് 37.9 ബില്യണ്‍ ഡോളറായി എന്നതായിരുന്നു അത്.

എന്നാല്‍ ഇതെത്ര കണ്ട് വിശ്വസിക്കാനും നടപ്പാക്കാനും സാധിക്കുമെന്നത് സംബന്ധിച്ച് സംശയമുണ്ട്. കാരണം 2017-ലെ നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം മുകളില്‍ പറഞ്ഞതുപോലെയല്ല ചൈനയുമായുള്ള വ്യാപാരം എന്നു തന്നെയാണ്. 2010-ലെ ചൈന - ആസിയാന്‍ (ആറു രാജ്യങ്ങള്‍) രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനു ശേഷം ആറു വര്‍ഷത്തിനുള്ളില്‍- 2016-ല്‍, ഈ രാജ്യങ്ങള്‍ ചൈനയുമായി നടത്തുന്ന വ്യാപാരത്തിന്റെ മൂല്യം 53 ബില്യണ്‍ ഡോളര്‍ മിച്ചമുണ്ടായിരുന്നിടത്ത് നിന്ന് 54 ബില്യണ്‍ ഡോളര്‍ കമ്മിയായി കുറഞ്ഞു എന്നതാണ് അത്. ഇന്ത്യക്കുള്ള വലിയൊരു മുന്നറിയിപ്പ് കൂടിയാണ് അത്.

ഇന്ത്യന്‍ സാമ്പത്തിക മേഖല

ഇന്ത്യന്‍ സാഹചര്യങ്ങള്‍ തന്നെയാണ് ഇവിടെ പരിഗണിക്കേണ്ട പ്രധാന കാര്യം. 45 വര്‍ഷത്തിനിടെയില്‍ ഏറ്റവും രൂക്ഷമാണ് തൊഴിലില്ലായ്മ. വളര്‍ച്ചാ നിരക്ക് ആകട്ടെ അഞ്ചു ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. സര്‍വ മേഖലയിലും മാന്ദ്യം അനുഭവപ്പെടുന്നു. ഇന്ത്യയുടെ നിര്‍മാണ മേഖല സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്‌ടോബറില്‍ വീണ്ടും ഇടിഞ്ഞു എന്ന വാര്‍ത്ത പുറത്തു വരുന്ന സമയത്തു കൂടിയാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നത്. തൊഴില്‍ - നിര്‍മാണ - വിപണന സൂചിക (Headline Manufacturing PMI) സെപ്റ്റംബറില്‍ 51.4 ആയിരുന്നെങ്കില്‍ ഒക്‌ടോബറില്‍ അത് 50.6 ആയി കുറഞ്ഞു. ഫാക്ടറി ഉത്പാദനവും ഉപഭോഗവും കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലുണ്ടാകുന്ന തൊഴിലുകളുടെ എണ്ണവും ആറുമാസത്തെ ഏറ്റവും കുറവിലാണ്.

ഇന്ത്യന്‍ നിര്‍മാണ മേഖലയുടെ 45 ശതമാനം വരുന്നത് രാജ്യത്തെ ചെറുകിട ഉത്പാദന (Micro, Small and Medium Enterprises- MSME) മേഖലയില്‍ നിന്നാണ്. 49 ശതമാനം കയറ്റുമതിയും അതിനൊപ്പം 39 ശതമാനം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതും ഈ മേഖലയാണ്. രാജ്യത്തെ തൊഴില്‍ ഉത്പാദനത്തിന്റെ വലിയൊരു പങ്കാണ് ഈ മേഖല സംഭാവന ചെയ്യുന്നത്; 11 കോടിക്ക് മുകളില്‍ ആളുകള്‍. ഇനി ഇതു കൂടി വായിക്കുക: "MSME മേഖല രണ്ടു വലിയ പ്രതിസന്ധിയെ ആണ് നേരിട്ടത്. നോട്ട് നിരോധനവും ജിഎസ്ടി ഏര്‍പ്പെടുത്തിയതും. ജിഎസ്ടി ഏര്‍പ്പെടുത്തിയതു വഴി ഈ മേഖലയിലെ കമ്പനികളൂടെ ഉത്പാദന ചിലവ് അടക്കം വര്‍ധിക്കുകയും കൂടുതല്‍ കമ്പനികളെ നികുതി ഘടനയിലേക്ക് കൊണ്ടു വരികയും ചെയ്തു" - റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്, 2018. ഈ വിധത്തില്‍ MSME മേഖല വലിയൊരു തിരിച്ചടിയെ നേരിടുന്ന സമയം കൂടിയാണിത്. അതിനൊപ്പമാണ്, സര്‍ക്കാരില്‍ നിന്നുള്ള പേയ്‌മെന്റ് വൈകുന്ന പ്രശ്‌നവും. ഇത് ഉത്പാദനത്തേയും വിതരണത്തേയും ബാധിക്കുകയും മൊത്തം വ്യവസായ മേഖലയെ തകര്‍ക്കുകയും ചെയ്യുന്നുവെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

RCEP കരാര്‍ ഒപ്പുവച്ചാല്‍ ഇന്ത്യ നേരിടാന്‍ പോകുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് MSME അടക്കമുള്ള നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ എങ്ങനെ നേരിടും എന്നതാണ്. സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടു കൂടി ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപവും ഗവേഷണ കാര്യങ്ങളും ആവശ്യമായി വരും. അതിനൊപ്പം, ഇതിനെ ആധുനികവത്ക്കരിക്കുകയും വേണ്ടതുണ്ട്. അല്ലാതെ ഇത്രയധികം വരുന്ന ഒരു ആഗോള കമ്പോളത്തില്‍ പിടിച്ചു നില്‍ക്കുക എളുപ്പമല്ല. എന്നാല്‍ ഇന്ന് നിലനില്‍പ്പിനായി പൊരുതുകയാണ് ഇന്ത്യയിലെ MSME മേഖല എന്നതിനാല്‍ നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും ശേഷമുള്ള മറ്റൊരു തിരിച്ചടി കൂടിയായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക.

ഇന്ത്യന്‍ സാമൂഹിക ജീവിതം

തങ്ങളാണ് 2012-ല്‍ RCEP ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചതെങ്കിലും ഇപ്പോള്‍ അത് ഒപ്പുവയ്ക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കി മുന്‍ വാണീജ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടിയത്, രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. തങ്ങളുടെ സമയത്ത് സമ്പദ്ഘടന ശക്തമായിരുന്നു എന്നും അതുകൊണ്ടു തന്നെ പുതിയ കരാറില്‍ ഏര്‍പ്പെടുന്നതുകൊണ്ട് റിസ്‌ക് ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആസിയാന്‍ കരാര്‍ അടക്കമുള്ളവ ഒപ്പുവയ്ക്കുന്ന സമയത്ത് ഇന്ത്യയിലെ അന്നത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയ കാര്യം ഇത് ഇന്ത്യന്‍ കാര്‍ഷിക, നിര്‍മാണ മേഖലയെ സാരമായി ബാധിക്കും എന്നു തന്നെയായിരുന്നു. അത് ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. അതേ വഴിക്കു തന്നെയാണ് ബിജെപി സര്‍ക്കാരും ഇപ്പോള്‍ പോകുന്നത് എന്നതാണ് വിമര്‍ശനം. RCEP-യില്‍ ഒപ്പു വയ്ക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വാണീജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഇതിന് മറുപടി പറഞ്ഞത് യുപിഎ സര്‍ക്കാര്‍ RCEP-യില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ ഇതൊന്നും ഓര്‍ത്തില്ലായിരുന്നോ എന്നാണ്.

ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരുപക്ഷേ RCEP പോലുള്ള ഒരു കരാറില്‍ നിന്ന് ഒരുപാട് കാലം മാറി നില്‍ക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ, ഈ കരാര്‍ ബാധിക്കുന്ന ഏതെങ്കിലും വിഭാഗങ്ങളുമായി ചര്‍ച്ച നടത്താതെയും അവരുടെ അഭിപ്രായം അറിയാതെയുമാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്. പാര്‍ലമെന്റില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല എന്നതും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സമ്പദ്ഘടന സാമൂഹികാവസ്ഥയുമായി ഏറെ ഇഴചേര്‍ന്നു കിടക്കുന്ന ഒന്നാണ്. ഒപ്പം, അത് പരസ്പരപൂരകവുമാണ്. നിലവിലെ കരാര്‍ കുറച്ചു പേര്‍ക്കെങ്കിലും ഗുണകരമായി ഭവിച്ചേക്കാമെങ്കിലും വലിയൊരു വിഭാഗം- കര്‍ഷകര്‍, ചെറുകിട ഉത്പാദകര്‍- വലിയ തിരിച്ചടികള്‍ നേരിട്ടേക്കാമെന്ന ആശങ്ക നിലവിലുള്ളപ്പോള്‍ അതിനെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള തൊഴിലില്ലായ്മയും ദാരിദ്ര്യവും വലുതാണ്. അതിനൊപ്പം, പുതിയ പ്രതിസന്ധികള്‍ കൂടി ഉടലെടുക്കുന്നതോടെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇന്ത്യന്‍ സാമൂഹിക ജീവിതം പ്രതിസന്ധിയിലാകും. ഈ തൊഴിലില്ലാത്ത മനുഷ്യരെ, ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കുടുംബങ്ങളെ ഏറെക്കാലം മതത്തിന്റേയും ദേശസ്‌നേഹത്തിന്റേയും ഒക്കെ പേരിലുള്ള ഗ്വാഗ്വാ വിളികള്‍ കൊണ്ട് അടക്കിയിരുത്താന്‍ കഴിഞ്ഞേക്കില്ല.


Next Story

Related Stories