Top

അദാനി കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍ - എഡിറ്റോറിയല്‍

അദാനി കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍ - എഡിറ്റോറിയല്‍

മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഇന്നലെ പുറപ്പെടുവിച്ച ഒരു വിധി ഇന്ത്യന്‍ നീതിന്യായ സംവിധാനങ്ങളേയും അഴിമതി വിരുദ്ധ പോരാട്ടങ്ങളെയും അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയേയുമെല്ലാം സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഒന്നാണ്. വിദേശത്തുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ആ രാജ്യത്ത് നിന്ന് ലഭിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന ഔദ്യോഗിക അപേക്ഷയാണ് ലെറ്റര്‍ റോഗേറ്ററി (LR). എന്നാല്‍ സി.ആര്‍.പി.സി ചട്ടം 154/155 പ്രകാരം എഫ്.ഐ.ആര്‍ രേഖപ്പെടുത്താതെ സി.ആര്‍.പി.സി ചട്ടം 166എ അനുസരിച്ച് അയയ്ക്കുന്ന ലെറ്റര്‍ റോഗേറ്ററിക്ക് നിയമപരമായി നിലനില്‍പ്പില്ല എന്നാണ് മുംബൈ ഹൈക്കോടതി ഇന്നലെ വിധിച്ചത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് തങ്ങള്‍ക്കെതിരെ LR പുറപ്പെടുവിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലീജന്‍സി (DRI)-ന്റെ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് വിധി. ഈ ഉത്തരവ് വന്നതോടെ 2017-ല്‍ അദാനിയുടെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഡിആര്‍ഐ നല്‍കിയ അപേക്ഷകള്‍ അനുവദിക്കാമെന്ന സിംഗപ്പൂര്‍ കോടതിയുടെ വിധി ഫലത്തില്‍ ഇല്ലാതായി. മാത്രമല്ല, ഇറക്കുമതി ചെയ്ത കല്‍ക്കരിയുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ തുകയിലും അധികം തുക ബില്ലില്‍ കൂട്ടിക്കാണിക്കുകയും ഇതുവഴി 5,000 കോടിയോളം രൂപ വിദേശത്തേക്ക് കടത്തുകയും, മാത്രമല്ല, അന്യായമായി ഉയര്‍ത്തിയ തുക മൂലം രാജ്യത്തെ വൈദ്യുതി നിരക്ക് വര്‍ധിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഡിആര്‍ഐ നടത്തി വരുന്ന അന്വേഷണവും ഇതോടെ നിലച്ചേക്കാം. മുംബൈ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമോ എന്ന് വ്യക്തമല്ല.

നിരവധി ഇന്ത്യന്‍ കമ്പനികള്‍, ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെയും കല്‍ക്കരി ഖനന ഉപകരണങ്ങളുടെ വില കൂട്ടിക്കാണിച്ചതിനെതിരെ ഡിആര്‍ഐ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനായി വിവിധ രാജ്യങ്ങളിലേക്ക് ലെറ്റര്‍ റോഗേറ്ററി അയച്ചിട്ടുമുണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ്, സ്വിറ്റ്സര്‍ലാന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നും നിയമപരമായ സഹായം തേടാനുള്ള നീക്കത്തെ തടയുകയാണ് അദാനി ലക്ഷ്യമിടുന്നതെന്ന് ഈ വര്‍ഷം ജൂണില്‍ ഡിആര്‍ഐ ആരോപിച്ചിരുന്നു. 2011നും 2015നും ഇടയില്‍ ഇന്തോനീഷ്യയില്‍ നിന്നുമുള്ള കല്‍ക്കരിയുടെ വില വര്‍ധിപ്പിച്ച അനില്‍ ധീരുബായി അംബാനി ഗ്രൂപ്പും എസ്സാര്‍ ഗ്രൂപ്പ് അടക്കമുള്ള സ്വകാര്യ കമ്പനികളും ചില പൊതുമേഖലാ സ്ഥാപനങ്ങളും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് റവന്യൂ ഇന്റലിജന്‍സ് കരുതുന്നത്. ഇവര്‍ക്കെതിരെയാണ് അന്വേഷണം. വിദേശ നീതിന്യായ സംവിധാനങ്ങളില്‍ നിന്ന് ലെറ്റര്‍ റോഗേറ്ററി സാധാരണമായി തേടാറുള്ളതാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍. എന്നാല്‍ കല്‍ക്കരിക്കേസില്‍ തങ്ങള്‍ക്കെതിരെ ഒരു എഫ്ഐആര്‍ പോലുമിടാതെയും കുറ്റം ശരിയായി സ്ഥാപിക്കാതെയുമാണ് ലെറ്റര്‍ റോഗേറ്ററി നല്‍കിയിരിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് കോടതിയില്‍ വാദിച്ചത്. കമ്പനികളുടെ വാദം കേള്‍ക്കാതെയും നോട്ടീസ് നല്‍കാതെയുമാണ് ഈ നടപടിയെന്നും അവര്‍ ആരോപിച്ചു. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വൈല്‍‌‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് തുടങ്ങിയ അന്വേഷണ ഏജന്‍സികളൊന്നും തന്നെ ഇത്തരം ആവശ്യങ്ങള്‍ക്ക് എഫ്ഐആര്‍ ഇടാറില്ലെന്ന് റവന്യൂ ഇന്റലിജന്‍സ് നിലപാടെടുത്തത്. ഇതാണ് ഇന്നലെ കോടതി തള്ളിയത്. ഡിആര്‍ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന് നിരവധി തവണ ആരോപണം ഉയര്‍ന്ന ഒരു കേസ് കൂടിയാണ് ഇത്.

എന്താണ് കേസ്?

ഖനന ഭീമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളുമായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ 235 ദശലക്ഷം ഡോളറിന്റെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയെന്ന് ആരോപിച്ചുള്ള രേഖകള്‍ 2017 ഓഗസ്റ്റില്‍ ഗാര്‍ഡിയന്‍ ദിനപത്രം പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ വൈദ്യുതോര്‍ജ പദ്ധതികളുടെ ചിലവ് കൂട്ടിക്കാണിച്ചാണ് ഇതെന്നുള്ള കസ്റ്റംസ് ഇന്റലീജന്‍സ് രേഖകളാണ് ഗാര്‍ഡിയന്‍ അന്നു പുറത്തു വിട്ടത്. ഇതിനു പിന്നാലെ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ ആന്‍ഡ് കോമണ്‍ കോസ് എന്ന സംഘടന ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

വൈദ്യുത മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, കല്‍ക്കരി എന്നിവയുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇതില്‍ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തിയിട്ടുള്ള രണ്ട് കമ്പനികളാണ് അദാനി ഗ്രൂപ്പും എസ്സാറും. ഈ കമ്പനികള്‍ നടത്തിയിട്ടുള്ള തട്ടിപ്പിന് ഇരയാകുന്നത് നാലു കൂട്ടരാണെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. 1. വൈദ്യുതി ഉപഭോക്താക്കള്‍, 2. ബാങ്കുകള്‍, 3. ഈ കമ്പനികളുടെ ഓഹരി ഉടമകള്‍, 4. നിയമപരമായി ലഭിക്കേണ്ട നികുതി ലഭിക്കാത്ത സര്‍ക്കാര്‍. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആ അഴിമതി ഇങ്ങനെയാണ്: വൈദ്യുതി ഉപകരണങ്ങള്‍, കല്‍ക്കരി എന്നിവയുടെ വില ഈ കമ്പനികള്‍ കൃത്രിമമായി കുത്തനെ ഉയര്‍ത്തിക്കാണിക്കുന്നു. ഈ അധികഭാരം ചുമക്കേണ്ടി വരുന്നത് കോടിക്കണക്കിനു വരുന്ന ഉപഭോക്താക്കളാണ്. രണ്ടാമതായി, ഈ ഉയര്‍ത്തിക്കാട്ടിയ തുക കാണിച്ചാണ് ഇവര്‍ ബാങ്കുകളില്‍ നിന്ന് വായ്പകളെടുക്കുന്നത്. അതാകട്ടെ, മിക്ക കേസുകളിലും തിരിച്ചുകിട്ടാത്ത വായ്പ (NPA)യായി മാറുകയും ചെയ്യുന്നു. ഒടുവിലായി, ഓഹരി ഉടമകള്‍ക്ക് ലഭിക്കേണ്ട തുക ഇവിടെ നിന്ന് കടത്തുകയും അത് കമ്പനി ഉടമകളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നു. "രാജ്യത്തെ ഉന്നതങ്ങളില്‍ കടുത്ത അഴിമതിയും കുറ്റകൃത്യങ്ങളുമാണ് നടക്കുന്നത്. ഈ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും അതിനുള്ള ശിക്ഷ നടപ്പാക്കാനും ഉദ്യോഗസ്ഥവൃന്ദം മടിക്കുകയാണ്. ഇതുവഴി അഴിമതിരഹിതവും കുറ്റകൃത്യ വിമുക്തവുമായ ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് അത് ബാധിക്കുന്നത്" എന്ന് ഹര്‍ജിയില്‍ പറയുന്നു.

ഇത്തരത്തില്‍ ആരോപിക്കപ്പെടുന്ന അഴിമതി എങ്ങനെയാണ് നടക്കുന്നത് എന്നു നോക്കാം: കല്‍ക്കരിയാണെങ്കിലും വൈദ്യുതോപകരണങ്ങളാണെങ്കിലും ഇതൊക്കെ നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇതിന്റെ ഇന്‍വോയിസുകള്‍ (ബില്ലുകള്‍) വരുന്നതാകട്ടെ വിദേശത്തുന്ന നിരവധി കമ്പനികള്‍ വഴിയാണ്. പദ്ധതി നടത്തിപ്പുകാരായ കമ്പനി ഉടമകളുമായി ബന്ധമുള്ളവയാണ് വിദേശത്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കമ്പനികള്‍. ഉദാഹരണമായി പറഞ്ഞാല്‍: Original equipment Manufacturer (OEM) എന്ന വൈദ്യുതി ഉപകരണ നിര്‍മാണ കമ്പനി സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. എന്നാല്‍ ഈ ഉപകരണങ്ങളുടെ ഇന്‍വോയിസുകള്‍ വരുന്നത് യു.എ.ഇ ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലാണ്. അതായത്, യു.എ.ഇ കേന്ദ്രമായുള്ള ഈ കമ്പനി തങ്ങളുടേതായ ബില്‍ ഉണ്ടാക്കുകയും അതില്‍ കൂടിയ തുക രേഖപ്പെടുത്തുകയും ചെയ്യും. ഇതാണ് കമ്പനി ഉടമസ്ഥര്‍ മുന്നോട്ടുവയ്ക്കുന്ന ബില്ലുകള്‍. യഥാര്‍ത്ഥത്തില്‍ ഈ യു.എ.ഇ ആസ്ഥാനമായുള്ള കമ്പനിയുടേയും പ്രൊമോട്ടര്‍മാര്‍ ഇതേ ഉടമസ്ഥര്‍ തന്നെയായിരിക്കും. ചൈനയില്‍ നിന്ന് ഉപകരണങ്ങള്‍ നേരിട്ട് ഇന്ത്യയിലെത്തുമെങ്കിലും ബില്ലിലുണ്ടാവുക, യു.എ.ഇയിലുള്ള കമ്പനി ഇന്ത്യയിലെ കമ്പനിക്കു വേണ്ടി വാങ്ങി ഇവിടേക്ക് അയയ്ക്കുന്നു എന്ന രീതിയിലായിരിക്കും എന്നു സാരം.

ഡിആര്‍ഐ അന്വേഷണം

കല്‍ക്കരി ഇറക്കുമതിയില്‍ ഇതുപോലെ വന്‍ തോതില്‍ വില കൂട്ടിയിടല്‍ നടക്കുന്നുണ്ടെന്നും കര്‍ശന പരിശോധന നടത്തണമെന്നും ഡിആര്‍ഐ 2016 മാര്‍ച്ച് 31-ന് രാജ്യമെമ്പാടുമുള്ള തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും കസ്റ്റംസ് അടക്കമുള്ളവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്യത്തെ ഊര്‍ജ്ജവിതരണ, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാല്‍പ്പതോളം സ്വകാര്യ കമ്പനികള്‍ 29,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തി. കമ്പനികളില്‍ ആറെണ്ണം അദാനി ഗ്രൂപ്പിന്റേതാണ് - അദാനി എന്റര്‍പ്രസസ് ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി വില്‍മര്‍ ലിമിറ്റഡ്, വ്യോം ട്രേഡ് ലിങ്ക് എന്നിവ. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, റോസ പവര്‍ സപ്ലൈ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എസ്സാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട കമ്പനികള്‍, മുന്‍ ഐസിസി ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡ് തുടങ്ങിയവയും പട്ടികയിലുണ്ടായിരുന്നു. തുടര്‍ന്ന് അദാനി ഗ്രൂപ്പിന് ഡിആര്‍ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

2011 മുതല്‍ 2013 വരെ മഹാരാഷ്ട്ര, രാജസ്ഥാന്‍ പ്ലാന്റുകള്‍ക്കായുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ 39000 കോടി രൂപയ്ക്ക് മുകളില്‍ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദ്യ കാരണം കാണിക്കല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ഉപകരണങ്ങളുടെ ഇറക്കുതിക്കായി (ബോയ്‌ലറുകള്‍, ടര്‍ബനുകള്‍, ജനറേറ്ററുകള്‍ എന്നിവയടക്കം) മഹാരാഷ്ട്ര പ്ലാന്റ് 3,469 കോടി രൂപയും രാജസ്ഥാന്‍ പ്ലാന്റ് 7,161 കോടി രൂപയും ചിലവാക്കിയതായാണ് കണക്ക്. ദുബായ് ആസ്ഥാനമായ ഇലക്ട്രോജന്‍ ഇന്‍ഫ്ര എഫ്ഇസഡ്ഇ എന്ന കമ്പനിയില്‍ നിന്നാണ് ഉപകരണങ്ങള്‍ വാങ്ങിയിരിക്കുന്നത്. ചൈനയിലെ ഷാങ്ഹായ് ഇലക്ട്രിക് കോര്‍പ്പറേഷനും ബ്രിട്ടനിലേയും അമേരിക്കയിലേയും ചില കമ്പനികളുമാണ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം അദാനി ഗ്രൂപ്പിന്റെ ഓര്‍ഡര്‍ പോയിരിക്കുന്നത് ഇലക്ട്രോജെന് ആണെങ്കിലും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് അയച്ചുകൊടുത്തിരിക്കുന്നത് ഷാങ്ഹായ് കോര്‍പ്പറേഷന്‍ അടക്കമുള്ള യഥാര്‍ത്ഥ നിര്‍മ്മാതാക്കളാണ്.

ദുബായില്‍ ഇന്ത്യന്‍ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇലക്ട്രോജെന്‍ നടത്തിയ ഇടപാടുകള്‍ ഡിആര്‍ഐ പരിശോധിക്കുകയും ബാങ്കുകളോട് വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.1557 കോടി രൂപയും 3187 കോടി രൂപയുമാണ് ഇടപാടുകള്‍ക്കായി ഇലക്ട്രോജൈന്‍ ചിലവാക്കിയത്. അധിക തുക, ഇടപാടില്‍ ഇടനില വഹിച്ച ഇലക്ട്രോജെന് കിട്ടിയ ലാഭമാണെന്നാണ് ഡിആര്‍ഐ റിപ്പോര്‍ട്ട്. ഈ ഉപകരണങ്ങള്‍ ഇലക്ട്രോജെന്‍ കണ്ടിട്ടുപോലുമില്ല. 2011-13 കാലത്ത് 899.8 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 5750 കോടി രൂപ) ഇലക്ട്രോജെന്‍, മൗറീഷ്യസിലെ തങ്ങളുടെ സഹോദര കമ്പനിയായ ഇലക്ട്രോജെന്‍ ഇന്‍ഫ്ര ഹോള്‍ഡിംഗ് ലിമിറ്റഡിന് കൈമാറിയിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ അക്കൗണ്ടില്‍ നിന്നാണ് ഇടപാട് നടത്തിയിരിക്കുന്നത്. 87 ട്രാന്‍സാക്ഷനുകളാണ് ഡിവിഡന്റ്, ലോണ്‍, അഡ്വാന്‍സ് എന്നിങ്ങനെയെല്ലാം പറഞ്ഞ് നടന്നിരിക്കുന്നത്. ഈ ട്രാന്‍സാക്ഷനുകളെക്കുറിച്ചാണ് ഗാര്‍ഡിയന്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തത്.

മൗറീഷ്യസ് കമ്പനിയുടെ ഉടമസ്ഥര്‍ അസംഖ്യ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ഉടമസ്ഥര്‍ ഈഗിള്‍ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് - ഈ കമ്പനി അസംഖ്യ റിസോഴ്‌സസ് ഫാമിലി ട്രസ്റ്റില്‍ നോമിനി ഷെയര്‍ ഹോള്‍ഡറാണ്. ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയാണ് ഈ ട്രസ്റ്റിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ട്രസ്റ്റ് ഗുണഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. 2011 മേയ് വരെ ദുബായ് കമ്പനിയുടേയും മൗറീഷ്യസ് കമ്പനിയുടേയും ഉടമ വിനോദ് അദാനി ആയിരുന്നു. ദുബായ് ഇലക്ട്രോജന്റെ ഡയറക്ടര്‍ ജതിന്‍ ഷാ ഏട്ട് വര്‍ഷത്തോളം അദാനി ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. അദാനി പവര്‍ ജനറല്‍ മാനേജരായിരിക്കെ 2009 ഓഗസ്റ്റില്‍ കമ്പനി വിട്ട ജതിന്‍ ഷാ രണ്ട് മാസത്തിനകം ഇലക്ട്രോജെനില്‍ ചേര്‍ന്നു. 2009 ജൂലായില്‍ മറ്റൊരു പേരിലാണ് ദുബായ് കമ്പനി തുടങ്ങിയത്. മറ്റൊരു ഡയറക്ടര്‍ മൊറേശ്വര്‍ വി റബാദെയും അദാനി പവറിലെ ജീവനക്കാരനായിരുന്നു. അദാനി പവറില്‍ ജോലി ചെയ്യവേ മഹാരാഷ്ട്ര പ്ലാന്റിനായി ഇലക്ട്രോജെന്നുമായി കരാര്‍ ഒപ്പ് വയ്ക്കുന്നത് റബാദെ ആണ്. അതായത്, അദാനി ഗ്രൂപ്പിന്റെ മറ്റൊരു സൃഷ്ടിയാണ് ഇലക്ട്രോജെന്‍ എന്ന കമ്പനി. കാരണം, നേരിട്ട് വാങ്ങാവുന്ന ഉപകരണങ്ങള്‍ 220 ശതമാനം അധികം പണം ചിലവാക്കി ഒരു കമ്പനിയും വാങ്ങില്ല.

2012-13 കാലത്ത് യൂറോപ്പില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ക്കായി ബീജിംഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനി എപിഎല്‍ എക്‌സിമിന് 244 മില്യണ്‍ ഡോളര്‍ (1559 കോടി രൂപ) ഇലക്ട്രോജന്‍ നല്‍കിയതായി ഡിആര്‍ഐ പറയുന്നു. APL (Beijing) Exim എന്ന കമ്പനിയുടെ ലീഗല്‍ റെപ്രസന്റേറ്റീവ് ആയി രണ്ട് ട്രേഡ് വെബ്‌സൈറ്റുകളില്‍ കാണുന്നത് എംവി റബാദെ എന്ന പേരാണ്. ഈ എംവി റബാദെ തന്നെയാണ് അദാനി പവര്‍ വിട്ട് ഇലക്ട്രോജെനില്‍ ചേര്‍ന്ന മൊറേശ്വര്‍ വി റബാദെ. അദാനി ഗ്ലോബലിന്റെ ചൈനയിലെ ചീഫ് റെപ്രസന്റേറ്റീവ് ആണ് എംവി റബാദെ എന്നായിരുന്നു ബീജിംഗിലെ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്. വിദേശ വിനിമയ നിരക്ക് പ്രകാരം ചൈനീസ് കമ്പനിക്ക് കൊടുത്തിരിക്കുന്ന പണം 1,078 കോടി രൂപയാണെന്നാണ് ഡിആര്‍ഐയുടെ കണക്ക്. കസ്റ്റംസ് ആക്ട് സെക്ഷന്‍ 14ന്റെ വ്യക്തമായ ലംഘനം (ഇറക്കുമതി സംബന്ധിച്ച് തെറ്റായ കണക്കുകള്‍ നല്‍കല്‍) ഇടപാടില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഡിആര്‍ഐ ആരോപണം. ഏതാണ്ട് 3571 കോടി രൂപയുടെ തട്ടിപ്പ് നടന്നതായായിരുന്നു ഡിആര്‍ഐയുടെ കണ്ടെത്തല്‍. ഇതിനു പുറമേ ഉപകരണങ്ങളുടെ തുകയടക്കം വൈദ്യുതി നിരക്കായി പൊതുജനങ്ങളില്‍ നിന്ന് തന്നെ ഈ പണം ഈടാക്കിയതും. ഈ കേസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വിദേശത്ത് നിന്ന് ലഭിക്കുന്നതിന് ഡിആര്‍ഐ നല്‍കിയ LR ആണ് നിയമപരമായി നിലനില്‍ക്കില്ല എന്ന് മുംബൈ ഹൈക്കോടതി ഇന്നലെ വിധിച്ചത്.

അദാനി ഗ്രൂപ്പ് 1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് അദാനി നടത്തിയതായും കേന്ദ്ര സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്തതായും എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ്, മാനനഷ്ട കേസുമായി ബന്ധപ്പെട്ട് വീക്കിലിക്ക് നോട്ടീസ് അയച്ചു. തുടര്‍ന്ന് പരഞ്ചോയ് ഗുഹ തകൂര്‍ത്ത ഇപിഡബ്ല്യുവിന്റെ എഡിറ്റര്‍ സ്ഥാനം രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ പിന്നീട് ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് അഡ്ജുഡിക്കേഷന്‍, ഈ കേസില്‍ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി.

രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനികളിലൊന്നാണ് ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. ഇന്ത്യയില്‍ നിന്നുള്ള ബഹുരാഷ്ട്ര കമ്പനി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനി, ഏറ്റവും വലിയ സ്വകാര്യ വൈദ്യുതോത്പ്പാദന കമ്പനി; കല്‍ക്കരി, സോളാര്‍ മേഖലകളിലും ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് അദാനി ഗ്രൂപ്പ്. കല്‍ക്കരി ഖനനം, കല്‍ക്കരി വ്യാപാരം, എണ്ണ, വാതക പര്യവേഷണം, വാതക വിതരണം, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ച്വറിംഗ്, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ് - ഇങ്ങനെ വിവിധ മേഖലകളിലാണ് അദാനി ഗ്രൂപ്പ് കൈവച്ചിരിക്കുന്നത്. 28-ഓളം രാജ്യങ്ങളുമായി വ്യാപാര ബന്ധം. 2014 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷ കാലത്ത് അദാനി ഗ്രൂപ്പിന്റെ കമ്പോള മൂല്യം കുത്തനെ ഉയര്‍ന്നു. 2015ലെ കണക്ക് പ്രകാരം 19 ബില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് 1.21 ലക്ഷം കോടി) ആസ്തിയാണ് അദാനിക്കുള്ളത്.

അഴിമതി വിരുദ്ധ പോരാട്ടം പ്രഖ്യാപിച്ചാണ് 2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുമെന്നും അതൊക്കെ 15 ലക്ഷം രൂപ വീതം ഓരോ ഇന്ത്യക്കാരനും നല്‍കും എന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ വാഗ്ദാനം. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, വിജയ്‌ മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി, ലളിത് മോദി തുടങ്ങി നിരവധി പേര്‍ ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് തട്ടിച്ച കോടികളുമായി വിദേശത്തേക്ക് മുങ്ങുകയും ചെയ്തു.


Next Story

Related Stories