TopTop

ഈ മഹത്തായ ജനാധിപത്യ രാജ്യത്തിന് സമാധാനത്തോടെ മുന്നോട്ടു പോകാന്‍ കഴിയുന്നതാകട്ടെ അയോധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ വിധി - എഡിറ്റോറിയല്‍

ഈ മഹത്തായ ജനാധിപത്യ രാജ്യത്തിന് സമാധാനത്തോടെ മുന്നോട്ടു പോകാന്‍ കഴിയുന്നതാകട്ടെ അയോധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ വിധി - എഡിറ്റോറിയല്‍

രാജ്യം കാത്തിരുന്ന അയോധ്യക്കേസില്‍ വിധി പ്രസ്താവം തുടങ്ങി. രാവിലെ 10.30ന് സുപ്രിംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒരു മിനിറ്റ് നേരത്തെ തുടങ്ങി. ഷിയ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളിയെന്നാണ് വിധിയുടെ തുടക്കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിധിയില്‍ തങ്ങള്‍ അഞ്ച് പേര്‍ക്കും ഭിന്നാഭിപ്രായമില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് വിധി വായിക്കാന്‍ ആരംഭിച്ചത്. ബാബറി മസ്ജിദിന്റെ ചരിത്രം പറഞ്ഞുകൊണ്ടാണ് വിധി പ്രഖ്യാപിക്കല്‍ ആരംഭിച്ചത്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കണം. അതേസമയം സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ ബെഞ്ച് നിരോമി അഖോരിയുടെ ഉടമസ്ഥാവകാശം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ക്ഷേത്രം മുമ്പുണ്ടായിരുന്നുവെങ്കിലും ഉടമസ്ഥതയ്ക്ക് ആധാരമാക്കാനാകില്ല. രാമജന്മഭൂമി എന്നതിന് നിയമവ്യക്തിത്വമില്ല. രാമന് നിയമ വ്യക്തിത്വമുണ്ട്. മുസ്ലിങ്ങള്‍ പള്ളിക്കുള്ളിലാണ് നമാസ് നടത്തിയിരുന്നത്. എന്നാല്‍ പള്ളി പണിഞ്ഞത് മറ്റൊരു കെട്ടിടാവശിഷ്ടത്തിന് മുകളിലാണ്. ഇത് ക്ഷേത്രമായിരുന്നാല്‍ പോലും അതിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം നിര്‍ണയിക്കാനാകില്ല. 1857ലാണ് മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ആരാധന നടത്തുന്നതിനുള്ള വിഭജനമുണ്ടായത്. അപ്പോഴും മുസ്ലിങ്ങള്‍ പള്ളി കൈവിട്ടില്ല. ഹിന്ദുക്കള്‍ പുറത്താണ് ആരാധന നടത്തിയത്. 1948ല്‍ പള്ളിക്കുള്ളില്‍ രാമ വിഗ്രഹം കൊണ്ടുവച്ചത് ഭരണഘടനാ വിരുദ്ധമാണ്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തത് സുപ്രിംകോടതി വിധി അട്ടിമറിച്ചാണ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. അദ്ദേഹം ഈമാസം 17ന് വിരമിക്കാനിരിക്കെയാണ് ചരിത്രപരമായ വിധി. നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് വിധി പ്രസ്താവിക്കുന്നത്. ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ സുരക്ഷ ഇസഡ് കാറ്റഗറിയിലേയ്ക്ക് ഉയര്‍ത്തിയിരുന്നു. മറ്റ് ജഡ്ജിമാരുടെയും സുരക്ഷ കര്‍ശനമാക്കിയിരുന്നു.

2010ല്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ വിധിക്ക് മുകളിലെ അപ്പീലിലാണ് ഇന്നത്തെ വിധി. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും സന്യാസ സമൂഹമായ നിര്‍മോഹി അഖാഡെയ്ക്കുമായി വിഭജിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. 2010 മെയ് 9ന് സുപ്രിംകോടതി ഈ വിധി സ്‌റ്റേ ചെയ്തു. 2019 ജനുവരി 08ന് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. മാര്‍ച്ച് എട്ടിന് സമവായ ചര്‍ച്ചയ്ക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. ചര്‍ച്ച പരാജയപ്പെട്ടതോടെ ഓഗസ്റ്റ് ആറിന് ഭരണഘടനാ ബെഞ്ചില്‍ അന്തിമവാദം തുടങ്ങി. ഒക്ടോബര്‍ 17ന് 40-ാം ദിവസം വാദം പൂര്‍ത്തിയായി.

14 ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയുന്നത്. അയോധ്യക്കേസിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എല്ലായിടത്തും പോലീസ് കനത്ത ജാഗ്രതപാലിക്കുന്നുണ്ട്. പരിശോധന നടത്താതെ വാഹങ്ങളൊന്നും കടത്തിവിടുന്നില്ല.

രാജ്യമെമ്പാടും ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത സുരക്ഷ കേരളത്തിലും ബാധകമാണ്. കോഴിക്കോട് ജില്ലയിലും കാസറഗോഡ് ജില്ലയിലുമാണ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കാസറഗോഡ് ജില്ലയില്‍ മുഴുവന്‍ മദ്യശാലകളും പടക്കക്കടകളും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
Next Story

Related Stories