TopTop
Begin typing your search above and press return to search.

നോട്ട് നിരോധനത്തിന്റെ മൂന്നു വര്‍ഷം; സത്യസന്ധതയും ആര്‍ജവവുമില്ലാത്ത ഒരു ഭരണകൂടം സ്വന്തം ജനങ്ങളോട് ചെയ്തത് - എഡിറ്റോറിയല്‍

നോട്ട് നിരോധനത്തിന്റെ മൂന്നു വര്‍ഷം; സത്യസന്ധതയും ആര്‍ജവവുമില്ലാത്ത ഒരു ഭരണകൂടം സ്വന്തം ജനങ്ങളോട് ചെയ്തത് - എഡിറ്റോറിയല്‍

ഏറെ വാഗ്ദാനങ്ങളും പ്രതീക്ഷകളുമൊക്കെ മുന്നോട്ടു വച്ചാണ് 2014 മെയ് മാസത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം 2016 നവംബര്‍ എട്ടിന് മോദി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചു. ഇന്ത്യയില്‍ അടക്കം പല രാജ്യങ്ങളിലും മുമ്പും നോട്ടുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ വലിയ ഒരു സമ്പദ്‌വ്യവസ്ഥയെ ആകെ തന്നെ മാറ്റി മറിക്കുന്ന വിധത്തിലൊരു പ്രഖ്യാപനം ലോകത്തില്‍ തന്നെ ആദ്യമായായിരുന്നു. ആ പ്രഖ്യാപനം നടന്നിട്ട് ഇന്ന് മൂന്നു വര്‍ഷം കഴിയുകയാണ്. ഒപ്പം, ഇതിനിടയില്‍ മോദിയുടെ നേതൃത്വത്തില്‍ തന്നെ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.

കോടിക്കണക്കിന് മനുഷ്യര്‍ മാസങ്ങളോളം തങ്ങളുടെ പണം തിരികെ കിട്ടാനായി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നിന്നു. 100-ലധികം ആളുകള്‍ ഇതിനിടയില്‍ മരിച്ചു. തുടക്കത്തില്‍ എന്തു ചെയ്യണമെന്നു പോലും അറിയാതിരുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 60-ലേറെ സര്‍ക്കുലറുകളാണ് ഈ സമയത്ത് പുറത്തിറക്കിയത്. മൂന്നു ലക്ഷ്യങ്ങളായിരുന്നു പ്രധാനമന്ത്രി നവംബര്‍ എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചത്. കള്ളപ്പണം ഇല്ലാതാക്കുക, അഴിമതി ഇല്ലാതാക്കുക, വ്യാജ നോട്ടുകള്‍ ഇല്ലാതാക്കുക. ഇന്ത്യയിലെ സമ്പന്ന വര്‍ഗവും മധ്യവര്‍ഗവും ആധുനിക ഇന്ത്യയുടെ സൃഷ്ടാവിനെ വാഴ്ത്തിപ്പാടി. സമ്പന്ന വര്‍ഗത്തിനേറ്റ തിരിച്ചടിയായി നോട്ട് നിരോധനത്തെ സര്‍ക്കാരിന്റെ പ്രൊപ്പഗണ്ട മെഷീനറി അവതരിപ്പിച്ചതോടെ താഴേക്കിടയിലുള്ള പാവപ്പെട്ടവരും ദരിദ്രരുമായ വലിയൊരു വിഭാഗം ജനങ്ങളും തങ്ങളുടെ രക്ഷകനായി മോദിയെ കണ്ടു. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചായിരുന്നുവെന്ന് ഓരോ ദിവസങ്ങള്‍ തെളിയിച്ചു. അതിനനുസരിച്ച് സര്‍ക്കാര്‍ നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും മാറ്റി. അത് ഭീകരവാദത്തിനുള്ള ഫണ്ടിംഗ് ഇല്ലാതാക്കാനാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടു, ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് ധനവിനിമയങ്ങള്‍ മാറ്റാനാണ് എന്ന് പറഞ്ഞു, കൂടുതല്‍ പേരെ നികുതിദായകരാക്കാനാണ് എന്ന് അവതരിപ്പിച്ചു.

പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഏതെങ്കിലും വിജയം കണ്ടോ?

സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്ന 17.97 കോടി രൂപയുടെ 86.4 ശതമാനമായ 15.41 ലക്ഷം കോടി രൂപയാണ് മോദി സര്‍ക്കാര്‍ നിരോധിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് നിരോധിച്ച 15.41 ലക്ഷം കോടി രൂപയില്‍ തിരിച്ചെത്താത്തത് വെറും 10,720 കോടി രൂപ മാത്രമാണ് എന്നാണ്. അതായത്, നിരോധിച്ച നോട്ടുകളുടെ വെറും 0.7 ശതമാനം മാത്രം. മൂന്ന്-നാല് ലക്ഷം കോടി രൂപയെങ്കിലും ഇത്തരത്തില്‍ തിരിച്ചു വന്നേക്കില്ലെന്നും അതെല്ലാം കള്ളപ്പണമാണ് എന്നുമുള്ള സര്‍ക്കാരിന്റെ തുടക്കത്തിലെ വാദങ്ങള്‍ പൊളിയുകയായിരുന്നു.

കള്ളപ്പണം

ഇന്ത്യയില്‍ രൂപയുടെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം ആകെ സര്‍ക്കുലേഷനിലുള്ള നോട്ടുകളുടെ വെറും അഞ്ചു ശതമാനം മാത്രമാണ് എന്നാണ് കണക്ക്. ബാക്കിയൊക്കെ റിയല്‍ എസ്‌റ്റേറ്റായും സ്വര്‍ണം അടക്കമുള്ള മറ്റു നിക്ഷേപങ്ങളായുമാണ്. ഇക്കാര്യം നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്നതാണെങ്കിലും അക്കാര്യം മാറ്റിവച്ചുകൊണ്ട് നോട്ട് നിരോധനവുമായി മുന്നോട്ടു പോകാന്‍ ബോര്‍ഡ് സര്‍ക്കാരിന് അനുമതി നല്‍കുകയായിരുന്നു എന്ന വിവരം പിന്നീട് പുറത്തുവന്നു.

വ്യാജനോട്ടുകള്‍

നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2017-ല്‍ പിടികൂടിയത് ആകെ 28.1 കോടി വ്യാജ നോട്ടുകളാണ്. അതിന്റെ തലേവര്‍ഷം 15.9 കോടി രൂപയും. 20017-ല്‍ പിടികൂടിയ വ്യാജ നോട്ടുകളില്‍ 14.98 കോടി രൂപയും 2000 രൂപ നോട്ടുകളായിരുന്നു. എളുപ്പത്തില്‍ കൊണ്ടുപോകാവുന്നതും വലിയ മൂല്യമുള്ളതും എന്നതിനാലാണ് ഇത്. നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയ സര്‍ക്കാരിന്റെ നടപടിയെ നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി അന്നു തന്നെ വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ആകെയുള്ളത് വെറും 400 കോടി രൂപയുടെ കള്ളനോട്ടാണെന്നും അത് 17 ലക്ഷം കോടി രൂപയുടെ ചെറിയ ശതമാനം മാത്രമാണെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാണ് ഇത്രയും വലിയ നോട്ട് നിരോധനം നടപ്പാക്കിയത്.

ഭീകരവാദം ഇല്ലാതാക്കുക

2015-നെ അപേക്ഷിച്ച് ഭീകരാക്രമണങ്ങള്‍ അതിനടുത്ത വര്‍ഷങ്ങളില്‍ രാജ്യത്ത് കൂടുകയാണ് ചെയ്തിട്ടുള്ളത്. 2015-ല്‍ ഭീകരാക്രമണങ്ങളില്‍ 728 പേര്‍ മരിച്ചെങ്കില്‍ 2016-905, 2017-812, 2018-940, 2019- 575 (നവംബര്‍ 7 വരെ). പുല്‍വാമ ആക്രമണം അടക്കമുള്ള ചെറുതും വലുതുമായ നിരവധി ആക്രമണങ്ങള്‍ക്ക് രാജ്യം നോട്ട് നിരോധനത്തിനു ശേഷം സാക്ഷ്യം വഹിച്ചു. ഇതിനു പുറമെയാണ് മാവോയിസ്റ്റ് ആക്രമണങ്ങളും 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു-കാശ്മീരിന്റെ പ്രത്യേകാവകാശങ്ങളും സംസ്ഥാന പദവിയും എടുത്തു കളഞ്ഞതിനു ശേഷവും ഭീകരാക്രമണങ്ങള്‍ക്ക് കുറവുകളില്ല. കഴിഞ്ഞ ദിവസം ശ്രീനഗറിലുണ്ടായ ഗ്രെനേഡ് ആക്രമണത്തില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ അടക്കം ഒമ്പതു പേരെ ഭീകരവാദികള്‍ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു.

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ

നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റല്‍ ഇടപടുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അതുപോലെ തന്നെ നോട്ടുകള്‍ കൊണ്ടുള്ള വിനിമയവും. നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് നിന്ന് 2019 നവംബറിലെ കണക്കനുസരിച്ച്, നാലു ലക്ഷം കോടി രൂപ കൂടുതലാണ് സര്‍ക്കുലേഷനിലുള്ളത്-അതായത്, 21.37 ലക്ഷം കോടി രൂപ. ഇതിനിടെ, ആര്‍ബിഐ 2000 കോടി രൂപയുടെ പ്രിന്റിംഗ് നിര്‍ത്തിയെങ്കിലും ആകെയുള്ള സര്‍ക്കലുലേഷനിലെ 83 ശതമാനവും 2000 രൂപാ നോട്ടുകളാണ്. 2000, 500 രൂപാ നോട്ടുകള്‍ മാത്രം സര്‍ക്കുലേഷനിലുള്ളത് 17.34 ലക്ഷം കോടിയാണ്- അതായത് നോട്ട് നിരോധനത്തിനു മുമ്പുണ്ടായിരുന്ന ആകെ സര്‍ക്കുലേഷന്റെ 96 ശതമാനം. ഇതുകൊണ്ടുണ്ടായ ഗുണമാകട്ടെ, കള്ളപ്പണം സൂക്ഷിക്കല്‍ എളുപ്പമായി.

നോട്ട് നിരോധനം ചെയ്തത്

നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ആദ്യ രണ്ടു വര്‍ഷം മാത്രം റിസര്‍വ് ബാങ്കിന് ചെലവായത് 13,000 കോടി രൂപയാണ്. പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതുവഴി അതിനുളള ചിലവും ഇരട്ടിച്ചു. എന്നാല്‍ പുതിയ നോട്ടുകളിലെ സെക്യൂരിറ്റി ഫീച്ചേഴ്‌സ് ഇനിയും മാറ്റിയിട്ടില്ല. 2015-16-ല്‍ ആര്‍ബിഐ സര്‍ക്കാരിന് നല്‍കിയ ഡിവിഡന്റ് 65,876 കോടി രൂപയാണെങ്കില്‍ 2016-17-ല്‍ ഇത് 30,659 കോടി രൂപയായി കുറഞ്ഞു. അതിനു ശേഷം ഒരിക്കലും ആര്‍ബിഐ നല്‍കുന്ന പണത്തിന്റെ തോത് 2015-16-ലേതിനു തുല്യമായില്ല. 2017-18-ല്‍ നല്‍കിയത് 50,000 കോടി രൂപയും. അതിനു പിന്നാലെയാണ് ഈ വര്‍ഷം ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാര്‍ പിടിച്ചുവാങ്ങിയതും. വിത്തെടുത്ത് കുത്തല്‍ തന്നെയായിരുന്നു ഇത്.

സാമ്പത്തിക പ്രതിസന്ധി

നോട്ട് നിരോധനം ജിഡിപിയില്‍ ഒരു ശതമാനമെങ്കിലും കുറവ് വരുത്തുമെന്നാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ രണ്ടു ശതമാനത്തോളം ജിഡിപിയില്‍ കുറവ് വന്നിട്ടുണ്ട് എന്നാണ്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറയുന്നത് മൂന്ന് ശതമാനമെങ്കിലും ജിഡിപിയില്‍ കുറവുണ്ട് എന്നാണ്. രണ്ടു കോടി ലക്ഷം രൂപയിലധികമാണ് ഇതുവഴി ഒരു വര്‍ഷം കുറവ് വരുന്നത് എന്നാണ് കണക്ക്. ഈ കുറവ് നികത്താനാണ് സര്‍ക്കാര്‍ ആര്‍ബിഐയുടെ കരുതല്‍ ധനം ഉള്‍പ്പെടെയുള്ളവ വാങ്ങിയത്.

ഈയടുത്ത്, LocalCircles എന്ന ഓണ്‍ലൈന്‍ സര്‍വെ പറയുന്നത്, 66 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നാണ്. ഇത് തൊഴില്‍ മേഖലയേയും ബാധിച്ചു. 33 ശതമാനം പേര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാറിലാകാന്‍ കാരണം നോട്ട് നിരോധനമാണെന്ന് പറയുന്നു. 28 ശതമാനംപേര്‍ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്നും.

സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനമായി കൂപ്പുകുത്തി. നോട്ട് നിരോധനം ഉണ്ടാക്കിയ കുഴപ്പങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ കൂടിയാണ്. ഇന്ത്യന്‍ തൊഴില്‍ മേഖലയുടെ വലിയ ശതമാനം വരുന്ന അസംഘടിത മേഖലയില്‍ നോട്ട് നിരോധനം വലിയ തോതില്‍ ബാധിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും കൂടുതലാണ്. ചെറുകിട ഉത്പാദന മേഖല സ്തംഭിച്ചു. കാശിന്റെ അടിസ്ഥാനമാക്കി നടന്നിരുന്ന ചെറുകിട വ്യവസായ മേഖല പണമില്ലാതായതോടെ ബാങ്കുകളുടെ വായ്പയേയും ഗ്യാരണ്ടിയേയും ആശ്രയിച്ചു തുടങ്ങി. എന്നാല്‍ ആളുകളുടെ വരുമാനത്തില്‍ ഇടിവ് വന്നതോടെ ഡിമാന്‍ഡ് വലിയ തോതില്‍ കുറയുകയും ബാങ്കുകള്‍ ഗ്യാരണ്ടി അടക്കമുള്ളവ അനുവദിക്കാന്‍ മടിച്ചതും നിരവധി സ്ഥാപനങ്ങള്‍ പൂട്ടാന്‍ ഇടയാക്കി. ഇത് വലിയ തോതില്‍ തൊഴില്‍ നഷ്ടമുണ്ടാക്കി. ഈ വര്‍ഷം ആദ്യം പുറത്തുവന്ന അസിം പ്രേംജി സര്‍വകലാശാലയിലെ ഒരു പഠനം പറയുന്നത് നോട്ട് നിരോധനം മൂലം 2018 വരെ കുറഞ്ഞത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. നോട്ട് നിരോധനം മൂലം തൊഴില്‍ ഉത്പാദനത്തില്‍ മൂന്നു ശതമാനമെങ്കിലും കുറവ് വന്നിട്ടുണ്ട് എന്നും കണക്കുകളുണ്ട്.

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ രാജ്യത്തെ ഒമ്പത് പ്രധാന നഗരങ്ങളിലായി 2017-18 സമയത്ത് 50 ശതമാനത്തിന്റെ എങ്കിലും കുറവ് വന്നിട്ടുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ഈ കുറവ് പരിഹരിക്കാനാണ് സര്‍ക്കാര്‍ ഇന്നലെ 25,000 കോടി രൂപ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതില്‍ 10,000 കോടി രൂപ സര്‍ക്കാരും ബാക്കി എസ്ബിഐയും എല്‍ഐസിയും ചേര്‍ന്നാണ് നല്‍കുന്നത്. സിമന്റ്, ഖനി അടക്കം രാജ്യത്തെ എട്ട് പ്രധാന മേഖലകള്‍ തളര്‍ച്ചയാണ് പ്രഖ്യാപിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ പറയുന്നു. നിര്‍മാണ മേഖല സ്തംഭിച്ചു. കയറ്റുമതി കുറഞ്ഞു.

എന്നാല്‍ കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം നോട്ട് നിരോധനത്തോടെ വര്‍ധിച്ചു എന്നു കണക്കുകള്‍ പറയുന്നുണ്ട്. അത് ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയ ജീവിതത്തെ കൂടി പ്രതിനിധീകരിക്കുന്നതാണ്. കാരണം, 10ല്‍ നാലു പേര്‍ ഇന്ത്യയില്‍ കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നവരാണ്. ബാക്കി വിവിധ തരത്തിലുള്ള ജോലികള്‍-ചെറുകിട ബിസിനസുകള്‍- നിര്‍മാണ മേഖലാ തൊഴിലാളികള്‍, കടയുടമകള്‍, പ്ലംബര്‍-ഇലക്ട്രീഷ്യന്‍ പോലുള്ള ജോലികള്‍ ചെയ്യുന്നവര്‍, നെയ്ത്തുകാര്‍ തുടങ്ങിയവരും ഒരു ശതമാനമെങ്കിലും ഫാക്ടറി തൊഴിലാളികളുമാണ്. അതായത്, 88 ശതമാനത്തോളം പേര്‍ കാര്‍ഷിക, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഇവരില്‍ ഭൂരിഭാഗവും പണത്തെ ആശ്രയിക്കുന്നവരുമാണ്.

അതായത്, ഈ പണത്തിന്റെ അഭാവം വലിയ തോതിലുള്ള തൊഴില്‍ നഷ്ടമാണ് രാജ്യത്തുണ്ടാക്കിയത്. ഡല്‍ഹി, ബോംബെ പോലുള്ള വലിയ നഗരങ്ങളിലേക്കും ചെറുകിട നഗരങ്ങളിലേക്കും കുടിയേറിയിരുന്നവര്‍ തൊഴില്‍ നഷ്ടം സംഭവിച്ചതോടെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെ പോയിത്തുടങ്ങി. ഈ വര്‍ഷം മാത്രം മെയ്-ഓഗസ്റ്റ് മാസത്തില്‍ ഫാക്ടറികളിലും അസംഘടിത, സേവന മേഖലകളില്‍ ജോലി ചെയ്തിരുന്ന 59 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്ന് ചില കണക്കുകള്‍ പറയുന്നു. ഇവരൊക്കെ തിരികെ പോയത് തങ്ങളുടെ ഗ്രാമങ്ങളിലേക്കാണ്. അവര്‍ക്ക് അവിടെയുള്ള ആകെ തൊഴില്‍ കാര്‍ഷിക മേഖലയിലാണ്. ഈ കാര്‍ഷിക മേഖലയിലേക്കാണ് പ്രധാനമന്ത്രി കിസാന്‍ ആവാസ് യോജന പോലുള്ള പദ്ധതികള്‍ വഴി കുറഞ്ഞത് ചെറിയ വരുമാനമെങ്കിലും കര്‍ഷകര്‍ക്ക് നല്‍കുന്നത്. അതായത്, എല്ലാ വിധത്തിലും നിവൃത്തി കെട്ട മനുഷ്യര്‍ സര്‍ക്കാരിന്റെ കാരുണ്യത്തില്‍ ഏതു വിധത്തിലും ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. അവിടെ മോദി അവര്‍ക്ക് മിശിഹയായി തുടരും. അദ്ദേഹം തെരഞ്ഞെടുപ്പുകളും ജയിക്കും.

നോട്ട് നിരോധനത്തെ കുറിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോദി ഏതെങ്കിലും യോഗങ്ങളില്‍ പ്രസംഗിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? മാധ്യമങ്ങള്‍ക്ക് ഒരിക്കലും മുഖംകൊടുക്കാറില്ലാത്തതുകൊണ്ട് മോദിക്ക് ആരോടും മറുപടി പറയേണ്ടതില്ല. മഞ്ഞും മഴയും വെയിലും കൊണ്ട് സ്വന്തം പൈസയ്ക്കായി യാചിച്ചു കൊണ്ട് ക്യൂവില്‍ നിന്ന മനുഷ്യരോ, കൃഷിനാശവും ജീവിക്കാനുള്ള മാര്‍ഗവുമടഞ്ഞ് നഗരങ്ങളിലേക്ക് ചെറുകിട ജോലിക്കായി കുടിയേറിയവരടക്കം തൊഴില്‍ നഷ്ടപ്പെട്ടവരോ, ഇപ്പോള്‍ വമ്പന്‍ കമ്പനികള്‍ അടക്കം പിരിച്ചു വിടുന്നവരോ മോദിയോട് എന്തിനാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് ചോദിക്കില്ല. തങ്ങളുടെ പരാജയം മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും കോടിക്കണക്കിന് രൂപ പ്രൊപ്പഗണ്ട പരസ്യങ്ങള്‍ക്കായി ചിലവഴിക്കുന്നു. ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കുന്നു, ജനശ്രദ്ധ തിരിക്കാനുള്ള മണ്ടത്തരങ്ങളുമെഴുന്നെള്ളിച്ച് പാര്‍ട്ടി നേതാക്കളും മന്ത്രിമാരും നിരന്നു നില്‍ക്കുന്നു, ലോകത്തിനു മുന്നില്‍ വീമ്പു പറയാന്‍ കണക്കുകളില്‍ കൃത്രിമം കാട്ടുന്നു, സത്യസന്ധതയോ ആര്‍ജവമോ ഇല്ലാത്ത ഒരു ഭരണകൂടം ഒരു ജനതയോട് ചെയ്തത് എന്താണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നോട്ട് നിരോധനം.

Next Story

Related Stories