TopTop
Begin typing your search above and press return to search.

ഡൽഹി സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ് മാത്രമല്ല; എണ്ണമറ്റ വിഡ്ഢിത്തങ്ങളും ധാർഷ്ട്യവും സൂചിപ്പിക്കുന്നത് മറ്റു ചിലതാണ് - എഡിറ്റോറിയൽ  

ഡൽഹി സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ് മാത്രമല്ല; എണ്ണമറ്റ വിഡ്ഢിത്തങ്ങളും ധാർഷ്ട്യവും സൂചിപ്പിക്കുന്നത് മറ്റു ചിലതാണ് - എഡിറ്റോറിയൽ  

തലസ്ഥാന നഗരം എല്ലായ്‌പ്പോഴുമൊരു പ്രതീകമാണ്, എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്ന ഒരിടം, ഭരണകൂടങ്ങൾ അധികാരം കൈയാളുന്നത് പ്രകടമാകുന്ന സ്ഥലം, ഒരു രാജ്യം എങ്ങനെ ചലിക്കുന്നുവെന്നത് പ്രദര്‍ശിപ്പിക്കുന്നിടം, രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഒരു തീര്‍ത്ഥാടനം പോലെ വന്നുപോകാവുന്ന ഇടം... ഒരു രാജ്യത്തിന്റെ സൂക്ഷ്മഘടനയല്ല, മറിച്ച് ഒരു രാജ്യം എന്താണണെന്ന് പ്രദര്‍ശിപ്പിക്കാനുളള മികച്ച ഇടമാണത്.

അതുപോലെ തന്നെ തലസ്ഥാനത്ത് എന്തു സംഭവിക്കുന്നു എന്നത്, ഓരോ രാജ്യത്തിന്റേയും വലിയ യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയാണ്. രണ്ടാം യുപിഎ സര്‍ക്കാരിന് ഭരണത്തിലുള്ള നിയന്ത്രണങ്ങള്‍ കൈവിട്ടു തുടങ്ങിയ സമയം, ഇടനിലക്കാരും അവര്‍ വഴി വലിയ സ്വാധീനശേഷിയുള്ളവരും കരാറുകള്‍ സ്വന്തമാക്കുന്നുവെന്ന് ചര്‍ച്ചകള്‍ നഗരത്തില്‍ നിറഞ്ഞ സമയം, സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി തിരിച്ചുവരുന്നതു വഴി ഓടിക്കൊണ്ടിരുന്ന ബസില്‍ ഒരു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സമയം; അന്ന്, പ്രായഭേദമന്യേ ഡല്‍ഹി നിവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അത് ഒരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം മാത്രമായിരുന്നില്ല, മറിച്ച് ജീര്‍ണിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയോടുള്ള അമര്‍ഷവും രോഷവും കൂടിയായിരുന്നു അത്.

ജയ്പ്രകാശ് നാരായണനെ കേള്‍ക്കാനായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഡല്‍ഹിയിലെ രാംലീലാ മൈതാനിയിലേക്ക് പ്രവഹിച്ച 1975 ജൂണ്‍ 25-ന്റെ റാലി ഇതുപോലെ ഒരു പ്രതീകമായിരുന്നു. ആ റാലിയില്‍ ജയ്പ്രകാശ് നാരായണ്‍ രാംധാരി സിംഗ് 'ദിന്‍കറി'ന്റെ കവിതയില്‍ നിന്ന് ഇങ്ങനെ ഉറക്കെ ആലപിച്ചു: 'സിംഹാസന്‍ കാലി കരോ കേ ജനതാ ആതി ഹേ' (Empty out the throne, people are coming - സിംഹാസനത്തില്‍ നിന്നിറങ്ങുക, ജനങ്ങള്‍ വരുന്നു)- അന്ന് രാത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യതലസ്ഥാനം എന്നത് വെറുമൊരു നഗരം മാത്രമല്ല. മോസ്‌കോ പിടിച്ചാല്‍ നിങ്ങള്‍ രാജ്യം മുഴുവന്‍ പിടിച്ചു എന്ന് റഷ്യയില്‍ പറയും. ബെയ്ജിംഗ് നഗരം മലിനീകരണത്താല്‍ മൂടിയത് ചൈനീസ് ഭരണകൂടത്തിന് ഉണ്ടാക്കിയ മാനക്കേട് ചില്ലറയല്ല, പരിഹാര മാര്‍ഗങ്ങള്‍ അവര്‍ ദ്രുതഗതിയില്‍ നടപ്പാക്കി. മ്യാന്‍മാറില്‍ സൈനിക ഭരണകൂടം തങ്ങളുടെ സ്വന്തം തലസ്ഥാനം നിര്‍മിച്ച് Nay Pyi Taw എന്ന് പേരും നല്‍കി.

രാജ്യതലസ്ഥാനങ്ങള്‍ ഈ വിധത്തില്‍ പലതുകൊണ്ടും പ്രതീകാത്മകമാണ്. അവിടെ സംഭവിക്കുന്നതൊക്കെ ആ നഗരത്തിനു പുറത്തേക്കും പ്രതിധ്വനിക്കും.

നമ്മുടെ രാജ്യതലസ്ഥാനത്തിന് ഈയടുത്ത ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങള്‍, അവ പരസ്പരബന്ധിതമല്ലെങ്കില്‍ പോലും, വിശാലമായി നോക്കിക്കാണുകയാണെങ്കില്‍ അവ ചില കാര്യങ്ങള്‍ വ്യക്തമായി തന്നെ മുന്നോട്ടുവയ്ക്കുന്നു: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കൈയില്‍ കാര്യങ്ങള്‍ നില്‍ക്കുന്നില്ല, അധികാരത്തിനു മേലുള്ള അവരുടെ പിടി അയയുകയാണ്, അവരുടെ നയങ്ങള്‍ തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു, നിഷ്‌കരുണമായ വിധത്തില്‍ അധികാരം ഉപയോഗിച്ചുള്ള ഭരണത്തിന് അന്ത്യമാകുന്നതിന്റെ തുടക്കം കാട്ടിത്തുടങ്ങിയിരിക്കുന്നു.

അത്തരത്തിലുള്ള കാര്യങ്ങളുടെ ഒരു സൂചന കൂടിയായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ അരങ്ങേറിയത്. ആയിരക്കണക്കിന് പോലീസുകാരും അവരുടെ കുടുംബാംഗങ്ങളും അഭിഭാഷകര്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ നഗരത്തിലെ വിവിധ തെരുവുകളില്‍ പ്രതിഷേധവുമായി തടിച്ചുകൂടി. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഐടിഒ ജംഗ്ഷനിലുള്ള പോലീസ് ആസ്ഥാനത്തിനു മുമ്പില്‍ നടത്തിയ പ്രതിഷേധത്തില്‍ 2000-ത്തിലധികം പോലീസുകാരാണ് പങ്കെടുത്തത്. അത് അവസാനിച്ചതാകട്ടെ, നീണ്ട 10 മണിക്കൂറുകള്‍ക്കൊടുവില്‍. അഭിഭാഷകരും പോലീസുകാരുമായി വളരെ മോശമായ ബന്ധമാണ് പലപ്പോഴുമുള്ളത്. കേരളം പോലെ ചിലയിടങ്ങളിലാകട്ടെ, മാധ്യമ പ്രവര്‍ത്തകരുമായും അഭിഭാഷകര്‍ക്ക് മോശം ബന്ധമാണുള്ളത്.

ഇന്നലെയുണ്ടായ അസാധാരണമായ പ്രതിഷേധം പലരിലും, 1988-ല്‍ അന്ന് ഡിസിപി (നോര്‍ത്ത്) ആയിരുന്ന ചെറുപ്പക്കാരി കിരണ്‍ ബേദി ഐപിഎസും അഭിഭാഷരും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ഓര്‍മയില്‍ വന്ന്. "കിരണ്‍ ബേദിയെ വിളിക്കൂ, ഡല്‍ഹി പോലീസിനെ രക്ഷിക്കൂ" എന്ന പോസ്റ്ററുകള്‍ പോലും ഇന്നലെ ഉയര്‍ന്നു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പേഴ്‌സ് മോഷ്ടിച്ച ഒരാളെ ജനുവരി 15-ന് പോലീസ് അറസ്റ്റ് ചെയ്തതായിരുന്നു തുടക്കം. ഇയാള്‍ അഭിഭാഷകനാണെന്ന് പിന്നീട് വെളിപ്പെട്ടു. തീസ് ഹസാരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന സമയത്ത് ഇയാളെ വിലങ്ങണിയിച്ചതിനെതിരെ അഭിഭാഷകര്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ കിരണ്‍ ബേദി കുലുങ്ങിയില്ല. അഭിഭാഷകര്‍ സമരമാരംഭിച്ചു. ഇതിനിടെ കിരണ്‍ ബേദിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച അഭിഭാഷകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ഒടുവില്‍ ഫെബ്രുവരിയില്‍ 3000-ത്തോളം വരുന്ന ജനക്കൂട്ടം സമരം ചെയ്യുന്ന അഭിഭാഷകരെ ആക്രമിച്ചു. കിരൺ ബേദി ഏർപ്പെടുത്തിയ ആളുകളാണ് ഇതെന്ന് അഭിഭാഷകർ ആരോപിച്ചു

പക്ഷേ, ഈ രണ്ടു ഏറ്റുമുട്ടലുകളും തമ്മിലുള്ള താരതമ്യം അവിടെ അവസാനിച്ചു. അത് ഒരു ഐപിഎസ് ഓഫീസറും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലായിരുന്നു, ഒപ്പം, ഹൈക്കോടതി ഇടപെട്ട് പ്രശ്‌നത്തിന് അവസാനവും കുറിച്ചു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്നത് അറിയപ്പെടാത്ത, പോലീസ് റാങ്കിംഗിലെ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെയുള്ളവരും അഭിഭാഷകരും തമ്മിലുള്ള ഏറ്റുമുട്ടലാണ്. അതുകൊണ്ടു തന്നെ അതിന്റെ വ്യാപ്തിയും വലുതാണ്.

അതിനൊപ്പം പ്രധാനമായ ഒരു കാര്യമാണ്, അമിത് ഷായ്ക്ക് കീഴിലുള്ള ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസില്‍ നടപ്പാക്കുന്ന അസാധാരണ വിധത്തിലുള്ള നിയന്ത്രണവും നഗരത്തിലെ കാര്യങ്ങളില്‍ ഇടപെടുന്നതും. നഗരം ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ കീഴിലല്ല ഡല്‍ഹി പോലീസ്, അതുകൊണ്ടു തന്നെ ഈ പ്രശ്‌നങ്ങളില്‍ അവരെ കുറ്റപ്പെടുത്താനും കഴിയില്ല.

നഗരത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന പരാജയവും ഇതുപോലെ പല കാര്യങ്ങളിലും പ്രകടമാണ്. ഡല്‍ഹി നഗരം വിഷപ്പുക കൊണ്ട് നിറഞ്ഞിരിക്കുന്ന സമയത്താണ് ഇന്നലെയുണ്ടായ പ്രതിഷേധവും പ്രകടനങ്ങളും. എല്ലാ വര്‍ഷവും കൃത്യമായ ഇടവേളയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മലീനീകരണ പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന് മാത്രമായി പരിഹരിക്കാവുന്ന ഒന്നല്ല. കേന്ദ്രത്തിന്റെ മുന്‍കൈയില്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളുടെ കൂട്ടായ ശ്രമങ്ങള്‍ കൊണ്ടു മാത്രം പരിഹാരം കണ്ടെത്താന്‍ കഴിയുന്ന ഒരു വിഷയമാണത്.

വിഷപ്പുക മൂടിയിരിക്കുന്ന ഒരു നഗരത്തില്‍ പോലീസുകാര്‍ തങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് സമരം ചെയ്യുന്നതു മാത്രമല്ല, ഉത്സവ, ആഘോഷ സമയങ്ങളില്‍ മുമ്പെങ്ങും കാണാന്‍ കഴിയാത്ത വിധത്തിലുളള തണുപ്പന്‍ അവസ്ഥയാണ് നഗരത്തില്‍. ഇവിടുത്തെ മാര്‍ക്കറ്റുകള്‍ കാലിയാണ്, സമ്പദ്‌വ്യവസ്ഥ രൂക്ഷമായ പ്രതിസന്ധിയിലാണെന്നതിന്റെ എല്ലാ ലക്ഷണങ്ങളും എവിടെയും പ്രകടമാണ്. മാല പൊട്ടിക്കലും ഫോണ്‍ തട്ടിപ്പറിക്കലുകളുമടക്കമുള്ള ചെറുകിട കുറ്റകൃത്യങ്ങള്‍ മുമ്പത്തേതിനേക്കാള്‍ വ്യാപകമാവുകയും ചെയ്തിട്ടുണ്ട്.

വാട്‌സ്ആപ് പോലുള്ള സുരക്ഷിതമായ വിനിമയമാര്‍ഗങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥലം കൂടിയാണ് തലസ്ഥാനം. ചോര്‍ത്തലിനെ കുറിച്ചുള്ള പ്രതികരണമായി വാട്‌സ്ആപ്പിനോട് വിശദീകരണം ആരാഞ്ഞ വിഡ്ഡിത്തം നിറഞ്ഞ പരിപാടി നടപ്പാക്കിയ സര്‍ക്കാരിന്റെ ആസ്ഥാനവും ഈ നഗരത്തിലാണ്. പെഗാസസ് എന്ന ഇസ്രായേല്‍ സോഫ്റ്റ്‌വേര്‍ സര്‍ക്കാരിന്റെ അനുമതിയോടു കൂടി, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

ഏതോ ഇന്ത്യന്‍ ഏജന്‍സികള്‍ ഈ സ്പൈവെയര്‍ സ്വന്തമാക്കുകയും ചിലരെ രഹസ്യമായി നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഒന്നുകില്‍ അത് അംഗീകരിക്കുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക. അതിനു പകരം മോദി സര്‍ക്കാര്‍ ചെയ്യുന്നത് ജനങ്ങളെ മണ്ടന്മാരാക്കുന്ന വിധത്തിലുള്ള കാര്യങ്ങള്‍ തുടര്‍ച്ചയായി ചെയ്തു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരും അതിന്റെ ഭാഗമായുള്ള വ്യക്തികളുമൊക്കെ ഓരോ ദിവസവും വിഡ്ഡിത്തങ്ങള്‍ നിറഞ്ഞ പ്രസ്താവനകളും വിശകലനങ്ങളുമൊക്കെയായി രംഗത്തെത്തുകയാണ്. കഴിഞ്ഞയാഴ്ച ഏതോ ഒരു സ്ത്രീ, വെറുപ്പിന്റെ ഉത്പാദകരായ ഒരുകൂട്ടം മനുഷ്യരെ യൂറോപ്പില്‍ നിന്ന് എഴുന്നെളളിച്ചു കൊണ്ടു വന്ന് കാശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതും നമ്മള്‍ കണ്ടു. അവര്‍ ഡല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ടു.

നോട്ട് നിരോധനം മുതല്‍ വാട്‌സ്ആപ് വരെ നീളുന്ന, എണ്ണമറ്റ അനേകം വിഡ്ഡിത്തങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും അജ്ഞതയ്ക്കും തുടര്‍ച്ചയായി പരസ്യവേദിയാവുകയാണ് ഏതാനും വര്‍ഷങ്ങളായി ഈ നഗരം.

സാമ്രാജ്യങ്ങളുടെ ശവപ്പറമ്പാണ് ഡല്‍ഹിയെന്ന് ചിലര്‍ പറയാറുണ്ട്. ഏറ്റവും കുഴപ്പം പിടിച്ച നഗരമെന്ന് മറ്റു ചിലര്‍ വിശേഷിപ്പിക്കും. അങ്ങനെ വിവിധ രീതിയിലുള്ള, എണ്ണമറ്റ കാര്യങ്ങള്‍ ഉണ്ട് ഈ നഗരത്തില്‍. എന്നാല്‍ തുടര്‍ച്ചയായി ഇത്ര രൂക്ഷമായ വിധത്തിലുള്ള ഔദ്ധത്യത്തിനും മണ്ടത്തരങ്ങള്‍ക്കും വെറുപ്പിനുമൊക്കെ ന്യൂഡല്‍ഹി സാക്ഷിയാകുന്നത് വളരെ കുറച്ചാണ്. ഈ കാര്യങ്ങളുടെയൊക്കെ വലിയൊരു പ്രതീകമാണ് തങ്ങള്‍ക്ക് സംരക്ഷണമാവശ്യപ്പെട്ട് പോലീസുകാര്‍ പോലീസ് ആസ്ഥാനത്തിനു മുമ്പില്‍ പ്രതിഷേധിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ രാജ്യമെമ്പാടും കാണുകയും ചെയ്യുന്നുണ്ട്.


Next Story

Related Stories