TopTop

ഡല്‍ഹി തിരഞ്ഞെടുപ്പിലെ പാകിസ്താന്‍ പരാമര്‍ശം - ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി തിരഞ്ഞെടുപ്പിലെ പാകിസ്താന്‍ പരാമര്‍ശം - ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് നിയമസഭ തിരഞ്ഞെടുപ്പില്‍ നടക്കുക ഇന്ത്യ-പാകിസ്താന്‍ ഏറ്റുമുട്ടലാണ് എന്ന് പറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥി കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. കപില്‍ മിശ്രയുടെ വര്‍ഗീയ ട്വീറ്റ് നീക്കം ചെയ്യാന്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നിരവധി മിനി പാകിസ്താനുകളുണ്ട് എന്നായിരുന്നു മുസ്ലീങ്ങളെ ഉദ്ദേശിച്ച് കപില്‍ മിശ്രയുടെ വിവാദ പരാമര്‍ശം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഷഹീന്‍ബാഗ് പാകിസ്താന് ഇന്ത്യയില്‍ പ്രവേശിക്കാനുള്ള കവാടമാണ് എന്ന് കപില്‍ മിശ്ര പറഞ്ഞിരുന്നു.

ഷഹീന്‍ബാഗ്, ചാന്ദ്ബാഗ്, ഇന്ദര്‍ലോക് എന്നീ ഭാഗങ്ങളെല്ലാം ഇത്തരത്തിലുള്ളവയാണ് എന്ന് മിശ്ര പറഞ്ഞിരുന്നു. കപില്‍ മിശ്രയോട് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. ഒരു ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മിശ്ര മൂന്ന് ദിവസത്തെ സമയം ചോദിച്ചു. അതേസമയം താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും സത്യം പറയുന്നത് ഈ രാജ്യത്ത് കുറ്റമല്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കപില്‍ മിശ്ര പറഞ്ഞു. വര്‍ഗീയ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാവുന്നതുമാണ് കപില്‍ മിശ്രയുടെ പ്രസ്താവനയെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. മോഡല്‍ ടൗണ്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കപില്‍ മിശ്ര. അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനായിരുന്ന കപില്‍ മിശ്ര പിന്നീട് എഎപി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. മുഖ്യമന്ത്രി കെജ്രിവാള്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തു.


Next Story

Related Stories