TopTop
Begin typing your search above and press return to search.

ഇനി അങ്കം; കേരളത്തില്‍ ഏപ്രില്‍ ആറിന്, ഫലം മെയ് രണ്ടിന്, തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടം

ഇനി അങ്കം; കേരളത്തില്‍ ഏപ്രില്‍ ആറിന്, ഫലം മെയ് രണ്ടിന്, തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടം

കേരളം അടക്കം അഞ്ചിടത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. കേരളം, തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടക്കും.മലപ്പുറം ഉപതെരഞ്ഞെടുപ്പും അതേ ദിവസം തന്നെ നടക്കും, വോട്ടെണ്ണല്‍ മേയ് 2ന് നടക്കുമെന്നും സുനില്‍ അറോറ അറിയിച്ചു. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. 20 ന് സൂക്ഷ്മ പരിശോധന, 22 ന് പിന്‍വലിക്കാന്‍ അവസരം. ദീപക് മിശ്ര ഐപിഎസ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനാകും. ഇതിന് പുറമേ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കും. പുഷ്‌പേന്ദ്ര കുമാര്‍ പുനിയ കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍.

ആസാമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. മേയ് 2നായിരിക്കും വോട്ടെണ്ണൽ. 47 മണ്ഡലങ്ങളിലേക്കാണ് ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രിൽ 1നും മൂന്നാംഘട്ടം ഏപ്രിൽ 6നും നടക്കും. പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രിൽ ആറിനായിരിക്കും തെരഞ്ഞെടുപ്പ്.തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് തന്നെ. ഒറ്റഘട്ടമായിട്ടായിരിക്കും ഈ തെരഞ്ഞെടുപ്പും വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, 17,22,26, 29 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് തീയതികള്‍.

ആകെ 18.69 കോടി വോട്ടര്‍മാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍. 3 ലക്ഷം സര്‍വീസ് വോട്ടര്‍മാര്‍. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വന്‍തോതില്‍ ഉയരും. കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി 40771 ആയി വര്‍ധിപ്പിക്കും. ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടാം, 80 വയസിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. ഓണ്‍ലൈനായും പത്രിക നല്‍കാം. വാഹന റാലിക്ക് അഞ്ച് വാഹനങ്ങള്‍ മാത്രം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും സുനില്‍ അറോറ പറഞ്ഞു. കോവിഡിനിടെ വിജയകരമായി പൂര്‍ത്തിയാക്കിയ ബിഹാര്‍ തെരഞ്ഞെടുപ്പ് അഭിമാനനേട്ടമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാമാരിക്കിടയിലും കാര്യങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായെന്നും സുനില്‍ അറോറ പറഞ്ഞു.


Next Story

Related Stories