TopTop
Begin typing your search above and press return to search.

കെജ്‌രിവാള്‍ അദ്ഭുതം ആവര്‍ത്തിക്കുമോ? തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

കെജ്‌രിവാള്‍ അദ്ഭുതം ആവര്‍ത്തിക്കുമോ? തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

മോദി തരംഗത്തിന് ആദ്യം ബ്രെയ്ക്കിട്ടത് 2015 ല്‍ അരവിന്ദ് കേജ്‌രിവാളായിരുന്നു. 30 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലേറിയ നരേന്ദ്ര മോദിക്ക് ആദ്യത്തെ തിരിച്ചടി തലസ്ഥാനത്തുനിന്നാണ് ഉണ്ടായത്. ആ തിരിച്ചടിയെ മോദി പിന്നീട് അഞ്ച് വര്‍ഷം കൊണ്ട് അതിജീവിച്ചുവെന്നത് യാഥാര്‍ത്ഥ്യം. പക്ഷെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അത്യപൂര്‍വ ജയത്തിലൂടെയായിരുന്നു കേജ്‌റിവാള്‍ അന്ന് ബിജെപിയെ ഞെട്ടിക്കുകയും കോണ്‍ഗ്രസിനെയും ഡല്‍ഹി ഭരണത്തില്‍നിന്ന് തുരത്തുകയും ചെയ്തത്. കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ മോദിക്ക് മുന്നില്‍ നേര്‍ക്കുനേര്‍ വീണ്ടും അഞ്ച് വര്‍ഷത്തിന് ശേഷം കെജ്‌രിവാള്‍ വരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ ഇനിയുള്ള രാഷട്രീയ ഇന്ത്യയുടെ കണ്ണുകള്‍ ഡല്‍ഹിയിലായിരിക്കും.

2015 ലെ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 70 സീറ്റുകളില്‍ 67 എണ്ണത്തില്‍ വിജയിച്ചാണ് ആം ആദമി പാര്‍ട്ടി ചരിത്രം കുറിച്ചത്. 2014 ലെ മോദി തംരഗത്തിന് ശേഷമുള്ള ഈ വിജയം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തി. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നാമാവിശേഷമായി. 2019 ല്‍ എത്തുമ്പോഴെക്കും അരവിന്ദ് കേജ്‌രിവാള്‍ എന്ന രാഷ്ട്രീയകാരന്‍ മാറി. മുഖ്യധാര രാഷ്ട്രീയ എഴുത്തുകളില്‍ അദ്ദേഹം കൂടുതല്‍ 'പക്വത' നേടിയ നേതാവായി. 2013 ലെ ആദ്യ വിജയത്തിന് ശേഷവും 2015 നു ശേഷവും മോദിയെ എതിരിടുന്ന, മോദിക്കെതിരെ ഉയരാവുന്ന പ്രധാന നേതാവായിട്ടായിരുന്നു കേജ്‌രിവാള്‍ സ്വയം അവതരിപ്പിച്ചിരുന്നത്. മോദിയെ അദ്ദേഹം നിരന്തരം നേരിട്ടു. ഡല്‍ഹിയുടെ സംസ്ഥാന പദവി സംബന്ധിച്ചും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തെ സംബന്ധിച്ചും കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടി. മോദിയെ എതിര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള അക്രമോത്സുക രാഷ്ട്രീയമായിരുന്നു ഏറെക്കാലവും അരവിന്ദ് കേജ്‌രിവാള്‍ പിന്തുടര്‍ന്നത്. വിശ്വസ്തനായിരുന്ന നജീബ് ജംഗിനെ ഉപയോഗിച്ച് കേജ് രിവാളിനെ ശ്വാസം മുട്ടിക്കാൻ മോദിയും ശ്രമിച്ചു. മോദിയെ നേരിടുന്നതിലൂടെ അത് തന്റെ പാര്‍ട്ടിയുടെ സ്വാധീനം ഡല്‍ഹിക്ക് അപ്പുറം വ്യാപിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പിന്നിട് പതുക്കെ നിലപാടില്‍ മാറ്റം വരുത്തുന്ന കെജ്‌രിവാളിനെയാണ് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത്. ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തില്‍നിന്ന് പതുക്കെ പിന്‍വാങ്ങി ഭരണത്തിന്റെ ചിട്ടവട്ടങ്ങളിലേക്ക് അദ്ദേഹം ഉള്‍വലിഞ്ഞു. അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ സൃഷ്ടിയായ കേജ്‌റിവാളിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കിട്ടിയ രാഷ്ട്രീയ പിന്തുണ മുഖ്യമായും മധ്യ വര്‍ഗത്തില്‍പ്പെട്ടവരുടെതായിരുന്നു. മോദിയുമായി എതിരിട്ടുകൊണ്ട് ഈ വിഭാഗത്തിന്റെ പിന്തുണ നിലനിര്‍ത്തുകയെന്നത് എളുപ്പമായിരിക്കില്ലെന്ന തോന്നല്‍ ആക്രമോല്‍സുക നിലപാടില്‍നിന്ന് പിന്തിരിയാന്‍ ചിലപ്പോള്‍ അരവിന്ദ് കേജ്‌റിവാളിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപിയ്ക്കുണ്ടായ വന്‍ വിജയം മോദി Vs കേജ്‌രിവാള്‍ എന്ന സമവാക്യം തനിക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ പോന്നതായിരുന്നു സിഎസ് ഡി എസിന്റെ ഈയടുത്ത് പുറത്തുവന്ന സര്‍വെ പ്രകാരം 90 ശതമാനം ആളുകളും കേജ്‌റിവാളിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയാണ് ചെയ്തത്. അതേസമയം ഇതേ ആളുകളില്‍ ഭൂരിപക്ഷം മോദിയെ കേന്ദ്രത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും സര്‍വെ പറയുന്നു. കേന്ദ്രത്തില്‍ മോദിയും ഡല്‍ഹിയില്‍ ആം ആദ്മിയുമെന്ന രാഷ്ട്രീയമാണ് കേജ്‌രിവാളിനെ പിന്തുണയ്ക്കുന്നവരില്‍ വലിയൊരു വിഭാഗത്തിനുമുള്ളതെന്ന് വേണം കണക്കാക്കാന്‍. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും ഭരണരംഗത്ത് പൊതുവിലുണ്ടാക്കിയ സുതാര്യതയുടെയും പിന്‍ബലത്തിലാണ് കേജ്‌രിവാള്‍ വോട്ടുതേടുക. അതേസമയം പൗരത്വ നിയമ ഭേദഗതിയുണ്ടാക്കിയ രാഷ്ട്രീയ ചലനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയപ്പോഴും കഴിഞ്ഞ ആറ് മാസത്തിലേറെക്കാലമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. രാജസ്ഥാന്‍,മധ്യപ്രദേശ്, ചത്തീസ്ഗണ്ട്, മഹാരാഷ്ട്ര,ഝാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായത്. ഈ ട്രെന്റിന് അറുതിവരുത്താനാകും ബിജെപിയുടെ ശ്രമം. എന്നാല്‍ കേജ്‌രിവാളിന്റെ ജനപ്രിയതയെ മറികടക്കാന്‍ ദേശീയതയുടെയും ധ്രൂവീകരണത്തിന്റെയും രാഷ്ട്രീയം കൊണ്ട് സാധിക്കുമൊ എന്നതാണ് കണ്ടറിയേണ്ടത്.


Next Story

Related Stories