പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ കാര്യങ്ങളില്‍ വ്യക്തത വരുത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാര്‍ തെരഞ്ഞെടുപ്പിനെ എന്‍ഡിഎ നേരിടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബിഹാറിലെ വൈശാലിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ഈ പ്രഖ്യാപനം.
ജെഡിയു സംസ്ഥാന വൈസ് പ്രസിഡണ്ടായ പ്രശാന്ത് കിഷോര്‍ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ തുടര്‍ച്ചയായി പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്ന സാഹചര്യം ജെഡിയുവിലും എന്‍ഡിഎയിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. നിരവധി ജെഡിയു നേതാക്കള്‍ ഈ വിഷയത്തില്‍ അതൃപ്തരാണ്. എന്നാല്‍ നിതീഷ് കുമാര്‍ പാര്‍ലമെന്റിലെടുത്ത നിലപാട് തന്നെ തുടരുകയാണെന്ന സന്ദേശം ഇതിനകം പാര്‍ട്ടിക്ക് നല്‍കിക്കഴിഞ്ഞു. പാര്‍ലമെന്റില്‍ ജെഡിയുവിന്റെ കൂടി പിന്തുണയോടെയാണ് പൗരത്വ നിയമം പാസ്സായത്.
"എല്ലാ അഭ്യൂഹങ്ങള്‍ക്കും അന്ത്യം കുറിക്കുകയാണ്. ബിഹാറില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മത്സരിക്കും," അമിത് ഷാ പറഞ്ഞു. മുസ്ലിം സഹോദരങ്ങളോട് പൗരത്വനിയമ ഭേദഗതി എന്താണെന്ന് പറഞ്ഞുതരുന്നതിനാണ് താന്‍ ഇവിടെ എത്തിയതെന്നും വൈശാലിയില്‍ അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാര്‍ പൗരത്വ നിയമത്തിന്റെ കാര്യത്തില്‍ വ്യക്തതയുള്ള ഒരു നിലപാട് ഇതുവരെ എടുത്തിട്ടില്ല. ഇടയ്ക്കൊരിക്കല്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പറഞ്ഞുവെങ്കിലും പിന്നീട് അതിന് തുടര്‍ച്ചയായി ഒരു പ്രസ്താവന നടത്താന്‍ അദ്ദേഹം തുനിഞ്ഞില്ല.