TopTop
Begin typing your search above and press return to search.

ബംഗാളില്‍ ആധിപത്യം സ്ഥാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്; തമിഴ്‌നാട്ടില്‍ ചുവടുറപ്പിച്ച് ഡിഎംകെ

ബംഗാളില്‍ ആധിപത്യം സ്ഥാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്; തമിഴ്‌നാട്ടില്‍ ചുവടുറപ്പിച്ച് ഡിഎംകെ

കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസ്സം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുകയാണ്. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി 99 സീറ്റുകളുമായി ഞെട്ടിപ്പിക്കുന്ന വിജയം സ്വന്തമാക്കിയപ്പോള്‍ ബംഗാളില്‍ 215ന്റെ മൃഗീയ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചിരിക്കുന്നത്.

ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ ആകെയുള്ള 294 സീറ്റുകളില്‍ 292 സീറ്റുകളിലെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 214 സീറ്റുകളില്‍ ലീഡ്. 76 സീറ്റുകളിലാണ് ബിജെപിക്ക് ലീഡുള്ളത്. കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് നിലവില്‍ ഒരു സീറ്റില്‍ ലീഡുണ്ട്..

അതേസമയം, നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരി 1,622 വോട്ടുകള്‍ക്ക് വിജയിച്ചു. എന്നാല്‍ നന്ദിഗ്രാമിലെ വോട്ടെണ്ണലില്‍ ചില കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെന്ന് മമതാ ബാനര്‍ജി പറഞ്ഞു. വലിയ കാര്യങ്ങള്‍ക്കു വേണ്ടി നടക്കുമ്പോള്‍ ചില ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും. കോടതിയില്‍ പോകുമെന്നും മമത പറഞ്ഞു. നന്ദിഗ്രാമില്‍ അവസാന റൗണ്ട് വോട്ടെണ്ണിയിട്ടില്ലെന്നും വീണ്ടും വോട്ടെണ്ണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ 151 ഇടത്ത് എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ ആധിപത്യം ഉറപ്പിക്കുകയാണ്. ഇവിടെ എഡിഎംകെ 82 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ഡിഎംകെയുടെ ആത്മവിശ്വാസം ശരിവെക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങള്‍.

അസമില്‍ ഭരണകക്ഷിയായ എന്‍ഡിഎ ആദ്യമൊക്കെ വന്‍ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അല്‍പം പ്രതിരോധത്തിലായിരുന്നു. ലോവര്‍ അസമില്‍ വന്‍ സ്വാധീനമുള്ള ബദ്റുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായും ബോഡോലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടിയുമായും ചേര്‍ന്ന് കോണ്‍ഗ്രസ് രൂപീകരിച്ച മഹാസഖ്യം വെല്ലുവിളിയാകുമെന്നായിരുന്നു ബിജെപി തന്നെ കരുതിയിരുന്നത്.

എന്നാല്‍ 126 മണ്ഡലങ്ങളില്‍ ഫലം വന്നപ്പോള്‍ കാര്യമായി പരിക്കുകളൊന്നുമില്ലാതെ എന്‍ഡിഎ മുന്നണി വീണ്ടും അധികാരം പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. അസമില്‍ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് ജനം ഒരിക്കല്‍കൂടി അവസരം നല്‍കിയിരിക്കുന്നു. സംസ്ഥാനത്ത് 77 ഇടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് 47 ഇടത്ത് മാത്രമാണ് പ്രതീക്ഷ നിലനിര്‍ത്തുന്നത്.

പുതുച്ചേരിയില്‍ എന്‍ ആര്‍ കോണ്‍ഗ്രസ് സഖ്യത്തിനാണു മുന്നേറ്റം. ഇതോടെ കര്‍ണാടയക്കുശേഷം രണ്ടാമത്തെ ബിജെപി സര്‍ക്കാര്‍ പുതുച്ചേരിയില്‍ വരുമെന്ന് ഉറപ്പായി. 11 സീറ്റുകളിലാണ് എന്‍ഡിഎയുടെ മുന്നേറ്റം. കോണ്‍ഗ്രസ് സഖ്യം ആറ് സീറ്റുകളിലാണു മുന്നിട്ടുനില്‍ക്കുന്നത്. ആറ് സീറ്റുകളില്‍ മറ്റുള്ളവരും മുന്നിട്ട് നില്‍ക്കുന്നു.


Next Story

Related Stories