TopTop

ഇലക്ടറൽ ബോണ്ട് ജനാധിപത്യത്തിന് ഭീഷണി, ജെപിസി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ഇലക്ടറൽ ബോണ്ട് ജനാധിപത്യത്തിന് ഭീഷണി, ജെപിസി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം. വിഷയം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. ഇലക്ട്രൽ ബോണ്ടുകളുടെ നിയമസാധുത സംബന്ധിച്ച് നേരത്തെയുള്ള സുപ്രീം കോടതി നിർദേശങ്ങൽ പാലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ രാജ്യസഭയിലും ലോക്‌സഭയിലും ഉന്നയിക്കുന്നത് തുടരുമെന്നും അറിയിച്ചു. കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. പാർലമെന്റിന്റെ ചോദ്യോത്തരവേളയിലും ഇന്ന് പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു.

2017 ന് മുമ്പ്, ഈ രാജ്യത്ത് ഒരു അടിസ്ഥാന ഘടന ഉണ്ടായിരുന്നു. രാഷ്ട്രീയത്തിൽ സമ്പന്നരുടെ ഇടപെടലിൽ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ‌ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവകൾ നൽകുന്നവരെ കുറിച്ചും അവരുടെ പശ്ചാത്തലത്തെകുറിച്ചും വ്യക്തതയില്ല. നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് ബോണ്ടുകൾ പുറപ്പെടുവിക്കാൻ 2018 ഏപ്രിൽ 11 ന് പി‌എം‌ഒ ഇടപെട്ടിരുന്നുന്നെന്നും മനീഷ് തിവാരി ലോക്സഭയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിലെ ഇരുസഭകളിലും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ബോണ്ടുകള്‍ സംബന്ധിച്ച ചട്ടം മറികടക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായുള്ള രേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നോട്ടീസ്. ഇംഗ്ലീഷില്‍ ഹഫിംഗ്ടണ്‍ പോസ്റ്റും മലയാളത്തില്‍ അഴിമുഖവുമാണ് ഈ രേഖകള്‍ പുറത്തുവിട്ടത്.

ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വന്ന പ്രത്യേക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതേ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ അനധികൃത വില്‍പ്പന ആരംഭിക്കുകയും ചെയ്തതിന്റെ രേഖകളാണ് പുറത്തുവന്നത്. റിസര്‍വ് ബാങ്ക് അധികൃതരുടെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍്പ്പുകള്‍ അവഗണിച്ച് നടപ്പാക്കിയ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി വിദേശ കമ്പനികള്‍ക്കും ഇന്ത്യന്‍ വ്യവസായികള്‍ക്കും രാഷ്ട്രീയ രംഗത്ത് പണമിറക്കാനുള്ള നിയമസാധുതയുള്ള വഴികള്‍ തുറന്നുകൊടുത്തു.

2017ലെ അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ ദാതാക്കളുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുവരുത്തിയിരുന്നു. അതിലൂടെ തങ്ങള്‍ക്ക് ആരില്‍ നിന്നാണ് സംഭാവന ലഭിക്കുന്നതെന്ന് പോലും വെളിപ്പെടുത്തേണ്ടാത്ത സാഹചര്യമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കിയതിലൂടെ വന്നുചേര്‍ന്നത്. അതുപോലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പണം സംഭാവന ചെയ്യാനുള്ള നിബന്ധനകളും പിരിധികളും എടുത്തുകളയുകയും ചെയ്തു. അതോടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധികളില്ലാതെ പണം നല്‍കാനുള്ള രാഷ്ട്രീയ സാഹചര്യവും രൂപപ്പെട്ടെന്നാണ് ആരോപണം.


തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെങ്ങനെ എന്ന് വിശദമാക്കുന്ന അഴിമുഖം റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം.


Next Story

Related Stories