TopTop

തെരഞ്ഞെടുപ്പ് ബോണ്ടില്‍ നിയമലംഘനം ചര്‍ച്ചയാക്കാന്‍ അനുവദിക്കാതെ രാജ്യസഭ

തെരഞ്ഞെടുപ്പ് ബോണ്ടില്‍ നിയമലംഘനം ചര്‍ച്ചയാക്കാന്‍ അനുവദിക്കാതെ രാജ്യസഭ

നിയമലംഘനത്തിനും അഴിമതിക്കും വഴിവയ്ക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ നല്‍കിയ നോട്ടീസിലെ ചര്‍ച്ചയ്ക്കിടെ ബഹളം. തുടര്‍ന്ന് സ്പീക്കര്‍ രണ്ട് മണി വരെ സഭ നിര്‍ത്തി വച്ചു. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി അനുവദിച്ചില്ല. ബോണ്ടുകള്‍ സംബന്ധിച്ച ചട്ടം മറികടക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായുള്ള രേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നോട്ടീസ്. നിഥിന്‍ സേതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇംഗ്ലീഷില്‍ ഹഫിംഗ്ടണ്‍ പോസ്റ്റും മലയാളത്തില്‍ അഴിമുഖവുമാണ് പുറത്തുകൊണ്ടുവന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ മിനിറ്റുകളോളം സംപ്രേക്ഷണം നിര്‍ത്തിവച്ചു. ഇതിനിടെ സഭ നിര്‍ത്തിവയ്ക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി. നിഥിന്‍ സേതിയുടെ റിപ്പോര്‍ട്ടില്‍ പുറത്തുവിട്ട രേഖകളാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ വച്ചത്.

ലോക്‌സഭയില്‍ ശൂന്യവേളയില്‍ മനീഷ് തിവാരി എംപിയാണ് വിഷയം ഉന്നയിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം ട്രഷറി ബെഞ്ചില്‍ നിന്നും പ്രതിഷേധം ഉയരാന്‍ കാരണമായി. അതോടെ അദ്ദേഹത്തിന് പ്രസംഗം തുടരാന്‍ സാധിക്കാതാകുകയും ചെയ്തു.

കോണ്‍ഗ്രസാണ് ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയത്. ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വന്ന പ്രത്യേക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതേ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ അനധികൃത വില്‍പ്പന ആരംഭിക്കുകയും ചെയ്തതിന്റെ രേഖകളാണ് പുറത്തുവന്നത്. റിസര്‍വ് ബാങ്ക് അധികൃതരുടെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍്പ്പുകള്‍ അവഗണിച്ച് നടപ്പാക്കിയ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി വിദേശ കമ്പനികള്‍ക്കും ഇന്ത്യന്‍ വ്യവസായികള്‍ക്കും രാഷ്ട്രീയ രംഗത്ത് പണമിറക്കാനുള്ള നിയമസാധുതയുള്ള വഴികള്‍ തുറന്നുകൊടുത്തു.

2017ലെ അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ ദാതാക്കളുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുവരുത്തിയിരുന്നു. അതിലൂടെ തങ്ങള്‍ക്ക് ആരില്‍ നിന്നാണ് സംഭാവന ലഭിക്കുന്നതെന്ന് പോലും വെളിപ്പെടുത്തേണ്ടാത്ത സാഹചര്യമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കിയതിലൂടെ വന്നുചേര്‍ന്നത്. അതുപോലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പണം സംഭാവന ചെയ്യാനുള്ള നിബന്ധനകളും പിരിധികളും എടുത്തുകളയുകയും ചെയ്തു. അതോടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധികളില്ലാതെ പണം നല്‍കാനുള്ള രാഷ്ട്രീയ സാഹചര്യവും രൂപപ്പെട്ടു.

കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തിയത് ഈ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഉപയോഗിച്ചാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകത്തില്‍ അയോഗ്യരായ വിമത എംഎല്‍എമാരുടെ ആസ്തിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനവാണ്. മുന്‍ മന്ത്രി എംടിബി നാഗരാജുവിന്റെയും ആനന്ദ് സിംഗിന്റെയും ആസ്തിയില്‍ നൂറ് കോടിയിലേറെ രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൂറ് മാറാന്‍ വാങ്ങിയ പണമാണ് ഇതെന്ന് ആരോപിച്ച് സ്വത്ത് കണക്ക് ഉപതെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കഴിഞ്ഞപ്പോഴാണ് ഒന്നര കൊല്ലം കൊണ്ട് വിമത എംഎല്‍എമാരുടെ ആസ്തിവര്‍ധനവിന്റെ കണക്ക് വന്നത്. ഏറ്റവും സമ്പന്നനായ എംഎല്‍എയായിരുന്ന എംടിബി നാഗരാജു ഇപ്പോള്‍ ഒസക്കോട്ടെയിലെ ബിജിപി സ്ഥാനാര്‍ത്ഥിയാണ്. 2018 തെരഞ്ഞെടുപ്പ് കാലത്തുള്ളതിനേക്കാള്‍ 180 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിന് വര്‍ധിച്ചത്. മന്ത്രിപദവി ഉള്‍പ്പെടെ രാജിവച്ച ജൂലൈ മാസത്തിന് ശേഷം നാഗരാജുവിന്റെ പേരില്‍ വന്ന സ്ഥിരനിക്ഷേപം 48 കോടി രൂപയുടേതായിരുന്നു. ജയിച്ചാല്‍ മന്ത്രിപദവി തന്നെയാണ് യെദ്യൂരപ്പ ഉറപ്പുനല്‍കിയിരിക്കുന്നത്.

വിജയനഗരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ആനന്ദ് സിംഗിന്റെ ആസ്തി 103 കോടിയാണ് വര്‍ധിച്ചത്. 2018ല്‍ ബിജെപിയില്‍ നിന്നും രാജിവച്ചാണ് ആനന്ദ് സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വിമതനായിരുന്ന ഭൈരവി ബസവരാജിന്റെ ആസ്തി 28 കോടിയും ജെഡിഎസ് വിമതന്‍ കെ ഗോപാലയ്യയുടെ ആസ്തി 7.5 കോടിയും കൂടി. ഇരുവര്‍ക്കും ഇത്തവണ ബിജെപി ടിക്കറ്റുണ്ട്. കെ സുധാകര്‍, ബി സി പാട്ടീല്‍ എന്നിവരുടെ കണക്കുകളും മോശമല്ല. എന്നാല്‍ വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച മുന്‍കോണ്‍ഗ്രസ് നേതാവ് രമേശ് ജര്‍ക്കിഹോളിയുടെ ആസ്തിയില്‍ കുറവാണുണ്ടായിരിക്കുന്നത്. 25 കോടി രൂപയാണ് ഇദ്ദേഹത്തിന് കുറഞ്ഞത്. കുതിരക്കച്ചവടത്തിന്റെ കണക്കറിയാന്‍ നാമനിര്‍ദ്ദേശ പത്രിക മാത്രം നോക്കിയാല്‍ മതിയെന്ന് കെപിസിസി അധ്യക്ഷന്‍ ദിനേഷ് കുണ്ടറാവു പറഞ്ഞു.


Next Story

Related Stories