TopTop

EXCLUSIVE: തെരഞ്ഞെടുപ്പ് ബോണ്ടില്‍ എസ് ബി ഐയുടെ കള്ളക്കളികള്‍, മോദി സർക്കാരിലെ ഉന്നതരെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാന്‍ ബാങ്ക് തയ്യാറായതിന്റെ രേഖകള്‍ പുറത്ത്

EXCLUSIVE: തെരഞ്ഞെടുപ്പ് ബോണ്ടില്‍ എസ് ബി ഐയുടെ കള്ളക്കളികള്‍, മോദി സർക്കാരിലെ ഉന്നതരെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാന്‍ ബാങ്ക് തയ്യാറായതിന്റെ രേഖകള്‍ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പദ്ധതിയായ തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ചു വിവരാവകാശനിയമ പ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയത് തെറ്റായ വിവരങ്ങളും അസത്യമായ വസ്തുതകളും. എന്നാല്‍, ബോണ്ടുകള്‍ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കേന്ദ്ര ധനകാര്യ വകുപ്പിന് എസ്. ബി. ഐ പതിവായി കൈമാറിയിരുന്നതായി അഴിമുഖം പരിശോധിച്ച രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേഷ് നായക് സമര്‍പ്പിച്ച വ്യക്തമായ 13 ചോദ്യങ്ങള്‍ക്കു എസ്. ബി. ഐ നല്‍കിയ അപൂര്‍ണ്ണവും വസ്തുതാവിരുദ്ധവുമായ മറുപടികള്‍ തെളിയിക്കുന്നത് മോദി സര്‍ക്കാരിലെ ഉന്നതരെ സംരക്ഷിക്കാന്‍ ബാങ്ക് അധികാരികള്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നാണ്. ബാങ്ക് നല്‍കിയ 'മറുപടികള്‍' ഒപ്പു വച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് എസ്.ബി.ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജരും സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ നരേഷ് കുമാര്‍ രഹേജയാണ്.
തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി അതിന്റെ സുതാര്യതയില്ലായ്മയുടെ പേരിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുടെ പേരിലും ഒട്ടേറെ വിമര്‍ശിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വെളിപ്പെടുത്തലുകള്‍ ഏറെ നിര്‍ണ്ണായകമാണ്. പദ്ധതിയിലെ വ്യവസ്ഥകള്‍ പ്രകാരം ആരൊക്കെ ആര്‍ക്കൊക്കെ പണം സംഭാവന ചെയ്തു എന്ന് കേന്ദ്ര സര്‍ക്കാരിന് കൃത്യമായി നിരീക്ഷിക്കാമെന്നിരിക്കെ, പ്രതിപക്ഷത്തിനോ പൊതുജനത്തിനോ ഈ വിവരങ്ങള്‍ അറിയാനുള്ള യാതൊരു മാര്‍ഗ്ഗങ്ങളും ഇല്ലെന്നതും പദ്ധതിയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള പ്രധാന വിമര്‍ശനമാണ്.
ബോണ്ട് പദ്ധതിയുടെ ഘടനയനുസരിച്ചു പദ്ധതി നടപ്പിലാക്കുന്ന നിഷ്പക്ഷ കക്ഷികളായി നിയമിച്ചിരിക്കുന്നത് എസ്.ബി.ഐ പോലുള്ള സ്ഥാപനങ്ങളെയാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അളവില്‍ക്കവിഞ്ഞ അധികാരം നല്‍കുന്ന നടപടിയാണിത്. നിഷ്പക്ഷകക്ഷികളായി പ്രവര്‍ത്തിക്കേണ്ടവര്‍ സര്‍ക്കാരിന് വേണ്ടി വസ്തുതകള്‍ മറച്ചു വയ്ക്കുന്നത് അവര്‍ക്കു ധനകാര്യവകുപ്പിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നതുകൊണ്ടാണ്.
ഓരോ തിരഞ്ഞെടുപ്പ് ബോണ്ടിലും രേഖപ്പെടുത്തിയിട്ടുള്ള
രഹസ്യ നമ്പര്‍
ഉപയോഗിച്ച് ഇടപാടിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള വിവരങ്ങള്‍ എസ്.ബി.ഐക്ക് കണ്ടെത്താനാവുമെന്നുള്ള വസ്തുത അഴിമുഖവും ഹഫ്പോസ്‌റ് ഇന്ത്യയും നവംബര്‍ 2019ല്‍ പുറത്തു കൊണ്ടുവന്നിരുന്നു. പൈസ നിക്ഷേപിക്കുന്ന ദാതാവിനു അജ്ഞാതനായി തുടരാമെന്നുള്ള സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നു ഇതോടെ തെളിഞ്ഞു. കേന്ദ്ര ധനകാര്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ എസ്.ബി.ഐ സ്വീകരിച്ചെന്നുള്ള വാര്‍ത്തയും വെളിച്ചത്തു കൊണ്ടുവന്നു.
പദ്ധതിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ വിവരങ്ങള്‍ കൈമാറാന്‍ ധനകാര്യ വകുപ്പിനോട് എസ്.ബി.ഐ നിയമവിരുദ്ധമായി അനുമതി ചോദിച്ചതായും അഴിമുഖം കണ്ടെത്തിയിരുന്നു. വിവരാവകാശ നിയമമനുസരിച്ചു എസ്.ബി.ഐ ഒരു സ്വതന്ത്ര സ്ഥാപനമാണ്. ആര്‍.ടി.ഐ പ്രകാരം വരുന്ന ചോദ്യങ്ങള്‍ക്കു മറുപടി നല്കാന്‍ അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ അനുമതിയുടെ ആവശ്യമില്ല.
2017 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ കീഴില്‍ ആദ്യത്തെ ബാച്ച് ബോണ്ടുകള്‍ വിറ്റത് 2018 മാര്‍ച്ചിനാണ്. അന്ന് തൊട്ടു ഇന്നോളം ദാതാക്കള്‍ ഈ പദ്ധതി എങ്ങനെ ഉപയോഗപ്പെടുത്തി എന്നൊരു ഏകദേശരൂപം കിട്ടത്തക്ക രീതിയിലാണ് നായ്കിന്റെ ചോദ്യങ്ങള്‍ ഘടനപ്പെടുത്തിയിരുന്നത്. (ആദ്യ ബാച്ചിലെ ബോണ്ടുകളില്‍ നിന്ന് ലഭിച്ച 95% തുകയും ബിജെപിയ്ക്കുള്ളതായിരുന്നെന്നുള്ളത് ശ്രദ്ധേയമാണ്)
നായ്ക് ഉന്നയിച്ച ചോദ്യങ്ങളില്‍ ചിലവ ആരാഞ്ഞത് എത്ര തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ അച്ചടിച്ചു, എത്രയെണ്ണം വാങ്ങുകയും വില്‍ക്കപ്പെടുകയും ചെയ്തു, ഓരോ ബോണ്ടുകളും പണമാക്കി മാറ്റിയ തീയ്യതി (ബോണ്ട് വാങ്ങിച്ച വ്യക്തി എത്ര നാള്‍ അത് കയ്യില്‍ വച്ചെന്ന് അറിയുന്നതിനായി), പണമാക്കി തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ കൈയൊഴിയുകയോ ചെയ്ത ബോണ്ടുകളുടെ ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളടങ്ങിയ രേഖകള്‍ എസ്.ബി.ഐ സൂക്ഷിച്ചു വയ്ക്കുന്ന കാലാവധി, കൈയൊഴിഞ്ഞ ബോണ്ടുകള്‍ സൂക്ഷിച്ചു വയ്ക്കുന്ന സ്ഥലം എന്നിവയെയെല്ലാം പറ്റിയാണ്.
ഈ ചോദ്യങ്ങളുടെ പ്രാധാന്യം വ്യക്തമാകുന്നത് തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ചു ആര്‍.ബി.ഐ ഉന്നയിച്ച ആശങ്കകള്‍ ചേര്‍ത്ത് വായിക്കുമ്പോഴാണ്. തത്വത്തില്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാമെന്നും ബോണ്ടുകള്‍ ഒരു പരിധിയിലേറെ പുറത്തു വന്നാല്‍ അത് ഇന്ത്യന്‍ കറന്‍സിയിന്മേലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനു കാരണമായേക്കാമെന്നുമാണ് ആര്‍.ബി.ഐ അഭിപ്രായപ്പെട്ടത്.
2018 ലും 2019 ലും എത്ര തുകയുടെ എത്ര ബോണ്ടുകള്‍ വീതം വില്‍ക്കപ്പെട്ടു എന്നുള്ള നായ്കിന്റെ ചോദ്യത്തിന് എസ്.ബി.ഐ കൊടുത്ത മറുപടി ഇപ്രകാരമാണ്: 'ചോദ്യകര്‍ത്താവ് ആവശ്യപ്പെട്ടിട്ടുള്ള രൂപത്തിലുള്ള വിവരങ്ങള്‍ കൈവശമില്ലാത്തതിനാല്‍ അവ നല്‍കാനാവില്ല.'
എന്നാല്‍ ഇത് സത്യമല്ല.
ആക്ടിവിസ്റ്റായ കൊമോഡോര്‍ ലോകേഷ് ബത്ര (റിട്ടയേര്‍ഡ്) വിവരാവകാശ നിയമപ്രകാരം സമ്പാദിക്കുകയും അഴിമുഖവും ഹഫ് പോസ്റ്റ് ഇന്ത്യയും പരിശോധിക്കുകയും ചെയ്ത രേഖകള്‍ പ്രകാരം ബോണ്ടുകളുടെ വില്പന സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്.ബി.ഐ സൂക്ഷിക്കുകയും അത് കൃത്യമായ ഇടവേളകളില്‍ ധനകാര്യ വകുപ്പിന് കൈമാറിവരികയും ചെയ്യുന്നുണ്ട്. ബോണ്ടുകളുടെ അച്ചടി സംബന്ധിചുള്ള വിഷയങ്ങളില്‍ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ബാങ്ക് സ്വീകരിക്കാറുമുണ്ട്.
ആദ്യ ബാച്ച് ബോണ്ടുകള്‍ വിറ്റതിനു ശേഷം അധികം വൈകാതെ 2018 ഏപ്രില്‍ 4 നു തന്നെ ഈ ബോണ്ടുകളുടെ വില്പനയും തിരിച്ചെടുക്കലും സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ എസ്.ബി.ഐ ധനകാര്യ വകുപ്പിന് നല്‍കിയിരുന്നു. ഇത് ഓരോ വില്പനയ്ക്കും തിരിച്ചെടുക്കലിനും ശേഷവും തുടര്‍ന്നു.


2018 മാര്‍ച്ചിൽ ബോണ്ട് വില്‍പ്പന തുടങ്ങിയതിനു ശേഷം വില്‍പ്പനയ്ക്ക് അനുമതിയുള്ള ഓരോ എസ്.ബി.ഐ ശാഖയില്‍ നിന്നും വിറ്റുപോയിട്ടുള്ള ബോണ്ടുകളുടെ ഇടപാടുകളെ കുറിച്ചുള്ള തീയ്യതി അടങ്ങുന്ന രേഖകള്‍ നായക് ആവശ്യപ്പെട്ടിരുന്നു.
ബാങ്കുകളുടെ ശാഖകളില്‍ നിന്നും എസ്.ബി.ഐ ഹെഡ് ഓഫീസ് ഈ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നത് 'ബാങ്കിന്റെ വിഭവങ്ങളുടെ ദുര്‍വിനിയോഗം ആകും'എന്നുമാണ് എസ്.ബി.ഐ പ്രതികരിച്ചത്.
ഇതും സത്യമല്ല.
അഴിമുഖത്തിന് ലഭിച്ച രേഖകള്‍ തെളിയിക്കുന്നത് എസ്.ബി.ഐയില്‍ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ ചുമതലയുള്ള ട്രാന്‍സാക്ഷന്‍ ബിസിനസ് യൂണിറ്റ് എന്ന പ്രത്യേക സംഘം ഉണ്ടെന്നാണ്. തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കേന്ദ്രീകൃത വിവരങ്ങള്‍ ഈ സംഘം ശേഖരിച്ചു സൂക്ഷിക്കുന്നുണ്ട്. ബാങ്കിന്റെ ശാഖകളില്‍ നിന്ന് പതിവായി ശേഖരിക്കുന്ന വിവരങ്ങള്‍ ബോണ്ടുകളുടെ വില്പന കാലാവധിയായ പത്തു ദിവസം കഴിയുമ്പോള്‍ ധനകാര്യവകുപ്പിനു കൈമാറുകയാണ് ചെയ്യുന്നത്.
എസ്.ബി.ഐക്ക് രാജ്യത്താകെമാനം 24,000 ശാഖകള്‍ ഉണ്ടെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട 32 ശാഖകള്‍ക്കു മാത്രമേ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കാന്‍ അനുമതിയുള്ളു. ഇത്രയും കുറച്ചു ശാഖകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ബാങ്കിന്റെ വിഭവങ്ങളുടെ ദുരുപയോഗമാകും എന്നുള്ളത് ന്യായമായ വാദമല്ല.


ഓരോ ഇടപാടിലും എത്ര തുകയുടെ എത്ര ബോണ്ടുകള്‍ വീതം കൈമാറ്റം ചെയ്യപ്പെട്ടു എന്നും ഇവയിലെത്രയെണ്ണം വാസ്തവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയെന്നുമുള്ള ചോദ്യങ്ങള്‍ക്കും ബാങ്ക് ഇതേ വാദമാണ് മറുപടിയായി നല്‍കിയത്.
എന്നാല്‍ ലോകേഷ് ബത്രയ്ക്കു ധനവകുപ്പില്‍ നിന്നും ലഭിച്ച രേഖകള്‍ പറയുന്നത് ബോണ്ടുകളുടെ വില്പന കാലാവധി കഴിയുന്നതിന്റെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഓരോ തുകയ്ക്കുമുള്ള ബോണ്ടുകളുടെ വില്പനയെക്കുറിച്ചുമുള്ള വിവരങ്ങള്‍ എസ്.ബി.ഐ വകുപ്പിന് കൈമാറാറുണ്ട് എന്നാണ്.
ഓരോ ബാച്ച് ബോണ്ടുകളില്‍ നിന്നും ആകെ എത്ര തുകയ്ക്കുള്ള ബോണ്ടുകള്‍ പണമാക്കി മാറ്റപ്പെട്ടു എന്നതിന്റെ വിശദാംശങ്ങള്‍ പോലും എസ്.ബി.ഐ വിവരാവകാശനിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി മുന്‍പ് നല്‍കിയിട്ടുണ്ട് എന്നതാണ് രസകരമായ വസ്തുത.
നായ്കിന്റെ ചോദ്യങ്ങളില്‍ വേറെ ചിലതു ബോണ്ട് പദ്ധതി നടപ്പിലാക്കുന്നതിന്റെ ചിലവുകളെക്കുറിച്ചാണ്. ഇതിനു വ്യക്തമായ മറുപടി നല്‍കാതിരിക്കാന്‍ എസ്.ബി.ഐ നിരത്തുന്ന കാരണം ഇതാണ്: 'ചോദ്യകര്‍ത്താവ് ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ വാണിജ്യരഹസ്യങ്ങളുടെ പരിധിയില്‍പ്പെടുന്നവയാണ്. ഇവ വെളിപ്പെടുത്തുന്നത് ബാങ്കിന് വിപണിയിലുള്ള മുന്‍തൂക്കത്തെ ബാധിക്കും.ഇത്തരം വിവരങ്ങള്‍ പുറത്തു വിടുന്നതിനു വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8 (1)(ഡി) ഇളവ് അനുവദിക്കുന്നതിനാല്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കാന്‍ കഴിയില്ല.'
തിരഞ്ഞെടുപ്പു ബോണ്ടുകളുടെ ഇടപാട് നടത്താനുള്ള അനുമതി എസ്.ബി.ഐക്ക് മാത്രമാണുള്ളത് എന്നതിനാല്‍ ഈ വാദം അസംബന്ധമാണ്. വേറെ ബാങ്കുകള്‍ക്കൊന്നും വില്പനയ്ക്കുള്ള അനുമതി ഇല്ലാത്തതിനാല്‍ എസ്.ബി.ഐക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളിയും ഉയരുന്നില്ല. തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി ഒരു സര്‍ക്കാര്‍ പദ്ധതി ആയി നടപ്പിലാക്കുക എന്നതാണ് എസ്.ബി.ഐയുടെ ചുമതല. അല്ലാതെ ഒരു സ്വതന്ത്ര സ്ഥാപനം നടത്തുന്ന വാണിജ്യലക്ഷ്യങ്ങളുള്ള പദ്ധതിയായല്ല. ഇതുകൂടാതെ പദ്ധതിയുടെ ചിലവുകളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം തന്നെ ബാങ്ക് സര്‍ക്കാരിനെ അറിയിക്കുന്നുമുണ്ട്.


നായ്കിന്റെ അവസാന ചോദ്യങ്ങളോട് എസ്.ബി.ഐ പരിഹാസരൂപേണയാണ് പ്രതികരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളോ ദാതാക്കളോ പണമാക്കി മാറ്റുകയോ കൈയൊഴിയുകയോ ചെയ്യുന്ന തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ കടലാസുപ്രതി ബാങ്ക് നശിപ്പിക്കാറാണ് പതിവ്. അതിനു മുന്‍പ് അവ എത്ര കാലം, എവിടെ സൂക്ഷിക്കുന്നു എന്നുള്ള നായ്കിന്റെ ചോദ്യത്തിന് ഈ വിവരം പുറത്തു വിടുന്നത് 'വ്യക്തിയുടെ സ്വകാര്യതയിലേയ്ക് അനാവശ്യമായ കടന്നു കയറ്റത്തിന് ഇടയാക്കും' എന്നാണ് ബാങ്ക് മറുപടി നല്‍കിയത്. ഇത്തരത്തില്‍ ആ വിവരവും നിഷേധിക്കപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം, പൗരന്മാരുടെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ചോ അല്ലെങ്കില്‍ മൂന്നാമതൊരു കക്ഷിയെകുറിച്ചോ ഉള്ള വിവരങ്ങള്‍ ആണ് ചോദ്യകര്‍ത്താവ് ചോദിച്ചുട്ടുള്ളതെങ്കില്‍ മാത്രമേ അവ പുറത്തു വിടാതിരിക്കാന്‍ കഴിയു. നായക് ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ രണ്ടു ഗണത്തിലും പെടുന്നതല്ലെന്നു വ്യക്തമാണ്.
മേല്പറഞ്ഞ വിഷയങ്ങളെ സംബന്ധിച്ച് ഹഫ്പോസ്റ്റ് ഇന്ത്യ എസ്.ബി.ഐയ്ക്ക് വിശദമായ ഒരു ചോദ്യാവലി അയച്ചിട്ടുണ്ട്. ബാങ്കിന്റെ പ്രതികരണം ലഭിയ്ക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.നിഥിന്‍ സേത്തി

നിഥിന്‍ സേത്തി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ബിസിനസ് ഇന്‍ഡ്യ, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്‍ഡ്യ, സ്ക്രോള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.

Next Story

Related Stories