TopTop
Begin typing your search above and press return to search.

യെസ് ബാങ്കിലെ 250 കോടി നിക്ഷേപം: കിഫ്ബിക്കെതിരെ ഇഡി അന്വേഷണം

യെസ് ബാങ്കിലെ 250 കോടി നിക്ഷേപം: കിഫ്ബിക്കെതിരെ ഇഡി അന്വേഷണം

സംസ്ഥാന സര്‍ക്കാറിന്റെ സുപ്രധാന വികസന പദ്ധതികള്‍ക്ക് ഉള്‍പ്പെടെ പണം കണ്ടെത്തുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെതിരെ (കിഫ്ബി) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍. യെസ് ബാങ്കില്‍ 250 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമാജ്‌വാദി പാർട്ടിയുടെ ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭ എംപി ജാവേദ് അലി ഖാന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. കിഫ്ബി സിഇഒ കെഎം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. നിലവിലെ അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.


സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ക്കാവശ്യമായ പണം, പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പാത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ധന വകുപ്പിന് കീഴിൽ കിഫ്ബി പ്രവർത്തിക്കുന്നത്. കിഫ്ബി ആക്ടിൽ നിഷ്കർഷിക്കുന്ന തരത്തിൽ പല സ്രോതസുകളിൽ നിന്ന് കിഫ്ബി പണം കണ്ടെത്തുന്നുണ്ട്.

പെട്രോളിയം സെസ്,മോട്ടോർവാഹന നികുതി എന്നിവയിലൂടെയുള്ള വരുമാനം, ആഭ്യന്തര വിപണിയിൽ നിന്നുള്ള വായ്പ, വിദേശ വിപണിയിൽ നിന്നുള്ള വായ്പ, സർക്കാരിൽ നിന്നുള്ള കോർപ്പസ് ഫണ്ട് ഇതിനു പുറമെ കെഎസ്എഫ്ഇ പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴിയും കിഫ്ബിയിലേക്ക് ഫണ്ട് എത്തുന്നു. പെട്രോളിയം സെസ്, മോട്ടോർവാഹനനികുതി എന്നീ ഇനങ്ങളിൽ നിന്നാണ് കിഫ്ബിക്ക് പ്രധാനമായും വരുമാനം വരുന്നത്.

Next Story

Related Stories