TopTop
Begin typing your search above and press return to search.

കാശ്മീരികളുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഇന്ത്യ ക്ഷണം പിൻവലിച്ചു; മോദിയുടെ 'പിആർ സ്റ്റണ്ടി'ൽ പങ്കെടുക്കാനില്ലെന്ന് ഇയു എംപി ക്രിസ് ഡേവിസ്

കാശ്മീരികളുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഇന്ത്യ ക്ഷണം പിൻവലിച്ചു; മോദിയുടെ പിആർ സ്റ്റണ്ടിൽ പങ്കെടുക്കാനില്ലെന്ന് ഇയു എംപി ക്രിസ് ഡേവിസ്

കാശ്മീരിലെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി സംവദിക്കാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ തനിക്കുള്ള സന്ദർശനാനുമതി നിഷേധിച്ചെന്ന് യൂറോപ്യൻ പാര്‍ലമെന്റിലെ ലിബറൽ ഡെമോക്രാറ്റ് എംപി ക്രിസ് ഡേവീസ്. ഇന്ന് യൂറോപ്യൻ യൂണിയൻ രാഷ്ട്രീയ നേതാക്കൾ കാശ്മീര്‍ സന്ദര്‍ശിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡേവീസിന്റെ ഈ പ്രസ്താവന. തനിക്ക് കാശ്മീരിൽ സ്വതന്ത്രമായി പുറത്തിറങ്ങി ആളുകളോട് സംസാരിക്കാൻ അവസരം ലഭിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്ന് ക്രിസ് ഡേവീസ് പറയുന്നു. ഒക്ടോബർ ഏഴിന് തനിക്ക് ലഭിച്ച ക്ഷണം തന്റെ നിലപാടറിഞ്ഞതിനു പിന്നാലെ പിൻവലിക്കപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു.

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നിന്നുള്ള ലിബറൽ ഡെമോക്രാറ്റ് എംപിയാണ് ക്രിസ് ഡേവീസ്. എന്താണ് ഇന്ത്യാ ഗവൺമെന്റ് ഭയക്കുന്നതെന്നും എന്താണ് ഒളിക്കാനുള്ളതെന്നും ഡേവീസ് ചോദിച്ചു.

യൂറോപ്യന്‍ പാർലമെന്റിന്റെ ഫിഷറീസ് കമ്മിറ്റി ചെയർമാൻ കൂടിയാണ് ഡേവീസ്. "മോദി സർക്കാരിന്റെ പിആർ സ്റ്റണ്ടിൽ പങ്കാളിയാകാൻ ഞാൻ തയ്യാറല്ല. എല്ലാം നന്നായി പോകുന്നുവെന്ന് ധരിപ്പിക്കാനാണ് ശ്രമം. കാശ്മീരിൽ ജനാധിപത്യ തത്വങ്ങളെല്ലാം ലംഘിക്കപ്പെട്ടിട്ടുണ്ടെന്നത് സുവ്യക്തമാണ്. ലോകം ഇത് ശ്രദ്ധിച്ചു തുടങ്ങേണ്ടിയിരിക്കുന്നു," അദ്ദേഹം വിശദീകരിച്ചു.

കാശ്മീരിൽ കാര്യങ്ങൾ ശരിയായ നിലയിലല്ല നീങ്ങുന്നതെന്ന് താൻ ഭയക്കുന്നതായി ക്രിസ് ഡേവീസ് പറഞ്ഞു. ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി പട്ടാളഭരണം സ്ഥാപിച്ചാൽ സർക്കാരിന് ജനങ്ങളുടെ ഹൃദയത്തിലിടം കിട്ടില്ല. അക്രമം നിറഞ്ഞ ഒരു തിരിച്ചടിക്ക് എല്ലാ സാധ്യതയും നിലനിൽക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.

അതെസമയം ഇന്ത്യാ സന്ദര്‍ശന പരിപാടികളുടെ ഭാഗമായി കാശ്മീരിലെത്തിയ യൂറോപ്യൻ യൂണിയൻ എംപിമാർക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞദിവസം വിരുന്ന് നല്‍കുകയുണ്ടായി. കാശ്മീർ മുൻ ഉപമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുസാഫർ ബേഗ്, കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ്, മുൻ പിഡിപി നേതാവ് അൽത്താഫ് ബുഖാരി എന്നിവരും ഈ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല തുടങ്ങിയ 250 നേതാക്കൾ ഇപ്പോഴും തടങ്കലിരിക്കെയാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്കുള്ള വിരുന്നിൽ സർക്കാർ പങ്കെടുപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.

യൂറോപ്യൻ പ്രതിനിധികളെ കാശ്മീരിൽ അനുവദിക്കുകയും രാജ്യത്തെ നേതാക്കളെ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്സും രംഗത്തു വന്നിരുന്നു. നേരത്തെ പ്രതിപക്ഷ നേതാക്കൾ കാശ്മീരിലെത്തിയ ഘട്ടത്തിലെല്ലാം അവരെ നിർബന്ധിതമായി തിരിച്ചയയ്ക്കുകയായിരുന്നു സർക്കാർ. ഇതുവരെ പ്രതിപക്ഷത്തിന് കാശ്മീരിലെ ജനങ്ങളുമായി സംവദിക്കാൻ അവസരമുണ്ടായിട്ടില്ല. യൂറോപ്യൻ പ്രതിനിധി സംഘത്തെ കാശ്മീരിൽ അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ പ്രതിപക്ഷത്തെ അവിടെ അനുവദിച്ചുകൂടായെന്ന് കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിളും ചോദിക്കുകയുണ്ടായി. ഇന്ത്യാക്കാർക്ക് കാശ്മീരിൽ പോകണമെങ്കിൽ സുപ്രീംകോടതിയിൽ പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ യുഎസ് സെനറ്ററായ ക്രിസ് വാൻ ഹോലൻ കാശ്മീര്‍ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ‌ അനുമതി നിഷേധിക്കപ്പെട്ടു. എന്താണ് അവിടെ നടക്കുന്നതെന്ന് പുറംലോകം അറിയരുതെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.

ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനു ശേഷം ജമ്മു കാശ്മീരിൽ പട്ടാളത്തിന്റെ ആധിക്യമുണ്ടെന്നും കടുത്ത നിയന്ത്രണങ്ങൾക്കുള്ളിലാണ് ജനം കഴിയുന്നതെന്നും റിപ്പോർട്ടുകൾ പരക്കെ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ സംഘത്തിന്റെ സന്ദർശനം. ജനാധിപത്യ ധ്വംസനങ്ങൾ നടക്കുന്നുണ്ടെന്നും മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നുമെല്ലാം ആരോപണങ്ങളുണ്ട്.


Next Story

Related Stories