TopTop
Begin typing your search above and press return to search.

കോവിഡ് രണ്ടാംതരംഗം തീവ്രാവസ്ഥയിൽ; വരുംദിവസങ്ങളിൽ കുറയാനിടയുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി

കോവിഡ് രണ്ടാംതരംഗം തീവ്രാവസ്ഥയിൽ; വരുംദിവസങ്ങളിൽ കുറയാനിടയുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി

കോവിഡ് രോഗത്തിന്റെ രണ്ടാംതരംഗം ഡൽഹിയിൽ എത്തിക്കഴിഞ്ഞെന്നും അതിന്റെ തീവ്രാവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ. വരുംദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകാമെന്നും വിദഗ്ധർക്ക് അഭിപ്രായമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈ 1 മുതൽ ഓഗസ്റ്റ് 17 വരെ കേസുകളുടെ വളർച്ച നിയന്ത്രണത്തിലായിരുന്നു. പിന്നീടവ ഉയർന്ന് 4500 വരെയെത്തി. ഇപ്പോൾ കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതായത്, രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടത്തിന്റെ കൊടുമുടിയിലാണ് ഇപ്പോഴുള്ളതെന്നും വരുംദിവസങ്ങളിൽ കേസുകൾ കുറയുമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടുന്ന കോവിഡ് റിവ്യൂ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ 20,000 വീതമായിരുന്നു ടെസ്റ്റിങ്. ഇത് വർധിപ്പിച്ച് 60,000 വരെയാക്കിയിട്ടുണ്ട്. കോവിഡ് രോഗം വലിയ തോതിൽ വർധിച്ചപ്പോൾ കേന്ദ്രത്തിന്റെയും എൻജിഒകളുടെയുമെല്ലാം സഹായത്തോടെ അതിനെ തടഞ്ഞുനിർത്താൻ തങ്ങൾക്കായെന്നും ഇതിൽ എല്ലാവരോടും നന്ദി പറയുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗം അതീവഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി.

ഇന്നുവരെ 2,56,789 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2,20,866 പേർക്ക് രോഗം ഭേദമായി. 5,087 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.

കഴിഞ്ഞമാസത്തിന്റെ അവസാനത്തോടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കാൻ തുടങ്ങിയത്. അതെസമയം കഴിഞ്ഞ കുറച്ചുനാളുകളായി കേസുകളുടെ എണ്ണം നാലായിരത്തിന് താഴെയാണ്. ഇതാണ് സർക്കാരിൽ പ്രതീക്ഷയുണർത്തിയിരിക്കുന്നത്. ഇന്നലെ 3,714 കേസുകളാണ് സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.


Next Story

Related Stories