TopTop
Begin typing your search above and press return to search.

Explainer: വ്യാപാരയുദ്ധം? പാകിസ്താനോട് ചാഞ്ഞ മലേഷ്യയിൽ നിന്ന് ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ

Explainer: വ്യാപാരയുദ്ധം? പാകിസ്താനോട് ചാഞ്ഞ മലേഷ്യയിൽ നിന്ന് ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ

2019 സെപ്തംബർ 27നാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് കാശ്മീരിലെ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് തനിക്കുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇന്ത്യ കാശ്മീരിലേക്ക് അധിനിവേശം നടത്തുകയും കീഴടക്കുകയും ചെയ്തെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാകിസ്താനൊപ്പം ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജമ്മു കാശ്മീരിലെ ഇന്ത്യയുടെ നടപടിക്കു പിന്നിൽ കാരണങ്ങളുണ്ടാകാമെങ്കിലും അത് തെറ്റായ നടപടിയായിരുന്നെന്നും മഹാതിർ മുഹമ്മദ് പറയുകയുണ്ടായി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ‌ സാരമായ വിള്ളലുണ്ടാക്കിയിരിക്കുകയാണ്.

രാഷ്ട്രീയ കാരണങ്ങൾ ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള കച്ചവട പങ്കാളിത്തതെ ബാധിക്കുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. യുഎസ്സും ചൈനയും തമ്മിൽ നടക്കുന്ന വ്യാപാര ശീതയുദ്ധം ഇതിനൊരു ഉദാഹരണമാണ്. കൊറിയൻ ഉപദ്വീപിൽ ജപ്പാൻ നടത്തിയ യുദ്ധകാല കോളനിവൽക്കരണവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ നിലവിൽ ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള കച്ചവട ബന്ധങ്ങളെ ബാധിക്കുന്നതായുള്ള വാർത്തകൾ വരുന്നുണ്ട്. സമാനമായ പ്രശ്നങ്ങൾ ലോകത്തിന്റെ പലയിടങ്ങളിലും നടക്കുന്നതിനിടെയാണ് ഇന്ത്യയും ചരിത്രത്തിലൊരിക്കലും നേരിട്ടിട്ടില്ലാത്ത അത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

എന്താണ് ഇന്ത്യയുടെ നിലപാട്?

വാക്കാലുള്ള പ്രതികരണത്തിന് ഇന്ത്യ മുതിർന്നിട്ടില്ല. പകരം, ഇന്നുവരെ മറ്റൊരു രാജ്യത്തിനു നേർക്ക് പ്രയോഗിച്ചിട്ടില്ലാത്ത ഒരായുധമാണ് ഇന്ത്യ ഇത്തവണ പ്രയോഗിക്കുന്നത്. മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി കുറയ്ക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. സെന്റർ ഫോർ ഇന്റർനാഷണൽ ട്രേഡ് ഇക്കണോമിക്സ് ആൻഡ് എൻവിറോൺമെന്റ് (ഇതൊരു സർക്കാരിതര സംഘടനയാണ്) പറയുന്നതു പ്രകാരം മലേഷ്യയില്‍ നിന്നുള്ള പാമോയിൽ ഇറക്കുമതി കുറയ്ക്കുകയും നിലവിൽ ഇന്തോനീഷ്യയിൽ നിന്നും നടത്തുന്ന ഇറക്കുമതി കൂട്ടുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ പദ്ധതി. ഇതോടൊപ്പം ഉക്രൈനിൽ നിന്നുള്ള ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയും വർധിപ്പിക്കും.

ഒരു രാഷ്ട്രീയ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ ഇന്നേവരെ തങ്ങളുടെ ഒരു കച്ചവട പങ്കാളിയെ കൈവിട്ടിട്ടില്ല.

എന്താണ് ഇന്ത്യ-മലേഷ്യ ബന്ധങ്ങളുടെ ചരിത്രം?

അത്ര പെട്ടെന്ന് വിട്ടെറിഞ്ഞ് പോരാവുന്ന തരത്തിലുള്ള ബന്ധമല്ല മലേഷ്യക്കും ഇന്ത്യക്കും തമ്മിലുള്ളത്. വലിയ തോതിൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ ഈ രാജ്യത്തുണ്ട്. ഇതുകൂടാതെ ശക്തമായ കച്ചവടബന്ധങ്ങളും രണ്ട് രാജ്യങ്ങൾ തമ്മിലുണ്ട്. 10.5 ബില്യൺ ഡോളറിന്റെ വാണിജ്യം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്നു. വരുംവർഷങ്ങളിൽ 25 ബില്യണിലേക്ക് ഉയർത്താൻ പദ്ധതിയുണ്ട്.

നജീബ് റസാഖ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മലേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറെ ഊഷ്മളമായിരുന്നു. എന്നാൽ പിന്നീട് ചുമതലയിലെത്തിയ മഹാതിർ മുഹമ്മദ് പാകിസ്താനോടാണ് കൂടുതൽ അടുപ്പം കാണിക്കുന്നത്.

ഇന്ത്യയില്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളിൽ മലേഷ്യൻ കമ്പനികളുടെ സാന്നിധ്യം വളരെ വലുതാണ്. മലേഷ്യയിലെ ഡോക്ടര്‍മാരിൽ 30 ശതമാവും ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയവരാണെന്ന് കണക്കുകൾ പറയുന്നു. മലേഷ്യയുടെ സുരക്ഷാ സൈന്യത്തിലെ അംഗങ്ങൾക്ക് ഇന്ത്യ പരീശീലനം നല്‍കാറുമുണ്ട്.

ഇന്ത്യയുടെ പുതിയ നീക്കം മലേഷ്യയെ എങ്ങനെ ബാധിക്കും?

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വർഷത്തിൽ 90 ലക്ഷം ടൺ. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും പാമോയിലാണ്. രാജ്യം ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്നത് മലേഷ്യയിൽ നിന്നാണ്. ഈ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിക്കുകയാണെങ്കിൽ അത് മലേഷ്യക്ക് വലിയൊരു തിരിച്ചടിയായി മാറും. മലേഷ്യയുടെ സാമ്പത്തിക വ്യവസ്ഥയെത്തന്നെ സാരമായി ബാധിക്കുന്ന ഒന്നായിരിക്കും അത്. 2019 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യ മലേഷ്യയിൽ നിന്ന് 3.9 മില്യണ്‍ ടണ്‍ പാമോയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്.

എന്താണ് ഇന്ത്യൻ പാമോയിൽ വ്യാപാരികളുടെ പ്രതികരണം?

പാമോയില്‍ വ്യാപാരികളുടെ സംഘടനയായ സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മലേഷ്യൻ പ്രധാനമന്ത്രി യുഎന്നിലെടുത്ത നിലപാടിനെ അപലപിച്ച് പ്രസ്താവനയിറക്കുകയുണ്ടായി. രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാകണം പാമോയിൽ വ്യാപാരികളുടെ നിലപാടെന്ന് ഇവർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്യുകയുമുണ്ടായി. മലേഷ്യയില്‍നിന്നുള്ള പാമോയില്‍ വാങ്ങരുതെന്നാണ് വ്യാപാരികളുടെയും ഇറക്കുമതിക്കാരുടെയും ഈ സംഘടന തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി അവസാനിപ്പിക്കുകയാണെങ്കിൽ അതിനോട് പൂർണമായ ഐക്യദാർഢ്യമുണ്ടെന്ന് ഇവർ പറയുന്നു.

കേന്ദ്ര സർക്കാർ തങ്ങളുടെ തീരുമാനം ഔദ്യോഗികമായി നടപ്പാക്കുന്നതിനു മുമ്പു തന്നെ പാമോയിൽ ഇറക്കുമതിക്കാർ ഒരു നിലപാടിലെത്തിയിരിക്കുകയാണ്.

എങ്ങനെയാണ് ഇന്ത്യ പ്രായോഗികമായി പ്രതികരിക്കുന്നത്?

മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന നികുതി ഏർപ്പാടാക്കുന്നത് അടക്കമുള്ള ആലോചനകൾ ഇന്ത്യ നടത്തുന്നുണ്ട്. ഇറക്കുമതി കുറയ്ക്കാൻ മറ്റ് മാർഗങ്ങളും ആരായുന്നുണ്ട്. കടുത്ത ഗുണനിലവാര പരിശോധന അടക്കമുള്ളവയും ഇതിലുൾപ്പെടും. കഴിഞ്ഞമാസം മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിക്ക് 5% തീരുവ കൂട്ടിയിരുന്നു ഇന്ത്യ. ആറു മാസത്തേക്കുള്ള ഈ തീരുവവർധന ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന എണ്ണയ്ക്ക് വിപണി കിട്ടാൻ വേണ്ടിയായിരുന്നു.

എന്താണ് മലേഷ്യയുടെ പ്രതികരണം?

തങ്ങളുടെ നിലപാടിൽ നിന്നും പിൻവാങ്ങില്ലെന്നാണ് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറയുന്നത്. തങ്ങൾ മനസ്സിലുള്ളത് പറഞ്ഞുവെന്നും അത് പിൻവലിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ അഭിപ്രായം പ്രകടിപ്പിക്കാതിരിക്കാൻ കഴിയില്ലെന്നും ഇല്ലെങ്കിൽ എന്തിനാണ് അത്തരമൊരു സംഘടനയെന്നും അദ്ദേഹം ആരാഞ്ഞു.

ഇന്ത്യൻ വ്യാപാരികളുടെ ബഹിഷ്കരണ ആഹ്വാനം സംബന്ധിച്ച് പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ട മാർഗം സംബന്ധിച്ച് ആലോചിക്കും.

വാണിജ്യയുദ്ധം?

ജനങ്ങളുമായി സംവദിക്കാനുള്ള വഴികളാണ് താനാലോചിക്കുന്നതെന്ന് മഹാതിർ മുഹമ്മദ് പറയുന്നു. ഇന്ത്യ ഇക്കാര്യത്തിൽ വ്യക്തമായി ഒരു നിലപാട് തുറന്ന് പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മഹാതിറിന്റെ ഈ പ്രസ്താവന. കച്ചവടമെന്നാൽ രണ്ടുകൂട്ടർ ചേർന്നാലേ നടക്കൂ എന്നും ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒരു വ്യാപാരയുദ്ധത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ച് പ്രശ്നത്തിനൊരു ശമനം വരുത്താൻ മലേഷ്യ ശ്രമിക്കുന്നുണ്ട്. ബീഫ്, പഞ്ചസാര എന്നിവ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട് മലേഷ്യ. ഇത് വർധിപ്പിച്ചിട്ടുണ്ട്.

തുർക്കിക്കെതിരെയും നീക്കം?

കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടുകളോട് വിയോജിക്കുന്ന തുർക്കിയോടും വ്യാപാരബന്ധങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യ ആലോചിക്കുന്നുണ്ട്.


Next Story

Related Stories