TopTop
Begin typing your search above and press return to search.

വിദ്വേഷ പ്രചാരണത്തോടുള്ള കമ്പനിയുടെ സമീപനം നിരാശപ്പെടുത്തുന്നതെന്ന് ഫേസ്ബുക്ക് ജീവനക്കാർ; മുസ്ലീങ്ങള്‍ക്കെതിരായ അധിക്ഷേപങ്ങളെ തള്ളിപ്പറയണമെന്നാവശ്യപ്പെട്ട് കത്ത്

വിദ്വേഷ പ്രചാരണത്തോടുള്ള  കമ്പനിയുടെ സമീപനം നിരാശപ്പെടുത്തുന്നതെന്ന് ഫേസ്ബുക്ക് ജീവനക്കാർ;  മുസ്ലീങ്ങള്‍ക്കെതിരായ അധിക്ഷേപങ്ങളെ തള്ളിപ്പറയണമെന്നാവശ്യപ്പെട്ട് കത്ത്

വിദ്വേഷ പ്രചാരണം തടയുന്നതിന് ഫേസ്ബുക്ക് ആവിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപ്പിലാക്കേണ്ടെന്ന ഫേസ്ബുക്ക് ഇന്ത്യയുടെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് ജീവനക്കാരുടെ പ്രതിഷേധം. പതിനൊന്ന് ജീവനക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് കമ്പനിയുടെ നേതൃത്വത്തിന് കത്തയച്ചു. മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തെ ഫേസ്ബുക്ക് തള്ളി പറയണമെന്ന് അവര്‍ കത്തില്‍ ആവശ്യപ്പെട്ടതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മുസ്ലീങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി നേതാക്കളെ അജീവനാന്തം വിലക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. വിദ്വേഷ പ്രചാരണത്തിനെതിരെ ബിജെപി നേതാക്കളെ വിലക്കിയാല്‍ അത് കമ്പനിയുടെ ഇന്ത്യയിലെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ അന്‍ഖി ദാസ് നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തെലങ്കാനയിലെ എം എല്‍ എ രാജസിംങിനെയും മററ് മൂന്ന് നേതാക്കൾക്കെതിരെയും ഉള്ള നടപടികള്‍ നടപ്പിലാക്കപ്പെട്ടില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം വാള്‍ സട്രീറ്റ് ജേണലാണ് പുറത്തുകൊണ്ടുവന്നത്. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധം ഫേസ്ബുക്കിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഫേസ്ബുക്കിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ശക്തമായി ഉയര്‍ത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കമ്പനിയിലെ വിവിധ രാജ്യങ്ങളില്‍നിന്നുളള ഉദ്യോഗസ്ഥര്‍ കത്തയച്ചത്. ഇന്ത്യയിലെ ഫേസ്ബുക്ക് പൊളിസി ഡയറക്ടറാണ് അൻഖി ദാസ്

മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തെ പൂര്‍ണമായി തള്ളിപറയാന്‍ ഫേസ്ബുക്ക് തയ്യാറാകണമെന്ന് ഇവര്‍ കത്തില്‍ കമ്പനിയുടെ നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ക്കെതിരായ പ്രചാരണത്തോടുള്ള സമീപനത്തില്‍ കൂടുതല്‍ സുതാര്യത കമ്പനി പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലും മറ്റിടങ്ങളിലും ഫേസ്ബുക്കിന്റെ നയപരമായ തീരുമാനം എടുക്കുന്ന സമിതിയില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കിന്റെ പുറത്തുവന്ന തീരുമാനങ്ങള്‍ നിരാശയും സങ്കടവുമാണ് ഉണ്ടാകുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ' ഇക്കാര്യത്തില്‍ ഞങ്ങള്‍ തനിച്ചല്ല, കമ്പനിയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ സമാനമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഞങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളിലുള്ള ഫേസ്ബുക്കിന്റെ നിലപാട് എന്താണെന്നതിനുള്ള ഉത്തരം മുസ്ലീം സമുദായം കാത്തിരിക്കുന്നുണ്ട്' കത്തില്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ കമ്പനിയുടെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടന്ന തീരുമാനം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വ്യാജ വാര്‍ത്ത പ്രചാരണത്തിനെതിരെ നടപടിയെടുത്തില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തില്‍ ഫേസ്ബുക്ക് സ്വികരിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്ന് കാണിച്ചായിരുന്നു പ്രതിഷേധം.

വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നായിരുന്നു ഇന്ത്യയില്‍നിന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളോടുള്ള പ്രതികരണം. ബിജെപിയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്ന ആരോപണവും ഫേസ്ബുക്ക് ഇന്ത്യ തലവന്‍ അജിത് മോഹന്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് കമ്പനിയിലെ ജീവനക്കാര്‍ തന്നെ സ്ഥാപനത്തിന്റെ സമീപനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്.


Next Story

Related Stories