ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കിന്റെ ഇന്ത്യന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരിലൊരാള്‍ ഡല്‍ഹി പൊലീസ് പരാതി സമര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും താല്പര്യങ്ങള്ക്കനുസൃതമായി തങ്ങളുടെ കമ്യൂണിറ്റി ചട്ടങ്ങളില്‍ ഫേസ്ബുക്കും വാട്സാപ്പും വെള്ളം ചേര്‍ത്തുവെന്നത് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടു വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാതി വന്നിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഫേസ്ബുക്കിലൂടെ നടത്തിയ വിദ്വേഷപ്രചാരണങ്ങള്‍ നടത്തിയതിന് കമ്യൂണിറ്റി ചട്ടമനുസരിച്ച് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേ നേതാക്കള്‍ തുടര്‍ന്നും ഫേസ്ബുക്കില്‍ സജീവമാണെന്നത് അടക്കമുള്ള ഗൗരവമേറിയ കണ്ടെത്തലുകളാണ് വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
അഞ്ചോളം പേര്‍ക്കെതിരെയാണ് 49കാരിയായ ഫേസ്ബുക്ക് ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടുള്ളത്. എത്രയും പെട്ടെന്ന് ഇവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഉദ്യോഗസ്ഥയുടെ ആവശ്യം. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ ഏറെ ഭീതിയിലാണ് കഴിയുന്നതെന്ന് അവര്‍ പരാതിയില്‍ ബോധിപ്പിക്കുന്നു. ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ വഴിയാണ് ഭീഷണി വന്നുകൊണ്ടിരിക്കുന്നത്. അവരുടെ അജണ്ട നടപ്പാക്കിക്കിട്ടാന്‍ തനിക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
വാള് സ്ട്രീറ്റ് ജേണലില്‍ ഓഗസ്റ്റ് 14ന് പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് തനിക്ക് ഭീഷണി ലഭിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് ഉദ്യോഗസ്ഥ ആരോപിക്കുന്നുണ്ട്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ എതിര്‍ത്തുവെന്ന് വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ടിന്റെ തലക്കെട്ടില്‍ തന്നെയുണ്ട്.
അതെസമയം ആരുടേയും രാഷ്ട്രീയ പദവിയോ പാർട്ടി ബന്ധമോ നോക്കിയല്ല തങ്ങൾ വിദ്വേഷ പ്രചാരണങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന അവകാശവാദവുമായി ഫേസ്ബുക്ക് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കോൺഗ്രസ് എം പി രാഹുൽ ഗാന്ധി അടക്കമുള്ളവർ ഫേസ്ബുക്കിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വാട്സാപ്പും ഫേസ്ബുക്കും ബിജെപി, ആര്‍എസ്എസ് നിയന്ത്രണത്തിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ ചോർത്തലിന് ഉത്തരവാദി കോൺഗ്രസ്സ് ആണെന്ന പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ നിന്ന് വിശദീകരണം ലഭിക്കാൻ താൽപര്യപ്പെടുന്നതായി പാർലമെന്റിലെ ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശി തരൂർ പറഞ്ഞു. വിദ്വേഷപ്രസംഗം തടയാൻ ഫേസ്ബുക്ക് എന്ത് ചെയ്യുന്നു എന്നറിയാൻ താൽപര്യമുണ്ട് - ശശി തരൂർ ട്വീറ്റ് ചെയ്തു.