വിദ്വേഷ പ്രചരണങ്ങളില്നിന്ന് ഫേസ്ബുക്ക് ലാഭം നേടുന്നുണ്ടെന്ന് മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ആളുകള്‍ എന്ത് കാണണം, എന്ത് കാണരുത് എന്നതില്‍ ഉള്‍പ്പെടെ ഫേസ്ബുക്ക് ഇടപെടാറുണ്ടെന്നും കമ്പനി മുന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ മാര്‍ക്ക് എസ് ലക്കി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം, ഡല്‍ഹി കലാപം എന്നിവയുടെ സമയത്ത് ഫേസ്ബുക്കിന്റെ പ്രവത്തനങ്ങള്‍ പക്ഷപാത പരമായിരുന്നു എന്ന പരാതി അന്വേഷിക്കുന്ന ഡല്‍ഹി നിയമസഭ സമിതി (പീസ് ആന്‍ഡ് ഹാര്‍മണി കമ്മിറ്റി) മുമ്പാകെയാണ് ലക്കി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഫേസ്ബുക്ക് ഒരു ടെലഫോണോ ഇ-മെയിലോ അല്ല. അവരാണ് തങ്ങളുടെ അല്‍ഗോരിതം മാറ്റുന്നത്. ചില ഉള്ളടക്കങ്ങള്‍ നിലനിര്‍ത്തുകയും ചിലവ തഴയുകയും ചെയ്യും. ഇത്തരത്തില്‍ അതിക്രമങ്ങള്‍ തുടരുന്നതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഫേസ്ബുക്ക് പ്രേരണ നല്‍കുകയും സഹായിക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ ഇതുമൂലം ആളുകള്‍ മരിക്കുന്നു. തീര്‍ച്ചയായും അവസാനിപ്പിക്കേണ്ട ഒന്നാണിത്. വിദ്വേഷവും വിഭാഗീയതയും പരത്തുന്ന ഉള്ളടക്കം നിറഞ്ഞ പോസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. അവയ്ക്ക് വളരെയേറെ ലൈക്കും കമന്റുകളും ലഭിക്കും. ആ ഉള്ളടക്കം കൂടുതലായി പ്രദര്ശിപ്പിക്കണമോ വേണ്ടയോ എന്നത് ഇതിലൂടെയാണ് തീരുമാനിക്കപ്പെടുന്നത്. തീര്‍ച്ചയായും ഇത്തരം വിദ്വേഷ പ്രചരണത്തില്‍നിന്ന് ഫേസ്ബുക്ക് നേട്ടം കൊയ്യുന്നുണ്ട്. മാനേജര്‍ തസ്തികയുടെ നിയമനത്തില്‍ ഉള്‍പ്പെടെ ഭരണകൂട-രാഷ്ട്രീയ ബന്ധങ്ങള്‍ സ്വാധീനം ചെലുത്താറുണ്ടെന്നും സമിതി അധ്യക്ഷനും ആം ആദ്മി എംഎല്‍എയുമായ രാഘവ് ചദ്ദയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലക്കി പറഞ്ഞു. ആളുകള്‍ എന്ത് കാണണമെന്നും കാണരുതെന്നും നിശ്ചയിച്ചുകൊണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന തരത്തില്‍ ജോലി രീതികള്‍ മാറിയെന്ന് ആരോപിച്ചാണ് 2018 നവംബറില്‍ ലക്കി ഫേസ്ബുക്ക് വിടുന്നത്.
ആദ്യമായാണ് കമ്പനിയുടെ ഉയര്‍ന്ന പദവിയിലിരുന്നയാള്‍ സമിതി മുമ്പാകെ മൊഴി നല്‍കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ലക്കി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. സമിതി മുമ്പാകെ ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും നേരത്തെ മൊഴി നല്‍കിയിരുന്നു. വിദ്വേഷ പ്രചരണം ഉള്‍പ്പെടെ കാര്യങ്ങളില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നായിരുന്നു ഇവര്‍ സമിതിയെ അറിയിച്ചത്. ഡല്‍ഹി കലാപത്തിന് കാരണമായ പോസ്റ്റുകള്‍ നീക്കുന്നതില്‍ ഫേസ്ബുക്ക് അലംഭാവം കാണിച്ചിരുന്നതായി സമിതി കണ്ടെത്തിയിരുന്നു. ലക്കിയുടെ മൊഴി അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.