TopTop
Begin typing your search above and press return to search.

'ഫേസ്ബുക്കിന് രാഷ്ട്രീയമില്ല; കമ്പനിയിലെ വ്യക്തികളുടെ രാഷ്ട്രീയം ഉൽപന്നത്തിൽ പ്രതിഫലിക്കാത്ത വിധത്തിലാണ് പ്ലാറ്റ്ഫോമിന്റെ രൂപകൽപന': വൈസ് പ്രസിഡണ്ട് അജിത് മോഹൻ

ഫേസ്ബുക്കിന് രാഷ്ട്രീയമില്ല; കമ്പനിയിലെ വ്യക്തികളുടെ രാഷ്ട്രീയം ഉൽപന്നത്തിൽ പ്രതിഫലിക്കാത്ത വിധത്തിലാണ് പ്ലാറ്റ്ഫോമിന്റെ രൂപകൽപന: വൈസ് പ്രസിഡണ്ട് അജിത് മോഹൻ

തങ്ങൾക്ക് കക്ഷിരാഷ്ട്രീയഭേദമില്ലെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യ തലവൻ അജിത് മോഹൻ രംഗത്ത്. ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലെ വിദ്വേഷപ്രചാരണം തടയുന്നതിൽ ഫേസ്ബുക്ക് ഭരണകക്ഷിക്ക് അനുകൂലമായി പക്ഷപാതിത്വം കാണിച്ചുവെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടയിലാണ് അജിത് മോഹന്റെ പ്രതികരണം. ഈ വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയും ഡൽഹി നിയമസഭാസമിതിയും ഫേസ്ബുക്കിനെ വിളിപ്പിക്കുകയുമുണ്ടായി.

പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഫേസ്ബുക്ക് ഇന്ത്യ സിഇഒയുടെ പ്രതികരണം. ഫേസ്ബുക്ക് എന്ന പ്ലാറ്റ്ഫോം രൂപപ്പെടുത്തിയിരിക്കുന്നത് ആരുടെയും സ്വാധീനങ്ങൾക്ക് വഴങ്ങാത്ത രീതിയിലാണെന്നും അബിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം ഫേസ്ബുക്കിൽ ആർക്കും എടുക്കാനാകില്ല.

തങ്ങളുടെ കണ്ടന്റ് മാനേജ്മെന്റ് ടീം കമ്യൂണിറ്റി സ്റ്റാൻഡേഡുകൾക്ക് അനുസൃതമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും മോഹൻ അവകാശപ്പെട്ടു. കമ്യൂണിറ്റി ചട്ടങ്ങളുടെ നടപ്പാക്കൽ കക്ഷിരാഷ്ട്രീയഭേദമില്ലാതെയും യുക്തിഭദ്രമായും വേണമെന്നതും തങ്ങൾ കർശനമായി നടപ്പാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് തങ്ങളുടേതായ കാഴ്ചപ്പാടുകളുണ്ടാകാമെന്ന് അജിത് മോഹൻ ചൂണ്ടിക്കാട്ടി. എന്നാൽ അത് ഫേസ്ബുക്കിന്റെ ആത്യന്തിക ഉൽപന്നത്തെ ബാധിക്കാത്ത വിധത്തിലാണ് കാര്യങ്ങൾ തങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വാൾസ്ട്രീറ്റ് ജേണലിലാണ് ഫേസ്ബുക്ക് നടത്തുന്ന വലിയ അഴിമതി ചൂണ്ടിക്കാട്ടി ആദ്യമായി റിപ്പോർട്ട് വന്നത്. ഘോഷമഹലിലെ ബിജെരെ എംഎൽഎയായ ടി രാജാസിങ് കടുത്ത വർഗീയവിഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകളിട്ട് ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയുമുണ്ടായി. ഈ വിലക്ക് ഫേസ്ബുക്ക് പിന്നീട് നീക്കിക്കൊടുത്തു. ഫേസ്ബുക്കിന്റെ തന്നെ കമ്യൂണിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു ഇത്.

ഈ സംഭവമടക്കം നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു ലേഖനം. ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബിജെപിയുമായും ആർഎസ്എസ്സുമായുമുള്ള ശക്തമായ ബന്ധവും പിന്നീട് തുറന്നുകാട്ടപ്പെട്ടു. ഇതെല്ലാം മുൻനിർത്തി പാർലമെന്റിന്റെ ഓൺലൈൻ മീഡിയ സ്റ്റാൻഡിങ് കമ്മറ്റി ഫേസ്ബുക്കിനെ വിളിപ്പിക്കുകയും ചെയ്തു. ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്നാണ് ശശി തരൂർ അധ്യക്ഷനായ സ്റ്റാൻഡിങ് കമ്മറ്റിയുടെ നിലപാട്.

ഭരണകക്ഷിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഫേസ്ബുക്ക് തങ്ങളുടെ കമ്യൂണിറ്റി ചട്ടങ്ങളിൽ വെള്ളം ചേർത്തതെന്നാണ് റിപ്പോർട്ടുകൾ ആരോപിക്കുന്നത്.

അതെസമയം, ഫേസ്ബുക്കിൽ ബിജെപി വിരുദ്ധർ കയറിക്കൂടിയിരിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി ഫേസ്ബുക്കിനെ വിളിപ്പിക്കുന്നതിന്റെ തലേന്ന് ഈ നിലപാട് വ്യക്തമാക്കി നിയമമന്ത്രി രവിശങ്കർ പ്രസാദ് മാർക്ക് സുക്കർബർഗിന് കത്തെഴുതിയ സംഭവവുമുണ്ടായി.


Next Story

Related Stories