മുസ്ലീം വിരുദ്ധ പോസ്റ്റ് ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് വിവാദത്തിലായ ഫേസ്ബുക്കിന്റെ ഇന്ത്യയിലെയും തെക്ക് മധ്യ ഏഷ്യയിലെ പോളിസി ഡയറക്ടര്‍ അങ്കി ദാസ് കമ്പനിയിലെ മുസ്ലീം ജീവനക്കാരോട് മാപ്പ് പറഞ്ഞു. തന്റെ അടിയുറച്ച ഫെമിനിസ്റ്റ് ബോധത്തിന്റെയും സാമൂഹ്യ ഇടപെടലിന്റെ ഭാഗമായാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്കിലെ മുസ്ലീം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അങ്കിദാസ് ചൂണ്ടിക്കാട്ടിയെന്ന് ബസ്ഫീഡ് റിപ്പോര്‍ട്ട് ചെയ്തു.
അധഃപതിച്ച ഒരു സമുദായമാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്നും അവര്‍ക്ക് മതത്തിന്റെ വിശുദ്ധിയും ശരിയത്ത് നിയമം നടപ്പിലാക്കുന്നതും മാത്രമാണ് പ്രധാനമെന്നും എഴുതിയ പോസ്റ്റാണ് അങ്കി ദാസ് ഷെയര്‍ ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന സമയത്ത് മുന്‍ ഐപിഎസ് ഓഫീസറാണ് ഈ പോസ്റ്റിട്ടത്. കഴിഞ്ഞ വര്‍ഷമാണ് പോസ്റ്റ് അ്ങ്കിദാസ് ഷെയര്‍ ചെയ്തത്.
'ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താനല്ല താന്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അങ്കി ദാസ് വ്യക്തമാക്കി. ഫെമിനിസത്തിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. പോസ്റ്റ് ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച എല്ലാ വിക്ഷണങ്ങളെയും ഞാന്‍ വിലമതിക്കുന്നു. ആ പോസ്റ്റ് കമ്പനിയിലെ മുസ്ലിം സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആളുകളെ വേദനിപ്പിച്ചുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു.' അങ്കിദാസ് സന്ദേശത്തില്‍ പറഞ്ഞു.
ഇതേതുടര്‍ന്ന് നിരവധി പേര് അങ്കിദാസിന് മറുപടി നല്‍കിയതായും ബസ്ഫീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ' ആ പോസ്റ്റ് മുസ്ലീങ്ങളെ വേദനിപ്പിച്ചുവെന്ന് മനസ്സിലാക്കിയതിന് നന്ദി, ശരിയായ ദിശയിലേക്കുള്ള ആദ്യ പടിയാണത്' ഒരു ജീവനക്കാരന് എഴുതി.
വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാക്കളെ ഫേസ്ബുക്കില്‍നിന്ന് വിലക്കിയാല്‍ അത് കമ്പനിയുടെ ഇന്ത്യയിലെ താല്പര്യങ്ങളെ ബാധിക്കുമെന്ന് നേരത്തെ അങ്കിദാസ് പറഞ്ഞതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി എംഎല്‍എ ടി രാജസിംങ് ഉള്‍പ്പെടെയുള്ളവരെ ഫേസ്ബുക്കില്‍നിന്ന് വിലക്കാന്‍ തീരുമാനിച്ചെങ്കിലും അങ്ങനെ ചെയ്യുന്നത് കമ്പനിയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായിരിക്കുമെന്ന അങ്കിദാസ് നിലപാടെടുത്തുവെന്നും ്അതുകൊണ്ട് വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്ക് ഫേസ്ബുക്കില്‍നിന്ന് നടപടിയൊന്നും നേരിടേണ്ടി വന്നില്ലെന്നായിരുന്നു വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈ റിപ്പോര്‍ട്ട് ഇന്ത്യയില്‍ വലിയ വിവാദമാകുകയും, ബിജെപിയെ സഹായിക്കുകയാണ് ഫേസ്ബുക്ക് എന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഫേസ്ബുക്കിന് വിശദീകരണവുമായി രംഗത്തുവന്നു. കമ്പനിയുടെ ഇന്ത്യ തലവന്‍ അജിത്ത് മോഹന്‍ പറഞ്ഞത് ഫേസ്ബുക്ക് സുതാര്യവും പക്ഷപാതി രഹിതവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നാണ്.
ഫേസ്ബുക്ക് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം പുറത്തുവന്നതിനെ തുടര്‍ന്ന് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി നേരിട്ട് ഹാജരായി വിശദീകരണം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നാം തീയതി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്
ലോക വ്യാപകമായി തന്നെ വിദ്വേഷ പ്രചാരണങ്ങളോട് ഫേസ്ബുക്ക് സ്വീകരിക്കുന്ന സമീപനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കമ്പനിയില്‍നിന്ന് തന്നെ വിമര്‍ശനമുണ്ടാകുകയും സിഇഒ മാര്‍ക്ക് സുക്കര്ബഗിന് നേരിട്ട് വിശദീകരണം നല്‍കേണ്ടി വരികയും ചെയ്തിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സമിതികള്‍ ഫേസ്ബുക്ക് തലവനില്‍നിന്ന് വിശദീകരണവും തേടിയിരുന്നു.