വിദ്വേഷ സന്ദേശം പ്രചരിപ്പിച്ച ബിജെപിയുടെ തെലങ്കാനയില്‍നിന്നുള്ള എംഎല്‍എ രാജ സിംങിന് ഒടുവില്‍ ഫേ്സ്ബുക്ക് വിലക്കേര്‍പ്പെടുത്തി. ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് നടപടി. ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ് ഫോമുകളില്‍നിന്നും അദ്ദേഹത്തെ വിലക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ കമ്പനിയുടെ നടത്തിപ്പുകാര്‍ തീരുമാനം നടപ്പിലാക്കിയില്ലെ്ന്ന ആക്ഷേപം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ബുധാനാഴ്ച പാര്‍ലമെന്ററികാര്യ സമിതിക്ക് മുമ്പാകെ ഇന്ത്യയുടെ ഫേസ് ബുക്ക് തലവന്‍ അജിത് മോഹന്‍ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് താരസിംങിന് വിലക്കേര്‍പ്പെടുത്തിയത്.
ആക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് രാജ സിംങിനെ ഫേസ്ബുക്കില്‍നിന്ന് വിലക്കിയിരിക്കുന്നു.' കമ്പനി വക്താവ് പറഞ്ഞു. ഫേസ്ബുക്കിന്റെ നയങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പരിശോധന സമഗ്രമായി നടക്കുകയാണെന്നും അതാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താനും കാരണമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയില്‍ ഫേസ്ബുക്ക് ബിജെപിയ്ക്ക് എതിരായ തീരുമാനങ്ങള്‍ എടുത്താല്‍ അത് ബിസിനസ്സ് താല്പര്യങ്ങളെ ബാധിക്കുമെന്ന് ഫേസ്ബുക്കിന്റെ പബ്ലിക്ക് പോളിസി ഡയറക്ടര്‍ അങ്കി ദാസ് പറഞ്ഞതായി വാള് സ്ട്രീറ്റ് ജേണലാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് ഉപയോഗിച്ച മൂന്ന് ബിജെപി നേതാക്കളെ വിലക്കാനുള്ള തീരുമാനം അങ്കി ദാസ് വേണ്ടെന്ന് വെച്ചന്നായിരുന്നു വാള്‍ട് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതേ തുടര്‍ന്ന് ഫേസ്ബുക്കിനെതിരെ ഗുരുതരമായ അരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് ഇതു സംബന്ധിച്ച് കത്തെഴുതകുയം ചെയ്തു.
ഫേസ്ബുക്ക് ജീവനക്കാർ തന്നെ വിദ്വേഷ പ്രചാരങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനെ വിമർശിച്ചു രംഗത്തുവന്നിരുന്നു. എന്നാൽ ഫേസ്ബുക്കിലെ ചില ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുകയാണെന്ന് കാണിച്ച് മന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം സുക്കർബർഗിന് കത്തയച്ചിരുന്നു.
ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് തനിക്ക് സ്വന്തമായി പേജില്ലെന്ന് വാദവുമായി രാജ സിംങ് രംഗത്തുവന്നിരുന്നു. പലരും തന്റെ പേര് ഉപയോഗിച്ച് ഫേസ്ബുക്ക് പേജുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് ഉപയോഗിച്ചുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചിരുന്നു.
ബുധനാഴ്ച നടന്ന പാർലമെന്ററി സമിതിയുടെ വിചാരണ വേളയിൽ വിദ്വേഷ പ്രചാരണത്തിന എതിരെ എടുത്ത നടപടികളെ കുറിച്ച് വിശദീകരിക്കാൻ അധികൃതരോട് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. രണ്ട് മണിക്കൂറിലേറെ സമയമാണ് എംപിമാർ ഫേസ്ബുക്ക് ഇന്ത്യ തലവനിൽനിന്ന് വിശദീകരണങ്ങൾ തേടിയത്.