TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ വിവരങ്ങള്‍ തേടുന്ന വ്യക്തികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് ഫേസ്ബുക്ക്

സര്‍ക്കാര്‍ വിവരങ്ങള്‍ തേടുന്ന വ്യക്തികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ നിന്ന് സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതില്‍ വന്‍ വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2019ന്റെ ആദ്യപകുതിയില്‍ 1,615 തവണയാണ് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെ സമീപിച്ചത്. 2018ന്റെ രണ്ടാംപകുതിയില്‍ ഇതിന്റെ എണ്ണം 861 ആയിരുന്നു. ഇരട്ടിയോളമാണ് വര്‍ധന.

1615 അപേക്ഷകളില്‍ 1478 എണ്ണം 'അടിയന്തിര അപേക്ഷകള്‍' ആയിരുന്നെന്നും ഫേസ്ബുക്ക് പറയുന്നു. ഇതും വലിയ വര്‍ധനയാണ്. 2017ല്‍ 460 അടിയന്തിര അപേക്ഷകളാണ് വ്യക്തികളുടെ വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരുന്നത്. മൂന്നിരട്ടിയിലധികം വര്‍ധനയാണിത് കാണിക്കുന്നത്.

സാധാരണമായി വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷകള്‍ പോകേണ്ടത് യുഎസ്സിന്റെ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് വഴിയാണ്. എന്നാല്‍, എമര്‍ജന്‍സി റിക്വസ്റ്റുകള്‍ ഫേസ്ബുക്കിന്റെ ലോ എന്‍ഫോഴ്സ്മെന്റ് ഓണ്‍ലൈന്‍ റിക്വസ്റ്റ് സിസ്റ്റത്തിലൂടെയാണ് പോകുക. ഇത്തരം അപേക്ഷകള്‍ മിക്കതും ശരിയായ നിയമക്രമത്തിലൂടെയല്ല നടക്കുക. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യപ്പെടുന്ന വിവരങ്ങള്‍ സ്വമേധയാ നല്‍കേണ്ടതായി വരുമെന്ന് ഫേസ്ബുക്ക് ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ പരിക്കോ മരണമോ വരെ സംഭവിക്കാവുന്ന കേസുകളില്‍ വിവരങ്ങള്‍ അടിയന്തിരമായി നല്‍കും.

2016ല്‍ ഇത്തരം 'അടിയന്തിര' നീക്കങ്ങള്‍ ഒരു ശതമാനം പോലും ഉണ്ടായിരുന്നില്ല. എല്ലാം സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചാണ് വന്നുകൊണ്ടിരുന്നത്. എന്നാല്‍ നിലവില്‍ ഭൂരിഭാഗം അപേക്ഷകളും അടിയന്തിര അപേക്ഷകളാണ്.

സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ കാര്യത്തില്‍ ഇന്ത്യ ആറാംസ്ഥാനത്തു നിന്നും മൂന്നാംസ്ഥാനത്തെത്തിയിരുന്നു. ഇന്ത്യക്കു മുമ്പില്‍ പാകിസ്താനും മെക്സിക്കോയും മാത്രമാണ് ഇപ്പോഴുള്ളത്. 2019ന്റെ ആദ്യപകുതിയില്‍ 1250 പോസ്റ്റുകളാണ് ഇന്ത്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തത്. 19 ഗ്രൂപ്പുകളും രണ്ട് പ്രൊഫൈലുകളും ഇപ്രകാരം നീക്കം ചെയ്തു.

മതവിരുദ്ധമായ ഉള്ളടക്കങ്ങളുണ്ടെന്ന് ആരോപിക്കപ്പെട്ടവയാണ് നീക്കം ചെയ്തവയില്‍ പലതുമെന്ന് ഫേസ്ബുക്ക് പറയുന്നു. വിദ്വേഷ പ്രചാരണങ്ങളും ഇക്കൂട്ടത്തില്‍ പെടും.


Next Story

Related Stories