TopTop
Begin typing your search above and press return to search.

ആദ്യ 15 മിനിറ്റില്‍ തന്നെ 20 ലക്ഷം പേരെ പ്രതീക്ഷിക്കണം; ആവശ്യമായ സന്നാഹങ്ങളൊരുക്കുന്നതിന് സമയമെടുക്കുന്നതാണെന്ന് 'ബെവ് ക്യു' ആപ്പ് നിര്‍മിക്കുന്നവര്‍

ആദ്യ 15 മിനിറ്റില്‍ തന്നെ 20 ലക്ഷം പേരെ പ്രതീക്ഷിക്കണം; ആവശ്യമായ സന്നാഹങ്ങളൊരുക്കുന്നതിന് സമയമെടുക്കുന്നതാണെന്ന്

ആദ്യദിവസം തന്നെ 20 ലക്ഷത്തോളം ഉപയോക്താക്കളുടെ തള്ളിക്കയറ്റം പ്രതീക്ഷിക്കുന്ന ആപ്ലിക്കേഷന് നിര്‍മാണസമയം അല്‍പം കൂടുന്നതില്‍ ക്ഷമ കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയര്‍കോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ആദ്യത്തെ പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഇത്രയധികം ഉപയോക്താക്കള്‍ തള്ളിക്കേറിയേക്കാം. ഈ സന്ദര്‍ഭത്തില്‍ ആപ്ലിക്കേഷന്‍ തകരാതിരിക്കാന്‍ ആവശ്യമായ സന്നാഹങ്ങളൊരുക്കേണ്ടതുണ്ടെന്നും അതിനാല്‍ത്തന്നെ അല്‍പം സമയമെടുത്ത് നിര്‍മാണം കുറ്റമറ്റതാക്കേണ്ടതുണ്ടെന്നും ഫെയര്‍കോഡ് ടെക്നോളജീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

ആപ്ലിക്കേഷന്‍ തകരാതിരുന്നാല്‍ മാത്രമേ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വിഘാതം വരാതിരിക്കൂ എന്ന് ഫെയര്‍കോഡ് ടെക്നോളജീസ് ചൂണ്ടിക്കാട്ടി.

ഗൂഗിള്‍ തങ്ങളുടെ ആപ്ലിക്കേഷന്‍ തള്ളിയെന്ന വാര്‍ത്ത വ്യാജമാണെന്നും ഫെയര്‍കോഡ് ടെക്നോളജീസ് പറഞ്ഞു. ആ വാര്‍ത്ത വന്ന സമയത്ത് തങ്ങള്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സമര്‍പ്പിച്ചിരുന്നില്ല. തങ്ങളുടെ ടീം മൊത്തം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. എല്ലാവരുടെയും പ്രതികരണങ്ങള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും വ്യാജവാര്‍ത്തകളെ നിരാകരിക്കണമെന്നും കമ്പനി വ്യക്തമാക്കി.

'ചെറിയ ഒരു ആപ്ലിക്കേഷന്‍' നിര്‍മിക്കാന്‍ ഇത്രയധികം സമയമെടുക്കുമോയെന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷവും ആരോപണങ്ങളുന്നയിക്കുന്നുണ്ട്. ബെവ് ക്യൂ ആപ്ലിക്കേഷന്‍ സര്‍ക്കാരിന് നിര്‍മിക്കാമായിരുന്നില്ലേ എന്ന ചോദ്യമാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഉന്നയിക്കുന്നത്. അതെസമയം ഏത് സര്‍ക്കാര്‍ സ്ഥാപനത്തെ ഉപയോഗിച്ച് ഇത് സാധിക്കുമെന്ന് അദ്ദേഹം പറയുന്നില്ല. ഒരു ആപ്പ് തുടങ്ങാന്‍ വെറും രണ്ട് ലക്ഷം രൂപയേ ചെലവ് വരൂ എന്നും എന്നാല്‍ ഫെയര്‍കോഡ് കമ്പനിക്ക് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത് കോടികളുടെ വരുമാനമാണെന്നും അദ്ദേഹം ആരോപിക്കുന്നു. സ്പ്രിംഗ്ലര്‍ കേസ് സംബന്ധിച്ച് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു ശേഷം എല്‍ദോസ് ഉന്നയിക്കുന്ന രണ്ടാമത്തെ ആരോപണമാണിത്. സ്പ്രിംഗ്ലര്‍ കേസില്‍ തന്റെ കൈയില്‍ നിര്‍മായകമായ തെളിവുണ്ടെന്ന് എല്‍ദോസ് പറഞ്ഞിരുന്നു.



Next Story

Related Stories