TopTop
Begin typing your search above and press return to search.

വ്യാജവാർത്തകളാണ് കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന് കാരണമായതെന്ന് കേന്ദ്ര സർക്കാർ - പാർലമെന്റിൽ പറഞ്ഞത്

വ്യാജവാർത്തകളാണ് കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന് കാരണമായതെന്ന് കേന്ദ്ര സർക്കാർ - പാർലമെന്റിൽ പറഞ്ഞത്

കൊറോണ വൈറസ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചള്‍ രാജ്യവ്യാപക ലോക്ക് ഡൗണിനെ തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലെ വീടുകളിലേയ്ക്ക് കാല്‍നടയായടക്കം കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യാനിടയാക്കിയത് വ്യാജവാര്‍ത്തകളാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക് സഭയിൽ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാല റോയ് എഴുതി നല്‍കിയ ചോദ്യത്തിന് രേഖാമൂലം മറുപടി പറഞ്ഞത് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ്. എത്ര കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ പലായനത്തിനിടെ മരിച്ചു എന്ന് പറയാന്‍ സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ലെന്നും അതുകൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാദം.

മാര്‍ച്ച് 24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി സര്‍ക്കാര്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചായിരുന്നു മാല റോയിയുടെ ചോദ്യം. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലെത്താന്‍ നടന്നുപോകേണ്ട അവസ്ഥയുണ്ടാവുകയും നിരവധി തൊഴിലാളികള്‍ മരിക്കുന്ന നിലയും എങ്ങനെയുണ്ടായി എന്നതായിരുന്നു മാല റോയിയുടെ ചോദ്യം. ലോക്ക് ഡൗണിനിടെ വന്ന വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച ഭയാശങ്കകളാണ് കുടിയേറ്റ തൊഴിലാളികളെ പലായനത്തിന് പ്രേരിപ്പിച്ചത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ഭക്ഷണം, കുടിവെള്ളം, ആരോഗ്യരക്ഷ, താമസിക്കാനുള്ള ഇടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാതാകുമോ എന്ന ആശങ്കയാണ് ഇത്തരമൊരു പലായനത്തിന് കുടിയേറ്റ തൊഴിലാളികളെ പ്രേരിപ്പിച്ചതെന്ന് നിത്യാനന്ദ റായ് പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന് ഇത് സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഇതിനാല്‍ ഇവയെല്ലാം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും നിത്യാനന്ദ റായ് പറഞ്ഞു. ഭക്ഷണവും വെള്ളവും മരുന്നുകളുമില്ലാതെ ആരും കഷ്ടപ്പെടരുതെന്ന്് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നതായി ആഭ്യന്തര സഹമന്ത്രി പറഞ്ഞു.

മാര്‍ച്ച് 28ന് തന്നെ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് ഉപയോഗിക്കാന്‍ (സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട്) ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കും വീടില്ലാത്തവര്‍ക്കും താല്‍ക്കാലിക പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം മരുന്നുകള്‍ എന്നിവ നല്‍കാനായിരുന്നു ഇത്. ഏപ്രില്‍ 3ന് കേന്ദ്രസര്‍ക്കാര്‍ 11,092 കോടി രൂപ ഫണ്ട് അനുവദിച്ചു. അതേസമയം കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അത്തരം കണക്കുകള്‍ കേന്ദ്രം സൂക്ഷിക്കാറില്ല എന്ന മറുപടിയാണ് നിത്യാനന്ദ റായ് നല്‍കിയത്. തൊഴില്‍ നഷ്ടപ്പെട്ടും താമസിക്കാന്‍ ഇടമില്ലാതെയുമാണ് മിക്ക കുടിയേറ്റ തൊഴിലാളികളിലും സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതരായത്. പലരും യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും മരുന്നുകളും കിട്ടാതെ മരിച്ചിരുന്നു.

Next Story

Related Stories