കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ഡിസംബര്‍ എട്ടിന് ഭാരത ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കും. നാളെ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ഡല്‍ഹിയിലെ സമരവേദിയില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യത്തിന്റെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവാഴ്ച രാജ്യത്തെ എല്ലാ ദേശീയ പാത ടോള്‍ ഗേറ്റുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടന പ്രതിനിധിയായ ഹരീന്ദര്‍ സിംഗ് ലഖോവല്‍ പറഞ്ഞു. ഗോള്‍ ശേഖരിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. കൂടുതല്‍പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലഖോവലിനെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ രണ്ട് തവണയാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിക്കാമെന്നും വിളകള്‍ക്ക് താങ്ങുവില ഉള്‍പ്പെടെ നല്കുന്ന കാര്യത്തില്‍ ഉത്തരവ് കൊണ്ടുവരാമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക പ്രതിനിധികളും തള്ളി. ഇതോടെ ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അതിനിടെയാണ് കര്‍ഷക സംഘടനകള്‍ സമരം വ്യാപിപ്പിക്കുന്നത്.
അതേസമയം, ഡല്‍ഹിയിലെ സമരം ഒമ്പതാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, യുപി, മധ്യപ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തുകയാണ്. ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. മാസങ്ങളോളം സമരം തുടരാനുള്ള തയ്യാറെടുപ്പുകളാണ് കര്‍ഷകര്‍ നടത്തുന്നത്.