TopTop
Begin typing your search above and press return to search.

രണ്ടു മണിക്കൂര്‍ നേര്‍ക്കുനേര്‍; ഹരിയാന പോലീസ് ഉയര്‍ത്തിയ തടസങ്ങള്‍ മറികടന്ന് പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

രണ്ടു മണിക്കൂര്‍ നേര്‍ക്കുനേര്‍; ഹരിയാന പോലീസ് ഉയര്‍ത്തിയ തടസങ്ങള്‍ മറികടന്ന് പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

ഹരിയാനയേയും പഞ്ചാബിനേയും വേര്‍തിരിക്കുന്ന ചെറിയ പാലത്തില്‍ രണ്ടു മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടല്‍. ഒടുവില്‍ പ്രതിഷേധക്കാരെ തടയാന്‍ പോലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ നദിയിലെറിഞ്ഞും ട്രക്കുകളും വന്‍ പോലീസ് സന്നാഹവും മറികടന്ന് പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഹരിയാനയില്‍ പ്രവേശിച്ചു. രണ്ടു ദിവസത്തെ 'ഡല്‍ഹി ചലോ' മാര്‍ച്ചിന്റെ ഭാഗമായി ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരെ തടയാന്‍ ഹരിയാന അതിര്‍ത്തിയില്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് കാര്‍ഷിക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നും അവ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ കര്‍ഷക മാര്‍ച്ച് നടത്തുന്നത്.

കല്ലുകളും വടികളുമേന്തിയ കര്‍ഷകരും പോലീസുമായി രണ്ടു മണിക്കൂറിലേറെ നീണ്ട പോരാട്ടമാണ് ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലെ പാലത്തില്‍ നടന്നത്. വന്‍ ട്രക്കുകള്‍ നിരത്തിയിട്ടും ബാരിക്കേഡുകള്‍ സ്ഥാപിച്ചും കര്‍ഷകരുടെ യാത്ര തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും സമരക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ നദിയിലെറിഞ്ഞു. പോലീസ് ടിയര്‍ ഗ്യാസ് ഉള്‍പ്പെടെ പ്രയോഗിച്ചെങ്കിലും കല്ലുകളും ഇഷ്ടികകളുമായി കര്‍ഷകരും തിരിച്ചാക്രമിച്ചു. ഒടുവില്‍ പാലത്തിലും ഹരിയാന അതിര്‍ത്തിയിലുമായി നിരന്നിരുന്ന വന്‍ പോലീസ് സന്നാഹത്തെ വശങ്ങളിലേക്ക് ഒതുക്കി കര്‍ഷകര്‍ ഹരിയാനയില്‍ പ്രവേശിക്കുകയായിരുന്നു.

കര്‍ഷക പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷക സംഘടനകളുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ നടപടിയാണ് എന്നാരോപിച്ച് കര്‍ഷകര്‍ 'ഡല്‍ഹി ചലോ' മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഭരണഘടനാ ദിനം തന്നെയാണ് പ്രക്ഷോഭകര്‍ ഇതിനായി തെരഞ്ഞെടുത്തത്. ഉത്തര്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കാര്‍ഷിക ബില്ലുകളിന്മേല്‍ പ്രതിഷേധിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാന്‍ അവസരമുണ്ടാക്കുകയും അതുവഴി കൂടുതല്‍ വരുമാനം ലഭിക്കുന്നതും അടക്കമുള്ള കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുക എന്നതാണ് പുതിയ നിയമങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഈ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഇതേ രീതിയില്‍ ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കെത്തുന്നതിനും ഇപ്പോള്‍ വിലക്കുണ്ട്. ഡല്‍ഹിയുമായി ഹരിയാന അതിര്‍ത്തി പങ്കുവയ്ക്കുന്ന ഫരീദാബാദ്, ഗുഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.


Next Story

Related Stories