കാര്‍ഷികനിയമങ്ങളും കര്‍ഷക പ്രക്ഷോഭവും സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പഠിക്കാനും സുപ്രീം കോടതി നിയോഗിച്ച നാലംഗം സമിതിയില്‍നിന്ന് ഭൂപീന്ദര്‍ സിംഗ് മന് പിന്മാറി. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് തീരുമാനമെന്ന് ഭൂപീന്ദര്‍ സിംഗ് മന് പ്രസ്താവനയില്‍ അറിയിച്ചു. പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താല്പര്യങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിന്റെയും കര്‍ഷകരുടേയും താല്പര്യങ്ങളില് വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ എനിക്ക് വാഗ്ദാനം ചെയ്ത ഏതു സ്ഥാനത്ത് നിന്നും പിന്മാറാന് തയ്യാറാണ്. ഒരു കര്‍ഷകനെന്ന നിലയിലും ഒരു യൂണിയന് നേതാവെന്ന നിലയിലും കര്‍ഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനില്‍ക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്താണ് തീരുമാനം. വിദഗ്ധ സമിതിയില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. ഞാന്‍ എല്ലായ്പ്പോഴും എന്റെ കര്‍ഷകര്‍ക്കൊപ്പവും പഞ്ചാബിനൊപ്പവും നില്ക്കുന്നു-ഭൂപീന്ദര്‍ സിംഗ് മന് പ്രസ്താവനയില്‍ പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന്, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിങ് മന്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പുതിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണ് നാലംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചത്. ഭൂപീന്ദര്‍ സിങ് മന് കൂടാതെ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാര്‍ഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനില്‍ ഘന്വാത് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. എന്നാല്‍, നാലുപേരും പുതിയ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്ന ആക്ഷേപം ശക്തമായിരുന്നു. അത്തരമൊരു സമിതിയുമായി സഹകരിക്കില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷകരും അഭിപ്രായപ്പെട്ടിരുന്നു.