TopTop
Begin typing your search above and press return to search.

കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണി നിരക്കുമെന്ന് കര്‍ഷകര്‍

കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണി നിരക്കുമെന്ന് കര്‍ഷകര്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചര്‍ച്ചയില്‍ 40 കര്‍ഷക സംഘടന പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കര്‍ഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെയാണ് ചര്‍ച്ച. പ്രതീക്ഷയോടെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് കര്‍ഷക സംഘടന നേതാവ് രാകേഷ് ടികത് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ഷകര്‍ അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരം തുടങ്ങിയശേഷം നാലാം വട്ടമാണ് ചര്‍ച്ച നടക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കാമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും കര്‍ഷകര്‍ തള്ളി. പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം. അല്ലെങ്കില്‍ പ്രധാനമന്ത്രി യോഗം വിളിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാകുംവരെ സമരം തുടരുമെന്നാണ് കര്‍ഷകരുടെ നിലപാട്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിര്‍ത്തികളില്‍ താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സമരക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ആറു മാസം വരെ കഴിയുന്നതിനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളില്‍നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് എത്തുന്നുണ്ട്.

കഴിഞ്ഞദിവസം കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്ന് തങ്ങളുടെ ആവശ്യങ്ങളുടെ കരട് തയ്യാറാക്കിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറായേക്കുമെന്നും പറയപ്പെടുന്നു. ചര്‍ച്ചയ്ക്കു മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.


Next Story

Related Stories