കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കര്‍ഷക സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സമരം തുടങ്ങിയശേഷം നാലാം വട്ടമാണ് ചര്‍ച്ച നടക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കാമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും കര്‍ഷകര്‍ തള്ളി. പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം. അല്ലെങ്കില്‍ പ്രധാനമന്ത്രി യോഗം വിളിക്കണം. സമരരംഗത്തുള്ള 507 കര്‍ഷക സംഘടന പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാകുംവരെ സമരം തുടരുമെന്നാണ് കര്‍ഷകരുടെ നിലപാട്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിര്‍ത്തികളില്‍ താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സമരക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ആറു മാസം വരെ കഴിയുന്നതിനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളില്‍നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് എത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് ഭക്ഷണവും തണുപ്പകറ്റാനുള്ള കമ്പിളിയുമൊക്കെ നല്കി ഡല്‍ഹിയില്‍ നിന്നുള്ള വിവിധ സംഘടനകളും പിന്തുണയുമായി രംഗത്തുണ്ട്.