TopTop
Begin typing your search above and press return to search.

ആത്മഹത്യയുടെ വരമ്പുകളിലൂടെ പലതവണ നടന്നവര്‍ അതിജീവനത്തിനായി പോരാടുമ്പോള്‍

ആത്മഹത്യയുടെ വരമ്പുകളിലൂടെ പലതവണ നടന്നവര്‍ അതിജീവനത്തിനായി പോരാടുമ്പോള്‍

ആത്മഹത്യയുടെ വരമ്പുകളിലൂടെ പലതവണ നടന്നവര്‍, പട്ടിണിയും കടക്കെണിയും തീര്‍ത്ത കുരുക്കുകളിലേക്ക് പലതവണ തല ചായ്ച്ചിട്ടും തിരിച്ചുനടന്നവര്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളോട്, നിലപാടുകളോട്, നിയമങ്ങളോടാണ് അവരുടെ സമരം. തങ്ങള്‍ കൊയ്യുന്ന വയലുകള്‍ തങ്ങളുടേതല്ലാതാകുന്ന കാലത്തിലേക്ക് സര്‍ക്കാര്‍ നിയമം മാറ്റിയെഴുതുമ്പോള്‍, കോര്‍പ്പറേറ്റുകള്‍ക്കായി കാര്‍ഷിക നിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ വെറുതെയിരിക്കാന്‍ അവര്‍ക്കാകില്ല. കര്‍ഷകരെ കൂട്ട ആത്മഹത്യകളിലേക്കു നയിക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്താണ് അവര്‍ സമരം ചെയ്യുന്നത്.

വിവാദ നിയമങ്ങള്‍

The Farmers' Produce Trade and Commerce (Promotion and Facilitation) Bill, 2020; The Farmers' (Empowerment and Protection) Agreement on Price Assurance and Farm Services Bill, 2020, The Essential Commodities (Amendment) Bill, 2020. കോവിഡിന്റെ മറപറ്റി ജൂണില്‍ ഇറക്കിയ ഓര്‍ഡിനന്‍സുകളാണ് ബില്ലുകളായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിജയിച്ച് പുതിയ നിയമമായത്. കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണ മുക്തമാക്കുന്നതാണ് പുതിയ നിയമങ്ങള്‍. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തിനും വില്‍പനയ്ക്കുമുള്ള നിയന്ത്രണങ്ങളാണ് ഇല്ലാതാകുന്നത്. ഒരു രാജ്യം ഒരു വിപണി എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെവിടെയും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും കര്‍ഷകര്‍ക്ക് പരമാവധി ലാഭം നേടാനും അവസരമൊരുക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. പുതിയ നിയമം കര്‍ഷകര്‍ക്ക് ഗുണകരമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും നിയമം സഹായകമാകുമെന്നാണ് കേന്ദ്ര കൃഷിമന്ത്രിയും പ്രധാനമന്ത്രിയും മുന്നോട്ടുവെക്കുന്ന ഉറപ്പ്. എന്നാല്‍, 1955ലെ അവശ്യവസ്തു നിയമത്തിന്റെ ഭേദഗതി, കാര്‍ഷിക ഉത്പന്ന വിപണന സമിതികളുടെ (Agriculutre Produce Market Commitee) കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ചന്തകള്‍ക്കു പുറത്ത് വിപണനത്തിന് അനുമതി നല്‍കുന്ന നിയമഭേദഗതി, കരാര്‍കൃഷി നിയമം എന്നിങ്ങനെ പരിഷ്‌കാരങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് എന്നതാണ് കര്‍ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം.

എന്തുകൊണ്ട് കര്‍ഷക പ്രക്ഷോഭം

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ ബാധിക്കുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നു, കര്‍ഷകര്‍ക്ക് സ്വതന്ത്ര വിപണിയില്‍ ഇടപെടാനുള്ള അവസരം, കാര്‍ഷിക മേഖലയില്‍ ഉല്‍പാദന വര്‍ധന ലക്ഷ്യമിട്ടുള്ള വന്‍ നിക്ഷേപങ്ങള്‍ എന്നിങ്ങനെയാണ് സര്‍ക്കാരിന്റെ മോഹന വാഗ്ദാനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ ഇത്രയൊക്കെ പറഞ്ഞിട്ടും എന്തുകൊണ്ടായിരിക്കും കര്‍ഷകര്‍ കൊടുംതണുപ്പിലും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്? കാരണം ഒന്നേയുള്ളൂ, പുതിയ നിയമങ്ങള്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ പൂര്‍ണ തകര്‍ച്ചയിലേക്കും കോര്‍പ്പറേറ്റുകളുടെ കൈയിലേക്കും എത്തിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമൊട്ടുമില്ല. വിപണി മൂല്യത്തിന്റെ ഏറ്റക്കുറച്ചിലുകളിലേക്കാണ് കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നവുമായി എത്തുക. കൂടിയ വില ലഭിക്കുന്ന വിപണിയില്‍ അവര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാം. അതേസമയം, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള വിപണിയോ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയോ ഉറപ്പാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ല. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മൊത്തമായോ അല്ലാതെയോ ഉല്‍പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടാന്‍ അവസരമൊരുങ്ങും. ഒറ്റനോട്ടത്തില്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്ന പ്രക്രിയയാണെന്ന് തോന്നുമെങ്കിലും അപകടം പതിയിരിപ്പുണ്ട്. കോര്‍പ്പറേറ്റുകളുടെ വരവോടെ പ്രാദേശിക ചന്തകളെന്ന സംവിധാനം കാലക്രമേണ ഇല്ലാതാകും. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സംഭരിക്കുന്ന കാര്‍ഷിക വിളകള്‍ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന സംവിധാനവും നിലനിന്നേക്കില്ല. അതോടെ, വിപണി സമവാക്യങ്ങള്‍ നിര്‍ണയിക്കുക കോര്‍പ്പറേറ്റുകളായിരിക്കും. കര്‍ഷകരുടെ വിലപേശലുകളും അവകാശങ്ങളുമൊക്കെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കുമുന്നില്‍ കീഴ്പ്പെടേണ്ട സാഹചര്യമുണ്ടാകും. വില നിയന്ത്രണത്തിനോ ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ വില ഉറപ്പാക്കാനോ സംവിധാനമില്ലെന്നതിനാല്‍ കര്‍ഷകര്‍ വീണ്ടും കടക്കെണിയിലേക്ക് തള്ളപ്പെടും. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനം മാത്രമല്ല, വയലുകളിലേക്കും കോര്‍പ്പറേറ്റുകള്‍ക്ക് പാതയൊരുക്കുന്നതാണ് പുതിയ നിയമം. കര്‍ഷകര്‍ക്ക് വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ പുതിയ നിയമം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കാര്‍ഷിക വിപണി കെയടക്കിയിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ തന്നെ വയലുകളില്‍ പാകേണ്ട വിളകളും വളവും ഉപകരണവുമൊക്കെ വിതരണം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. കര്‍ഷകരുടെ സംരക്ഷകരെന്ന വ്യാജേന വളവും വിത്തും ഉപകരണങ്ങളും സാങ്കേതിക, സാമ്പത്തിക പിന്തുണകളും നല്‍കി വിളവെടുപ്പിച്ച് തങ്ങളിലേക്കുതന്നെ മുതല്‍ക്കൂട്ടാം. സംഭരണവും വിപണനവും കൂടിയാകുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണം പൂര്‍ത്തിയാകും.

ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം

പട്ടിണികിടന്നും ജീവന്‍വെടിഞ്ഞും കര്‍ഷകര്‍ ഉഴുതു പാകപ്പെടുത്തി സൂക്ഷിച്ച മണ്ണില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിത്ത് പാകാന്‍ അവസരമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏക്കറുകണക്കിന് ഭൂമി സ്വന്തമായുള്ളവരല്ല നമ്മുടെ കര്‍ഷകര്‍. പാട്ടത്തിനെടുത്തും കടംമേടിച്ചുമൊക്കെ കൃഷി ചെയ്യുന്നവരാണ് ഏറെയും. കാര്‍ഷിക വിളകള്‍ക്ക് ഉല്‍പാദനച്ചെലവിന്റെ അമ്പത് ശതമാനം മിനിമം സഹായ വില പ്രഖ്യാപിക്കുക, സര്‍ക്കാര്‍ ചന്തകള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നിങ്ങനെ ആവശ്യങ്ങള്‍ ഏതാനും വര്‍ഷമായി കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അതിലേക്കൊന്നും ശ്രദ്ധിക്കാതെ, കര്‍ഷകരെ സ്വതന്ത്ര കമ്പോളത്തിലേക്കും ലാഭക്കൊതിയന്മാരായ കോര്‍പ്പറേറ്റുകളുടെ കൈകളിലേക്കും എറിഞ്ഞുകൊടുത്തിട്ട് മാറിനില്‍ക്കുകയാണ് സര്‍ക്കാര്‍. കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ രണ്ട് തവണയാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. വിളകള്‍ക്ക് താങ്ങുവില ഉള്‍പ്പെടെ നല്‍കുന്ന കാര്യത്തില്‍ ഉത്തരവ് കൊണ്ടുവരാമെന്ന കേന്ദ്ര മന്ത്രിമാരുടെ നിര്‍ദേശം കര്‍ഷക പ്രതിനിധികളും തള്ളി. ഇതോടെ ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. അതേസമയം, ഹരിയാന, പഞ്ചാബ്, യുപി, മധ്യപ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തുകയാണ്. ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. ഡല്‍ഹിയിലെ സമരം ഒമ്പതാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.


Next Story

Related Stories