കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം തുടരും. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ വെയ്ക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷകര്‍ തള്ളി. സമിതിയില്‍ വിദഗ്ധര്‍ക്കൊപ്പം കര്‍ഷക പ്രതിനിധികളെയും ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും നിര്‍ദേശം കര്‍ഷകര്‍ നിരാകരിച്ചു. ഇതോടെ, കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും.
ഡല്‍ഹി വിജ്ഞാന് ഭവനില്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ എന്നിവരാണ് കര്‍ഷക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പുതിയ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടാണ് കര്‍ഷക സംഘടനകളുടെയും ഏകോപന സമിതിയുടെയും നേതാക്കള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചത്. യോഗത്തില്‍ ചായ കുടിക്കാന്‍ പോലും കര്‍ഷക പ്രതിനിധികള്‍ തയ്യാറായില്ല. ആവശ്യം നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഇതോടെ, മുന്‍ നിശ്ചയിച്ചതുപോലെ വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ വസതിയില്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കര്‍ഷകര്‍ക്കു വരുമാനം വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളാണു നിയമങ്ങളിലുള്ളത്. തെറ്റിദ്ധാരണകളുടെ പുറത്താണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നതെന്ന വിമര്‍ശനമാണ് പ്രധാനമന്ത്രി ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.