പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍നിന്ന് കര്‍ഷക സംഘടന പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പങ്കെടുക്കാതിരുന്നതാണ് കര്‍ഷകരുടെ അതൃപ്തിക്കു കാരണം. മുദ്രാവാക്യങ്ങളുയര്‍ത്തി കാര്‍ഷിക ബില്ലുകളുടെ പകര്പ്പുകള്കള് കീറിയെറിഞ്ഞായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ ഇന്നലെയാണ് കേന്ദ്രവുമായുള്ള ചര്‍ച്ചയ്ക്കു വഴങ്ങിയത്. തുടര്‍ന്ന്, 30 കര്‍ഷക സംഘടനകളുടെ പ്രതിനിധികളെയാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. ഡല്‍ഹിയിലെ കൃഷി ഭവനിലായിരുന്നു യോഗം. എന്നാല്‍ യോഗത്തിനെത്തിയ പ്രതിനിധികള്‍ക്ക് കൃഷി മന്ത്രാലയം സെക്രട്ടറിയെ മാത്രമാണ് കാണാനായത്. ഇതോടെ മന്ത്രിയെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് നടക്കാനുള്ള സാധ്യതയില്ലെന്ന് മന്ത്രാലയം സെക്രട്ടറി അറിയിച്ചതോടെ കര്‍ഷകര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പുറത്തേക്കിറങ്ങി. കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു. തുടര്‍ന്ന് കൃഷിഭവന് മുന്നില്‍ കുത്തിയിരുന്നു.
ചര്‍ച്ച തൃപ്തികരമല്ലാത്തിനാലാണ് പ്രതിഷേധിച്ചതെന്ന് വിവിധ സംഘടന പ്രതിനിധികള്‍ പ്രതികരിച്ചു. മന്ത്രിയെയാണ് കാണേണ്ടത്. അദ്ദേഹത്തോടാണ് കാര്യങ്ങള്‍ പറയേണ്ടത്. തങ്ങളുടെ ആവശ്യം അറിയിച്ചാളോമെന്നാണ് സെക്രട്ടറി പറഞ്ഞത്. അതിന് താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് യോഗം ബഹിഷ്കരിച്ചത്. നിയമം റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
പുതിയ കാര്‍ഷിക നിയമത്തിനെതിരെ ഹരിയാന, പഞ്ചാബ് ഉള്‍പ്പെടെ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ വന്‍ പ്രക്ഷോഭത്തിലാണ്. പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യംചെയ്ത് കര്‍ഷക സംഘനകളും വ്യക്തികളും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജികളില്‍ നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെയാണ് അനുനയ നീക്കവുമായി കര്‍ഷക സംഘടനകളെ കേന്ദ്രം ചര്‍ച്ചയ്ക്ക് വിളിച്ചത്.