Top

ഖംബാത് കടലിടുക്കിലെ റോ-റോ സർവ്വീസ് നിർത്തുന്നു; നഷ്ടത്തിലായത് മോദിയുടെ 'സ്വപ്നപദ്ധതി'

ഖംബാത് കടലിടുക്കിലെ റോ-റോ സർവ്വീസ് നിർത്തുന്നു; നഷ്ടത്തിലായത് മോദിയുടെ

പ്രധാനമന്ത്രി നരേന്ദ്രമോദി 2017 ഒക്ടോബർ മാസത്തിൽ ഉദ്ഘാടനം ചെയ്ത റോ-റോ സർവ്വീസ് സേവനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ഭാവ്നഗറിലെ ഘോഘ തുറമുഖത്തിനും ബറൂച്ചിലെ ദഹേജ് തുറമുഖത്തിനും ഇടയ്ക്ക് സർവ്വീസ് നടത്തി വരുന്ന സര്‍വീസാണ് അവസാനിപ്പിച്ചത്. ഐലൻഡ് ജേഡ്, വോയേജ് സിംഫണി എന്നീ ബോട്ടുകളാണ് ഖംബാത് കടലിടുക്കിൽ സർവ്വീസ് നടത്തി വന്നിരുന്നത്.

"സർവ്വീസ് നടത്താൻ യാതൊരു വഴിയും ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ നഷ്ടത്തിലാണ് ഓടുന്നത്. ഇങ്ങനെ പോയാൽ ഞങ്ങൾ പാപ്പരാകാൻ അധികസമയം വേണ്ട. ഐലൻഡ് ജേഡ് ഒരു മാസത്തിനകം വിൽക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്," റോ-റോ സർവ്വീസ് നടത്തുന്ന കമ്പനിയായ ഇൻഡിഗോ സീവേയ്സ് തലവൻ ചേതൻ കോൺട്രാക്റ്റർ പറഞ്ഞു.

ഭാവ്നഗറിലെ ഘോഘ തുറമുഖത്തിനും ബറൂച്ചിലെ ദഹേജ് തുറമുഖത്തിനും ഇടയ്ക്കുള്ള 31 കിലോമീറ്ററിലാണ് റോ-റോ സർവ്വീസ് നടന്നു വന്നിരുന്നത്. കരയിലൂടെ പോകുമ്പോൾ 360 കിലോമീറ്റർ ദൂരം വരും. 8 മണിക്കൂർ നേരത്തെ യാത്ര. ഇത് ഗണ്യമായി കുറയ്ക്കാൻ ഈ സർവ്വീസിന് സാധിച്ചിരുന്നു.

100 വാഹനങ്ങളും (കാറുകളും ബസ്സുകളും ട്രക്കുകളുമടക്കം) 250 യാത്രക്കാരെയും കൊണ്ടുപോകാൻ ശേഷിയുള്ളവയാണ് റോ-റോ സർവ്വീസിനുപയോഗിക്കുന്ന വലിയ ബോട്ടുകള്‍. 614 കോടി ചെലവിട്ടാണ് ഈ പദ്ധതി സർക്കാർ നടപ്പാക്കിയത്. നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയെന് വിശേഷണത്തോടെ ഇതിനെ വലിയ പ്രചാരണങ്ങളും നൽകപ്പെട്ടു. കേന്ദ്ര സർക്കാർ 117 കോടി രൂപ വിഹിതമായി നല്‍കുകയുണ്ടായി. 296 കോടിയുടേതായിരുന്നു ഈ പദ്ധതി. എന്നാൽ ഇരട്ടിയിലധികം തുക ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്. 2013ൽ പൂർത്തീകരിക്കേണ്ടിയിരുന്ന പദ്ധതി മോദി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് പ്രധാനമന്ത്രിയായി മൂന്നു വർഷം പിന്നിട്ടതിനു ശേഷമാണ് യാഥാർത്ഥ്യമാത്.

രാജ്യത്ത് മറ്റെവിടെയും ഇത്തരമൊരു പദ്ധതിയില്ലെന്നും ഏഷ്യയിൽത്തന്നെ ആദ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന വേളയിൽ‌ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും റോറോ സർവ്വീസുകൾ നിലവിലുണ്ടെന്നത് മറച്ചുവെച്ചത് വിമർശനങ്ങൾക്ക് കാരണമായി. ഏഷ്യയിലെ ആദ്യ റോ സർവ്വീസാണെന്നതും തെറ്റായ വിവരമായിരുന്നു. ആസാമില്‍ ബ്രഹ്മപുത്ര നദിക്ക് കുറുകെ റോറോ സര്‍വീസ് നടക്കുന്നുണ്ട്. കാറുകള്‍ കൊണ്ട് പോകുന്ന ഫെറി സര്‍വിസുകള്‍ ആന്‍ഡമാനിലും ഗോവയിലുമുണ്ട്.


Next Story

Related Stories