TopTop
Begin typing your search above and press return to search.

ഞങ്ങളവരുടെ പേര് 'പ്രിയങ്ക ട്വിറ്റര്‍ ഗാന്ധി' എന്ന് മാറ്റി; പരിഹാസവുമായി യുപി ഉപമുഖ്യമന്ത്രി

ഞങ്ങളവരുടെ പേര് പ്രിയങ്ക ട്വിറ്റര്‍ ഗാന്ധി എന്ന് മാറ്റി; പരിഹാസവുമായി യുപി ഉപമുഖ്യമന്ത്രി

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. പ്രിയങ്ക ഗാന്ധി യുപി ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതു മുതല്‍ നിരന്തരമായി സംസ്ഥാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നതും ഇത് സാധ്യമാകുന്ന എല്ലാ വിധത്തിലും യോഗി സര്‍ക്കാര്‍ തടയുന്നതും പതിവാണ്. യുപി കോണ്‍ഗ്രസ് അധ്യക്ഷ അജയ് കുമാര്‍ ലല്ലുവിനെ ജയിലില്‍ അടച്ചിരിക്കുന്നതാണ് പുതിയ വിവാദം. അതിനിടെ, പ്രിയങ്കയെ പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ ഇന്നലെ രംഗത്തെത്തി.

സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് പ്രിയങ്ക ഗാന്ധി പ്രമുഖ നേതാവ് എന്നും തങ്ങള്‍ അവരെ കാര്യമാക്കുന്നില്ലെന്നും മൗര്യ ഇന്ന് പറഞ്ഞു. "2-3 ദിവസത്തേക്ക് അവര്‍ ട്വീറ്റ് ചെയ്യും. അതുകൊണ്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വരും. സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് അവര്‍ 'പ്രമുഖ നേതാവ്'. ഞങ്ങള്‍ അതുകൊണ്ട് അവരുടെ പേരു മാറ്റി 'പ്രിയങ്ക ട്വിറ്റര്‍ ഗാന്ധി' എന്നാക്കി", മൗര്യ പരിഹസിച്ചു.

എന്നാല്‍ ഇതിനോട് പ്രതികരിക്കാതെ, ജനങ്ങളെ സേവിക്കുന്നതു കൊണ്ടാണ് യുപി കോണ്‍ഗ്രസ് തലവന്‍ അജയ് കുമാര്‍ ലല്ലുവിനെ ജയിലില്‍ അടച്ചിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഈ അടിച്ചമര്‍ത്തലിനെതിരെ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുമെന്നും ജനങ്ങളെ സേവിക്കാന്‍ ഗാന്ധിജി കാണിച്ചു തന്നെ 'സേവാ സത്യഗ്രഹ'യുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.

"അടിച്ചമര്‍ത്തുന്നവര്‍ നിങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് തടയാന്‍ ശ്രമിക്കും എന്നാണ് മഹാത്മാ ഗാന്ധി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ സത്യഗ്രഹത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് ഏറ്റെടുത്തിട്ടുള്ള ദൗത്യത്തോടുള്ള പ്രതിബദ്ധതയുമായി മുന്നോട്ടു പോകണം. ജനങ്ങളെ സേവിക്കുന്നതിന്റെ പേരിലാണ് അജയ് ലല്ലുവിനെ ജയിലില്‍ അടച്ചിരിക്കുന്നത്. ഞങ്ങള്‍ ഈ അടിച്ചമര്‍ത്തലിനെതിരെ സേവ സത്യഗ്രഹയിലൂടെ പോരാടും", അവര്‍ ട്വീറ്റ് ചെയ്തു.

गांधीजी ने हमें सिखाया कि दमन करने वाले आपको अच्छे काम करने से रोकेंगे। आप सत्य के आग्रह के साथ अपने कर्म पर डटे रहिए। यूपी कांग्रेस अध्यक्ष अजय लल्लू जी को सेवा करने के लिए जेल में डाला गया।

सेवा सत्याग्रह के जरिए हम इस दमन का विरोध कर रहे हैं।#यूपी_मांगे_अजय_लल्लू_की_रिहाई pic.twitter.com/EJnWkWzDvc
— Priyanka Gandhi Vadra (@priyankagandhi) June 6, 2020

കഴിഞ്ഞ മെയ് 21 മുതല്‍ ലല്ലു ജയിലിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ യുപിയിലേക്ക് കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ 1500-ഓളം ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഏതാനും വാഹനങ്ങളുടെ രേഖകള്‍ ശരിയല്ലെന്ന് കാണിച്ചാണ് വ്യാജരേഖ ചമച്ചു എന്ന് കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയും ചെയ്തു.

അതേ സമയം, യുപി രാഷ്ട്രീയത്തിലുള്ള പ്രിയങ്കയുടെ ഇടപെടലിനെ പരമാവധി കുറച്ചു കാണിക്കാനും ബിജെപി നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. "എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ് 2019-ല്‍ പ്രിയങ്ക ഗാന്ധി യുപിയില്‍ പ്രചരണത്തിന് വന്നത് അവരുടെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക ലക്ഷ്യമിട്ടാണെന്ന്. എന്നാല്‍ അയാളുടെ വിജയം പോലും ഉറപ്പാക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിട്ടില്ല", മൗര്യ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ കുടിയേറ്റ തൊഴിലാളികളെ കൊണ്ടു വരുന്നു എന്ന് പറയുന്നത് 'വൃത്തികെട്ട തമാശ'യാണ് എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പരിഹസിച്ചത്.

Next Story

Related Stories