TopTop
Begin typing your search above and press return to search.

"കേന്ദ്രത്തെ പേടിച്ചിരിക്കണോ പോരാടണോ? തീരുമാനിക്കൂ": മുഖ്യമന്ത്രിമാരോട് ഉദ്ധവ് താക്കറെ

കേന്ദ്രത്തെ പേടിച്ചിരിക്കണോ പോരാടണോ? തീരുമാനിക്കൂ: മുഖ്യമന്ത്രിമാരോട് ഉദ്ധവ് താക്കറെ

കോവിഡ് മഹാമാരിയുടെ പകര്‍ച്ച ഗുരുതരമായി തുടരുന്ന സാഹചര്യത്തിനിടയിലും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒന്നിച്ചെതിര്‍ക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയില്‍ പോകണമെന്നും ജോയിന്റ് എന്‍ട്രന്‍സ് എക്സാം, നാഷണന്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് എന്നിവ മാറ്റി വെക്കാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാരിനെ നാം ഭയപ്പെട്ടിരിക്കണോ അതോ പോരാടണോയെന്നതാണ് തീരുമാനിക്കേണ്ടതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിയെ തെരഞ്ഞെടുത്ത അതേ ജനങ്ങള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരുകളെയും തെരഞ്ഞെടുത്തത്. നമ്മള്‍ ചെയ്യുന്നതെല്ലാം പാപവും അവര്‍ ചെയ്യുന്നതെല്ലാം പുണ്യവുമാകുന്ന ചിന്താഗതിക്ക് മാറ്റം വരുത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.

സഹകരണാത്മക ഫെഡറലിസത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വലിയ സമ്മര്‍ദ്ദമാണ് കേന്ദ്രത്തിന്റെ ഈ തീരുമാനമുണ്ടാക്കിയിരിക്കുന്നത്. ഒരു ജനാധിപത്യത്തില്‍ ഇത്രയധികം അതിക്രമങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. 'സാഹചര്യം വളരെ ഗുരുതരമാണ്. നമുക്ക് കുട്ടികള്‍ക്കു വേണ്ടി സംസാരിക്കേണ്ടതുണ്ട്,' അവര്‍ വിശദീകരിച്ചു.

വളരെ വേഗത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി. അടുത്തയാഴ്ച പരീക്ഷ തുടങ്ങാനിരിക്കുകയാണ്. 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ത്ഥികള്‍ പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. "ജീവിതം തടഞ്ഞു നിര്‍ത്താനാകില്ല" എന്ന ന്യായമാണ് കോടതി പറഞ്ഞത്.

തന്റെ മാതാപിതാക്കള്‍ക്ക് കോവിഡ് പൊസിറ്റിവാണെന്ന കാര്യം പറഞ്ഞാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസാരിച്ചത്. പരീക്ഷകള്‍ നടത്തണം. പക്ഷെ അതിനിത്ര ധൃതി എന്തിനാണ്? അദ്ദേഹം ചോദിച്ചു.


Next Story

Related Stories