TopTop
Begin typing your search above and press return to search.

'ഒരു ടെലികോം കമ്പനിയും അടച്ചുപൂട്ടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല', നിർമ്മല സിതാരാമൻ

ഒരു ടെലികോം കമ്പനിയും അടച്ചുപൂട്ടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല, നിർമ്മല സിതാരാമൻ

രാജ്യത്തെ ഒരു ടെലികോം കമ്പനിയും അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി നിർമ്മല സിതാരാമൻ. രാജ്യത്തെ ടെലികോം മേഖലയിൽ സാമ്പത്തിക പ്രതിസന്ധി വർദ്ധിക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോഴാണ ധനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ, ഭാരതി എയർടെൽ എന്നിവ 2019-20 സാമ്പത്തിക വർഷത്തെ സെപ്റ്റംബർ പാദത്തിൽ 73,967 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയെന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ, ഒരു കമ്പനിയും അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാവരും അഭിവൃദ്ധി പ്രാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ കടം 1.02 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ഇതു കൂടാതെ മിക്ക കമ്പനികളും വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികളുടെ രണ്ടാം പാദ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ടെലികോം മേഖലയിലെ പ്രതിസന്ധി തിരിച്ചറിയുന്നത്.

ഇക്കാലയളവിൽ എയർടെൽ 23,045 കോടി രൂപ നഷ്ടം നേരിട്ടപ്പോൾ വോഡഫോൺ ഐഡിയ രേഖപ്പെടുത്തിയത് 50,921 കോടിയുടെ നഷ്ടമാണ്. സുപ്രീംകോടതി ഉത്തരവുപ്രകാരം സർക്കാരിന് ലൈസൻസ്, സ്പെക്ട്രം ഫീസ് കുടിശിക നൽകാനായി 28,450 കോടി നീക്കിവച്ചതാണ് ഇത്രയും ഉയർന്ന നഷ്ടത്തിനു കാരണമെന്ന് എയർടെൽ പറ‍ഞ്ഞു.

ടെലികോം–ഇതര വരുമാനം കൂടി കണക്കിലെടുത്തുള്ള മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമാണു കമ്പനികൾ സർക്കാരിനു ഫീസായി നൽകേണ്ടതെന്നു സുപ്രീംകോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. ദീർഘകാലമായി കോടതിയുടെ മുമ്പാകെ ഉണ്ടായിരുന്ന കേസിൽ വിധി വന്നതോടെ കുടിശികയും അതിനുള്ള പിഴയും പലിശയുമായി എയർടെൽ 62,187.73 കോടി, വോഡഫോൺ ഐഡിയ 54,183.9 കോടി, ബിഎസ്എൻഎൽ–എംടിഎൻഎൽ 10,675.18 കോടി എന്നിങ്ങനെ നൽകേണ്ടിവരുമെന്നാണു ടെലികോം വകുപ്പിന്റെ കണക്ക്.

നിലവിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ബിഎസ്എൻഎല്ലിന് ഇരുട്ടടിയാവുന്നതാണ് ഈ നിർദേശം. പ്രതിസന്ധിയിൽ നിന്നും കരകയറാൻ രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ‌ ധനമന്ത്രിയുടെ പ്രതികരണം. ഇതിനിടെ, രാജ്യത്തെ ബിസിനസ് അന്തരീക്ഷം വളരെ ഗുരുതരാവസ്ഥയിലാണെന്നും തുടരാൻ പ്രയാസമാണെന്നും വോഡഫോൺ ആഗോള മേധാവി നിക് റീഡ് പറഞ്ഞതായി വാർത്തകൾ വന്നതും വിവാദം സൃഷ്ടിച്ചിരുന്നു.


Next Story

Related Stories