TopTop
Begin typing your search above and press return to search.

മാഹിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗബാധ അബുദാബിയിൽ നിന്നും കോഴിക്കോട് വഴി നാട്ടിലെത്തിയ എഴുപതുകാരിക്ക്

മാഹിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗബാധ അബുദാബിയിൽ നിന്നും കോഴിക്കോട് വഴി നാട്ടിലെത്തിയ എഴുപതുകാരിക്ക്

രാജ്യത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ സ്ഥിരീകരിച്ച ആദ്യ കോവിഡ് 19 ബാധ പുതുച്ചേരിയുടെ ഭാഗമായ കേരളത്തോട് ചേർന്ന് കിടക്കുന്ന മാഹിയിൽ. ആഴ്ചകൾക്ക് മുമ്പ് അബുദാബിയിൽ നിന്നും തിരിച്ചെത്തിയ 70 കാരിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. പുതുച്ചേരിയുടെ ഭാഗമായ മാഹി നിവാസിയായ എഴുപത്കാരി കോഴിക്കോട് എയര്‍പോർ‌ട്ട് വഴിയാണ് തിരികെ നാട്ടിലെത്തിയത്. പുതുച്ചേരി ആരോഗ്യ വകുപ്പാണ് മാഹിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചതായി അറിയിച്ചത്.

കോഴിക്കോട് കണ്ണൂർ ജില്ലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന മാഹിയിൽ രോഗ ബാധ സ്ഥിരീകരിച്ചത് കേരളത്തിലും ആശങ്കയുണർത്തുന്നതാണ്. നേരത്തെ കോവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടിരുന്നു. പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (A) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം മേഖലയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്കും നിയന്ത്രണം ബാധകമാണ്.

കോവിഡ് 19 ബാധിച്ച് രാജ്യത്ത് മുന്നാമക്കെ മരണം റിപ്പോർട്ട് ചെയ്തതതിന് പിന്നാലെയാണ് മാഹിയില്‍ രോഗ ബാധ സ്ഥിരീകരിക്കുന്നത്. മുംബൈയിലെ കസ്തൂര്‍ബ ഹോസ്പിറ്റലില്‍ കൊറോണ പോസിറ്റീവ് ആയി ചികിൽസയിലിരുന്ന 64 വയസുള്ളയാളാണ് മരിച്ചത്. ഇയാൾ ദുബായിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു.

കര്‍ണാടകയിലായിരുന്നു രാജ്യത്തെ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. സൗദിയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ കല്‍ബുര്‍ഗി സ്വദേശിയായ 76കാരനാണ് മരിച്ചത്. രണ്ടാമത്തെ മരണം ഡല്‍ഹിയില്‍ 68കാരിയായ സ്ത്രീയുടേതായിരുന്നു. ഇന്ത്യയില്‍ മൊത്തം കൊവിഡ് 19 കേസുകളുടെ എണ്ണം 125 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 കേസുകൾ മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് - 39. മഹാരാഷ്ട്രയിൽ വീട്ടിൽ ക്വാറൻ്റൈൻ ചെയ്യുന്നവരുടെ ഇടത് കൈപ്പത്തിയിൽ ഹോം ക്വാറൻ്റൈൻ എന്ന് എഴുതുന്ന പരിപാടി സർക്കാർ തുടങ്ങിയിട്ടുണ്ട്. 24 പേർക്കാണ് കേരളത്തിൽ ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.


Next Story

Related Stories