Top

ആദ്യ റാഫേല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി ഫ്രാന്‍സ്; 'ചരിത്ര ദിന'മെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആദ്യ റാഫേല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി ഫ്രാന്‍സ്;

ആദ്യ റാഫേല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി ഫ്രാന്‍സ്. വ്യോമസേനയ്ക്കുവേണ്ടി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് വിമാനം സ്വീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാജ്‌നാഥ് സിങ് ഫ്രാന്‍സിലെത്തിയിരിക്കുന്നത്. ആദ്യ വിമാനം ഏറ്റുവാങ്ങിക്കൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞത്, ഇത് 'ചരിത്ര ദിന'മാണെന്നാണ്. റാഫേല്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ആദ്യ വിമാനം കൈമാറിയെങ്കിലും ആദ്യ ബാച്ചിലുള്ള നാലു വിമാനങ്ങള്‍ 2020 ഏപ്രില്‍-മെയ് മാസത്തോടെ ഇന്ത്യയിലെത്തുകയുള്ളൂ. വിമാന കൈമാറ്റ ചടങ്ങിനൊപ്പം ദസറയുടെ ഭാഗമായി ശസ്ത്രപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ദസോള്‍ട്ട് ഏവിയേഷനില്‍ ഒരുക്കിയിരുന്നു. ഫ്രാന്‍സിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഫ്രാന്‍സും ഇന്ത്യയും തമ്മിലുള്ള സഹകരണം ഇതോടെ കൂടുതല്‍ ശക്തമായിയെന്നും വ്യോമസേനയെ കാലം മാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സമയബന്ധിതമായി വിമാനം കൈമാറിയതിനാല്‍ സന്തുഷ്ടനാണെന്നും ബാക്കിയുള്ള മറ്റു വിമാനങ്ങള്‍ കൃത്യ സമയത്തിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി പ്രതിരോധമന്ത്രി ചര്‍ച്ച നടത്തും. റാഫേല്‍ യുദ്ധവിമാനങ്ങള്‍ അഞ്ചാം തലമുറയിലുള്ളതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഹരിയാന, അമ്പാല, പശ്ചിമ ബംഗാളിലെ ഹസിമര തുടങ്ങിയ വ്യോമസേന കേന്ദ്രങ്ങളിലാകും റാഫേല്‍ വിന്യസിക്കുക.

റാഫേലിന്റെ ആദ്യ വിമാനം സെപ്റ്റംബര്‍ 19 നായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്സിന് കൈമാറുന്നതിനായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റുകയായിരുന്നു. 2016 സെപ്റ്റംബറിലാണ് ഫ്രാന്‍സില്‍ നിന്നും 59,000 കോടി രൂപക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കരാറിലെത്തിയത്.

റാഫേല്‍ കരാറില്‍ വന്‍ അഴിമതിയാരോപിച്ച് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.


Next Story

Related Stories