രാജ്യത്ത് വിമാന യാത്രാ നിരക്ക് വര്‍ധിപ്പിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. ആഭ്യന്തര വിമാന സര്‍വീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിയ്ക്കുകയാണ് മന്ത്രാലയം. ടിക്കറ്റ് നിരക്കില്‍ 10 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായ മേഖലയാണിത്. 2021 മാര്‍ച്ച് 31 വരെയോ അടുത്ത ഉത്തരവുകള്‍ വരുന്നത് വരെയോ നിരക്ക് വര്‍ധന തുടരും. അതേസമയം കഴിഞ്ഞ വര്‍ഷം മെയ് 21 ന് ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, വിമാന സമയദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാന നിരക്കുകള്‍ കുറച്ചിരുന്നു.40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഫ്ലൈറ്റ് യാത്രാ ടിക്കറ്റില്‍ ഉള്‍പ്പെടെ മാറ്റം വരും. ആദ്യ വിഭാഗത്തിന്റെ കുറഞ്ഞ പരിധി 2,000 രൂപയില്‍ നിന്ന് 2,200 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലെ തന്നെ ഉയര്‍ന്ന ടിക്കറ്റ് 7,800 രൂപയായി ആണ് ഉയരുന്നത്. ഇത് നേരത്തെ 6,000 രൂപ മാത്രമായിരുന്നു.
40 മുതല്‍ 60 മിനിറ്റുകള്‍ വരെയും 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 180-210 മിനിറ്റ്.. ഇങ്ങനെ വിവിധ ദൈര്‍ഘ്യമുള്ള യാത്രകളുടെ ടിക്കറ്റ് നിരക്ക് ഉയരും. 2800 രൂപ മുതല്‍ 24,200 രൂപ വരെയാണ് വിവിധ ബാന്‍ഡുകളിലെ നിരക്ക് . മാര്‍ച്ച് അവസാനത്തോടെ കൊവിഡിന് മുമ്പുണ്ടായിരുന്ന 80 ശതമാനം സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും.