TopTop
Begin typing your search above and press return to search.

ചൈനയുടെ പ്രശ്നം നമ്മുടെ അമേരിക്കൻ അടുപ്പമാണ്, അതുകൊണ്ട് ഭയപ്പെടുത്താൻ നോക്കുന്നു; വഷളാക്കാതിരിക്കാൻ ഇന്ത്യയും ശ്രദ്ധിക്കണം; കെ.പി ഫാബിയാൻ സംസാരിക്കുന്നു

ചൈനയുടെ പ്രശ്നം നമ്മുടെ അമേരിക്കൻ അടുപ്പമാണ്, അതുകൊണ്ട് ഭയപ്പെടുത്താൻ നോക്കുന്നു; വഷളാക്കാതിരിക്കാൻ ഇന്ത്യയും ശ്രദ്ധിക്കണം; കെ.പി ഫാബിയാൻ സംസാരിക്കുന്നു

ലോകം കൊറോണ ഭീതിയിൽ കഴിയുമ്പോൾ ഇന്ത്യ-ചൈന അതിർത്തി വീണ്ടും സംഘർഷഭരിതമാകുകയാണ്. നിയന്ത്രണ രേഖയിൽ ഇരു സൈന്യങ്ങളും നിലയുറപ്പിച്ചതായാണ് ലഡാക്കിൽ നിന്നുള്ള റിപ്പോർട്ട്. ഇതിനിടെ വിഷയത്തിൽ മധ്യസ്ഥം വഹിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നു. എന്നാൽ നിലവിൽ ചൈന ഇന്ത്യയെ ആക്രമിക്കില്ലെന്നും അമേരിക്കയുമായുള്ള ഇന്ത്യയുടെ ചങ്ങാത്തത്തിന് മുന്നറിയിപ്പ് നൽകാനാണ് അവർ ശ്രമിക്കുന്നതെന്നും പ്രശസ്ത വിദേശകാര്യ വിദഗ്ധൻ കെ പി ഫാബിയാൻ അഴിമുഖത്തോട് പറഞ്ഞു. അദ്ദേഹവുമായി നടത്തിയ അഭിമുഖം.

ലഡാക്കിലെ അതിർത്തിയിൽ ഇരുസൈന്യങ്ങളും നിലയുറപ്പിച്ചിരിക്കുകയാണ്. എങ്ങനെ വിലയിരുത്തുന്നു ഈ സാഹചര്യത്തെ?ചൈനയുടെ ഭാഗത്തു നിന്നും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്തും ഇതേ ശ്രമങ്ങൾ നടക്കുന്നു. ഇതിനിടയ്ക്ക് രണ്ട് മൂന്ന് ആഴ്ച മുമ്പ് ചെറിയ ഏറ്റുമുട്ടലുകൾ ഉണ്ടായി. ചൈന പറയുന്നത് അവർ നമ്മുടെ അതിർത്തിയിലേക്ക് വന്നിട്ടില്ല എന്നാണ്. മാത്രമല്ല ഇന്ത്യ അവരുടെ വശത്തേക്ക് പോയിട്ടുണ്ടെന്നും ആരോപിക്കുന്നു. എന്നാൽ നമ്മൾ ചൈനയുടെ വശത്തേക്ക് പോയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. പക്ഷെ ചൈനയ്ക്ക് ഇന്ത്യയോടുള്ള സമീപനം മാറിക്കൊണ്ടിരിക്കുന്നു എന്നാണ് നമ്മൾ മനസിലാക്കേണ്ടത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതായി അവർക്ക് തോന്നുന്നതാണ് കാരണം. അത് ചൈനയ്ക്ക് ഇഷ്ടമല്ല. മൂന്ന് നാല് ദിവസം മുമ്പ് നമ്മുടെ ഒരു പ്രസ് കോൺഫറൻസ് ഉണ്ടായിരുന്നു. ചോദ്യങ്ങളൊക്കെ ബോർഡർ വിഷയമായിരുന്നു. അതിലൊരു ചോദ്യം ദക്ഷിണ ചൈന സംബന്ധിച്ച് ഇന്ത്യയുടെ സമീപനം എന്താണെന്നായിരുന്നു. അവിടെ അന്താരാഷ്ട്ര നിയമം പ്രാവർത്തികമായിരിക്കണമെന്നും ദേശീയതാ സ്വാതന്ത്ര്യം വേണമെന്നും അന്താരാഷ്ട്ര നിയമത്തിന് എതിരായിട്ട് ഒന്നും ചെയ്യരുത് എന്നുമായിരുന്നു. ചൈനയുടെ ദൃഷ്ടിയിൽ ഈ ചോദ്യം ഒരു ആസൂത്രിത ചോദ്യമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതായത് ഒരു ജേണലിസ്റ്റിനെ ചട്ടംകെട്ടി ചോദിപ്പിച്ചതായി കരുതും. എന്നിട്ട് മറുപടി കൊടുത്തു. അതായത് ചൈനയ്ക്ക് എതിരെ പറയാനുള്ള ഒരു അവസരം നമ്മൾ ഉണ്ടാക്കിയെന്നേ അവർ കരുതൂ.

അതിർത്തിയിൽ എന്തെങ്കിലും സംഘർഷം വരുമ്പോൾ സൈന്യം പരസ്പരം സംസാരിച്ച് തീർക്കണമെന്ന താൽപര്യം 2012ലോ മറ്റോ ഇന്ത്യ ചൈനയെ അറിയിച്ചിരുന്നു. അതിന് സാധിച്ചില്ലെങ്കിൽ നയതന്ത്ര ചർച്ചകൾ നടത്തണം. ഇന്ത്യയുടെ ഭാഗത്തു നിന്നും നമ്മുടെ ഈസ്റ്റ് ഏഷ്യൻ ജോയിൻ സെക്രട്ടറിയും ചൈനയുടെ ഭാഗത്തു നിന്നും അവരുടെ ജോയിൻ സെക്രട്ടറി ലെവലിലുള്ള ഡയറക്ടർ ജനറലും തമ്മിലാണ് ഈ ചർച്ച നടന്നത്. നമ്മുടെ ആഗ്രഹം അറിയിച്ചെങ്കിലും അതിനുള്ള അവരുടെ മറുപടി ലഭിച്ചിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷെ ഇപ്പോഴത്തെ ടെൻഷൻ കുറയ്ക്കാനായിട്ട് നമുക്ക് കൂടുതൽ ചെയ്യാമായിരുന്നു. അടുത്തിടെ പ്രധാനമന്ത്രി എൻ എസ് എയും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫുമായും മൂന്ന് സേനകളുടെയും മേധാവികളുമായും കൂടിക്കാഴ്ച നടത്തിയതിന്റെ വാർത്ത കണ്ടിരുന്നു. അതൊക്കെ ചൈനയ്ക്ക് ഒരുപക്ഷെ തെറ്റായിട്ടുള്ള ധാരണ കൊടുത്തേക്കാം. പ്രധാനമന്ത്രിയുടെ ഈ കൂടിക്കാഴ്ചയിൽ വിദേശകാര്യ സെക്രട്ടറിയെക്കൂടി ഉൾപ്പെടുത്തണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കാരണം ഇതൊരു സൈനിക പ്രശ്നം മാത്രമല്ല. മാത്രമല്ല ഒരു സൈനിക പ്രശ്നം പരിഹരിക്കാൻ നമ്മൾ നയതന്ത്ര വഴികളാണ് ഉപയോഗിക്കുന്നത്.ഈ സംഘർഷം കൂടിയാലും ചൈനയ്ക്ക് വലിയ നഷ്ടമില്ല. അതേസമയം നമ്മളെ സംബന്ധിച്ച് നഷ്ടമുണ്ടാകാം. കാരണം, സംഘർഷം വർധിച്ചാൽ ലഡാക്കിലേക്ക് നമുക്ക് കൂടുതൽ സൈന്യത്തെ അയക്കേണ്ടിവരും. ആ സമയത്ത് ഇന്ത്യ-പാക് അതിർത്തിയിലെ പ്രശ്നങ്ങൾ വീണ്ടും തലപൊക്കിയാൽ അത് ബുദ്ധിമുട്ടാകും. നമ്മുടെ സൈനിക മേധാവിയൊക്കെ രണ്ട് ഭാഗത്തും സുഖമായി യുദ്ധം ചെയ്യാമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇതൊക്കെ എന്റെ അഭിപ്രായത്തിൽ നമ്മൾ പറയരുതാത്ത കാര്യമാണ്. ഇതൊക്കെ പൊതുവായി പറയുന്നത് ബുദ്ധിയല്ല. ചെറിയൊരു തീയുള്ളത് വെള്ളമൊഴിച്ച് കെടുത്തുന്നതിന് പകരം അതിനെ ആളിക്കത്തിക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. ഇനിയെങ്കിലും അത് മാറുമെന്ന് നമുക്ക് ആശിക്കാം. കൊറോണ വ്യാപനത്തിൽ ചൈന സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് പല ബഹുരാഷ്ട്ര കമ്പനികളും ചൈന വിടാൻ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ ഉണ്ടല്ലോ?അവരെ ആകർഷിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ചൈനയെ പ്രകോപിപ്പിക്കുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികളോട് ഡൊണാൾഡ് ട്രംപ് പറഞ്ഞിരിക്കുന്നത് ഇന്ത്യയിലേക്കൊന്നും പോകാനാകില്ല അമേരിക്കയിലേക്ക് തന്നെ തിരിച്ചു വരണമെന്നാണ്. ആപ്പിളിനോടൊക്കെയങ്ങനെ പറഞ്ഞിട്ടുണ്ട്. രണ്ടാമത്, കുറച്ച് കമ്പനികൾ മാത്രമേ ചൈനയിൽ നിന്നും പുറത്തേക്ക് വരാനുള്ള നിലപാടുകൾ എടുത്തിട്ടുള്ളൂ. അതിൽ തന്നെയും വളരെ ചെറിയ എണ്ണം മാത്രമേ ഇന്ത്യയിലേക്ക് വന്നിട്ടുള്ളൂ. കൂടുതലും വിയറ്റ്നാമിലേക്ക് ഒക്കെയാണ് പോയിരിക്കുന്നത്. നമുക്ക് അവരെ ആകർഷിക്കാനുള്ള കഴിവുണ്ടെന്നത് ഓവർ എസ്റ്റിമേറ്റ് ചെയുന്നതാണ്.ലോകം മുഴുവൻ ഒരു രോഗാണുബാധയിൽ പരിഭ്രമിച്ച് നിൽക്കുമ്പോൾ ചൈന ഇന്ത്യയെ ആക്രമിക്കുമോ? എനിക്ക് തോന്നുന്നില്ല. ചൈന നമ്മളെ അൽപ്പം ഭയപ്പെടുത്താനാണ് നോക്കുന്നത്. നിങ്ങൾ അമേരിക്കയുമായി ഇത്ര അടുപ്പത്തിൽ പോകുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ലെന്നും ഞങ്ങളുടെ താൽപര്യമനുസരിച്ച് കുറച്ച് മാറി നിന്നാൽ കൊള്ളാം എന്നുമാണ് അവർ പറയാൻ ശ്രമിക്കുന്നത്. അതേസമയം അതിർത്തിയിൽ അവർ കടുത്ത നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഡോക്ലോമിന്റെ കാര്യത്തിലും പ്രധാനമന്ത്രി അവിടെ പോയി എല്ലാം ശരിയാക്കിയെന്ന് നമ്മൾ വെറുതെ പ്രചരണം കൊടുത്തതാണ്. ചൈനയ്ക്ക് ആവശ്യമായതെല്ലാം അവർ ചെയ്തു. നമ്മളെ അവർ നല്ലവണ്ണം പറ്റിച്ചു. രണ്ട് ഭാഗത്തും 200 മീറ്റർ വീതം പിൻവലിക്കാനായിരുന്നു തീരുമാനം. രണ്ട് പ്രാവശ്യം നൂറ് മീറ്റർ വീതമാണ് പിൻവലിക്കാൻ തീരുമാനിച്ചതും. ഇന്ത്യ ആദ്യം പിൻവലിക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം. ഇന്ത്യ ആദ്യ 100 മീറ്റർ പിൻവലിച്ചപ്പോൾ ചൈനയും പിൻവലിച്ചു. എന്നാൽ രണ്ടാമത്തെ നൂറ് മീറ്റർ പിൻവലിക്കാൻ ചൈന തയ്യാറായിട്ടില്ല. അതുകൊണ്ട് അവരെ അങ്ങനെ വിശ്വസിക്കാനും പറ്റില്ല. വിഷയത്തിൽ മധ്യസ്ഥം വഹിക്കാമെന്ന് ട്രംപ് പറയുന്നുണ്ടല്ലോ? ഇന്ത്യ അതിന് വഴങ്ങുമോ? മുമ്പ് പാകിസ്ഥാനുമായുള്ള അതിർത്തി പ്രശ്നത്തിൽ അമേരിക്കയുടെ മധ്യസ്ഥം വേണ്ടെന്നായിരുന്നു ഇന്ത്യയുടെ നിലപാട് ഈ സാഹചര്യത്തിൽ ഇന്ത്യ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത്. ചൈനയ്ക്ക് ഇഷ്ടമില്ലെന്ന് നമുക്ക് അറിയാം. ട്രംപിനെ ദേഷ്യപ്പെടുത്തിയാൽ അയാൾ വല്ലതും ചെയ്യും. അതുകൊണ്ട് തന്നെ ഈ വാഗ്ദാനം അവഗണിച്ചേക്കുക. എല്ലാ കാര്യത്തിലും നമുക്ക് പെട്ടന്ന് പ്രതികരിക്കേണ്ട ആവശ്യമില്ലല്ലോ? അയാൾ ട്വീറ്റ് ചെയ്തതല്ലേയുള്ളൂ. ഔദ്യോഗികമായി അറിയിച്ചതല്ലല്ലോ? ആവശ്യമുണ്ടെങ്കിൽ ചോദിക്കാമെന്ന നിലപാട് എടുക്കുന്നതാണ് നമുക്ക് ഇപ്പോൾ നല്ലത്.


Next Story

Related Stories