TopTop
Begin typing your search above and press return to search.

മിനി ഹെലികോപ്ടര്‍, ഒരു കോടി രൂപ നിക്ഷേപം, ഐ ഫോണ്‍, ചന്ദ്രനിലേക്ക് യാത്ര; ഈ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്

മിനി ഹെലികോപ്ടര്‍, ഒരു കോടി രൂപ നിക്ഷേപം, ഐ ഫോണ്‍, ചന്ദ്രനിലേക്ക് യാത്ര; ഈ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തമിഴ് ജനതയ്ക്കു മുമ്പാകെ വാഗ്ദാനങ്ങളുടെ പെരുമഴയാണ്. ചെറുതും വലുതുമായ കക്ഷികളും സ്വതന്ത്രരുമൊക്കെ ഇത്തരത്തില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണച്ചാക്കുകളുമായി വീടുകള്‍ കയറിയിറങ്ങുന്നവരും ഇല്ലാതില്ല. എന്നാല്‍, ഇതുവരെയുള്ള എല്ലാ വാഗ്ദാനങ്ങള്‍ക്കും മേലെയാണ് സൗത്ത് മധുരയില്‍നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി തുലം ശരവണന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. മിനി ഹെലികോപ്ടറും ചന്ദ്രനിലേക്കൊരു സൗജന്യ യാത്രയും തുടങ്ങി കേള്‍ക്കുന്നവരുടെ കണ്ണ് തള്ളുന്ന വാഗ്ദാനങ്ങളാണ് 34 കാരനായ ശരവണന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അതിനു പിന്നിലൊരു ലക്ഷ്യവുമുണ്ട്.

എല്ലാ കുടുംബത്തിന് മിനി ഹെലികോപ്ടര്‍, സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ, ചന്ദ്രനിലേക്ക് സൗജന്യ യാത്ര, ഐ ഫോണ്‍, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോട്ട്, ചൂട് കാലത്ത് മണ്ഡലത്തില്‍ കൃത്രിമ മഞ്ഞുമ, സ്പേസ് റിസര്‍ച്ച് സെന്റര്‍, റോക്കറ്റ് ലോഞ്ച് പാഡ്, നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് ഗതാഗതത്തിനായി ബോട്ടുകള്‍, സ്വിമിംഗ് പൂള്‍ ഉള്ള മൂന്ന് നില വീട്, വിവാഹത്തിന് ആഭരണങ്ങള്‍ എന്നിങ്ങനെയാണ് ശരവണന്റെ വാഗ്ദാനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂട്ടുകാരില്‍നിന്നായി 20,000 രൂപ വായ്പയെടുത്ത ശരവണന്റെ വാഗ്ദാനങ്ങള്‍ ആരെയും ഞെട്ടിക്കും. ഇതെന്ത് വാഗ്ദാനങ്ങളെന്ന് ആരെക്കൊണ്ടും ചോദിപ്പിക്കും. ആളുകള്‍ അങ്ങനെ ചോദിക്കാന്‍ വേണ്ടിയാണ് ശരവണന്‍ ഇത്തരം വാഗ്ദാനങ്ങള്‍ പ്രചരിപ്പിക്കുന്നത്.


രാഷ്ട്രീയ പാര്‍ട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കാന്‍ ആളുകളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ശരവണന്‍ പറയുന്നു. അതിലൂടെ സാധാരണക്കാരായ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ജനത്തെ പ്രേരിപ്പിക്കും. തെരഞ്ഞെടുപ്പ് എന്താണെന്നോ, അതില്‍ എങ്ങനെ പങ്കെടുക്കണമെന്നോ പലര്‍ക്കും അറിയില്ല. ആ പ്രക്രിയ എന്താണെന്ന് പഠിക്കാനാണ് മത്സരിക്കുന്നത്. ആളുകള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് ഇതിനെപ്പറ്റി ധാരണ വന്നാല്‍ രാഷ്ട്രീയക്കാര്‍ ഭയപ്പെട്ടുതുടങ്ങും.

സൗത്ത് മധുരയില്‍ 2,30,000 വോട്ടുകളാണുള്ളത്. 5000 യുവാക്കള്‍ മത്സരിച്ച് 50 വോട്ട് വീതം നേടിയാല്‍ ഒരു പാര്‍ട്ടിക്കും തമിഴ്നാട്ടില്‍ മത്സരിക്കാനാവില്ല. അവര്‍ പൊതുജനങ്ങളെ ഭയപ്പെടും. അത് മികച്ച ഭരണത്തിന് വഴിയൊരുക്കും. ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തോറ്റാലും യാതൊരു പ്രശ്‌നവുമില്ലെന്നും ശരവണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചവറ്റുകുട്ടയാണ് ശരവണന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ശരവണന്‍ അവിവാഹിതനാണ്.


Next Story

Related Stories