മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഭരണകൂടനീക്കങ്ങളെ പക്ഷഭേദമില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് ഓര്‍പ്പെടുത്തലുമായി സോഷ്യല്‍ മീഡിയ. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫും മാനേജിംഗ് ഡയറക്ടറുമായ അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തെ അപലപിച്ച കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ ബിജെപി നേതാക്കളുടെ ശ്രദ്ധ മറ്റ് മാധ്യമ പ്രവര്‍ത്തകരുടെ വിഷയങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഇത്തരം ഒരു ആവശ്യമുയരുന്നത്. ബിജെപി സര്‍ക്കാറിന് കീഴില്‍ രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് വാദം.
അര്‍ണബ് ഗോസ്വാമിക്ക് എതിരായ മഹാരാഷ്ട്ര പോലീസിന്റെ നടപടിയെ എതിര്‍ത്തു കൊണ്ട് രംഗത്ത് വന്നവരില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും വനിതാ, ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിയുമൊക്കെയുണ്ട്. രൂക്ഷമായ ഭാഷയിലായിരുന്നു ഇവരുടെയൊക്കെ വിമര്‍ശനം. അര്‍ണബിനെതിരായ നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ച ഈ മന്ത്രിമാര്‍ മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നായിരുന്നു പോലീസ് നടപടിയെ വിശേഷിപ്പിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന ഈ കടന്നു കയറ്റത്തെ ചെറുക്കണമെന്നും മഹാരാഷ്ട്ര പോലീസിന്റെ നടപടി അടിയന്തരാവസ്ഥകാലത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നും ഈ നേതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍, മഹാരാഷ്ട്രയില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും സ്വതന്ത്ര മാധ്യമങ്ങള്‍ ആവശ്യമാണെന്ന് നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു എന്നാണ് മറ്റ് മാധ്യമ പ്രവര്‍ത്തര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമപ്രവര്‍ത്തകയായ രോഹിണി സിംഗ് ഇത്തരത്തില്‍ ഒരു പട്ടിക തന്നെ മുന്നോട്ട് വയ്ക്കുകയാണ്. പോലീസിന്റെ ഭാഗത്തു നിന്ന് അടുത്തിടെ ഉണ്ടായ പത്തോളം സംഭവങ്ങളാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രം ഇവർ ചൂണ്ടിക്കാട്ടുന്നത്. യുപി പോലീസ് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ധീഖ് കാപ്പന് ഉള്‍പ്പെടെയുള്ളവരുടെ വിഷയവും മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഹത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലാവുകയും പിന്നീട് രാജ്യദ്യോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയും ചെയ്യുന്ന സിദ്ധീഖ് കാപ്പനെ കാണുന്നതിന് അഭിഭാഷകര്‍ക്ക് പോലും ഇപ്പോഴും വിലക്ക് തുടരുകയാണ്. ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും വക്കാലത്ത് ഒപ്പിടീക്കാന്‍ പോലും സാധിക്കാത്തതിനാല്‍ അറസ്റ്റിലായി ഒരു മാസം കഴിഞ്ഞിട്ടും സിദ്ദിഖ് ജയില്‍ തുടരുകയാണ്.
ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ കോവിഡ് ക്വാറന്റെയിന് സെന്ററിലെ കൃത്യവിലോപം റിപ്പോര്‍ട്ട് ചെയ്ത ടുഡേ -24 ന്യൂസ് പോര്‍ട്ടലിലെ ജേര്‍ണലിസ്റ്റ് രവീന്ദ്ര സക്സേനക്കെതിരായ കേസാണ് മറ്റൊന്ന്. ക്വാറന്റെയിന് കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് മോശം ഭക്ഷണം വിതരണം ചെയ്തു എന്ന വീഡിയോ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു രവീന്ദ്ര സക്സേനയ്ക്കെതിരെ യുപി പോലീസ് കേസെടുത്തത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നിന്ദ്യമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് മാധ്യമ പ്രവര്ത്തകന് അമിതാഭ് റാവത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസാണ് മറ്റൊന്ന്. ഡിയോറയയിലെ ജില്ലാ ആശുപത്രിയിലെ വനിതാ വാര്‍ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി തറ വൃത്തിയാക്കുന്ന വീഡിയോ പുറത്ത് വിട്ടതാണ് കേസിന് കാരണമായത്. മാതാവ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അധികൃതര്‍ പെണ്‍കുട്ടിയെ ഇത്തരത്തില്‍ ജോലിയെടുപ്പിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി 'നമക്-റൊട്ടി' (ഉപ്പും റൊട്ടിയും) വിതരണം ചെയ്ത ഉത്തര്‍പ്രദേശില്‍ നിന്നുള്ള വീഡിയോ പുറത്ത് വിട്ട മാധ്യമ പ്രവര്ത്തകന് എതിരായ നടപടിയാണ് മറ്റൊന്ന്. മാധ്യമപ്രവര്‍ത്തകനായ പവന് കുമാര്‍ ജയ്സ്വാള്‍ മനപ്പൂര്‍വം ഭരണകൂടത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചത് എന്നാരോപിച്ചായിരുന്നു നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി മണ്ഡലത്തിലെ കോവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചകളെ കുറിച്ചും ലോക്ക് ഡൗണിന്റെ ഫലങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്ത സ്ക്രോളിന്റെ ലേഖിക സുപ്രിയ ശര്‍മയ്ക്കെതിരെയുള്ള കേസാണ് മറ്റൊന്ന്. പ്രധാനമന്ത്രി മോദിയെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സോഷ്യൽ മീഡിയയിൽ വിമര്‍ശിച്ചതിനാണ് പ്രശാന്ത് കനോജിയ എന്ന മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തതും പിന്നീട് ഒരു ട്വീറ്റിന്റെ പേരില്‍ മാസങ്ങളോളം ജാമ്യം നല്‍കാതെ ജയിലില്‍ ഇട്ടതും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിനത്തില്‍ അയോധ്യയില്‍ രാമ നവമി ആഘോഷത്തില്‍ പങ്കെടുത്ത യോഗി ആദിത്യ നാഥിനെ പരാമർശിച്ച് എഴുതിയ ലേഖനം ഷെയര്‍ ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്ത ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന് എതിരായ നിയമ നടപടിയും ഇത്തരത്തില്‍ മാധ്യമ സ്വാതന്ത്യത്തിനെതിരായ കടന്ന് കയറ്റത്തിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.